ചുവപ്പുനാടകൾ അഴിയട്ടെ
Thursday, June 23, 2022 10:04 PM IST
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസുകളിൽ ജന്മമെടുക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നു അവസരം ലഭിക്കുന്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിക്കാറുണ്ട്. ഫയലുകൾ കുന്നുകൂടുന്നതല്ലാതെ പൊതുജനങ്ങളുടെ ആവലാതികൾക്കും പരാതികൾക്കും ആശ്വാസം ലഭിക്കാറില്ല. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാത്രം തീർപ്പാക്കാൻ ഊഴം കാത്തുകിടക്കുന്നതു മൂന്നുലക്ഷം ഫയലുകളാണ്. ഫയലുകൾ കുന്നുകൂടുന്പോൾ കാലാകാലങ്ങളിൽ തീർപ്പാക്കൽ യജ്ഞങ്ങളും അരങ്ങേറാറുണ്ട്. അത്തരമൊരു ഫയൽതീർപ്പാക്കൽ യജ്ഞത്തിനു സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. മൂന്നുമാസം കൊണ്ടു കുടിശിക ഫയലുകളിൽ തീരുമാനമെടുക്കാനാണ് നിർദേശം.
മുൻകാലങ്ങളിൽ ഇത്തരം തീരുമാനം ഉണ്ടാകുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഓരോ ഫയലും ചലിക്കുന്നുവെന്നു കേൾക്കുന്പോൾ എന്തൊരു ആശ്വാസമാണ്. ഉദ്യോഗസ്ഥരുടെ പൂർണ സഹകരണമാണ് ഇതെല്ലാം വിജയിക്കാൻ ആവശ്യം. യാന്ത്രികമായി പണിയെടുത്താൽ സാധിക്കാവുന്നതല്ല കുടിശിക ഫയലുകളുടെ തീർപ്പാക്കൽ. ഏഴുവർഷംവരെ പഴക്കമുള്ള ഫയലുകൾ തീരുമാനം കാത്തുകിടപ്പുണ്ട്. ഇവയിൽ നല്ലൊരുഭാഗവും വകുപ്പു തലവന്മാർ വിചാരിച്ചാൽ എളുപ്പം തീർക്കാവുന്നവയാകും. സെക്രട്ടേറിയറ്റിലെ കുടിശിക ഫയലുകളിൽ 41 ശതമാനവും വസ്തുതർക്കവും കെട്ടിടനിർമാണ തർക്കങ്ങളുമായി ബന്ധപ്പെട്ടവയാണത്രെ. കൃത്യമായ കെട്ടിടനിർമാണ നിയമവും ചട്ടങ്ങളുമൊക്കെ ഉണ്ടായിട്ടും ഇത്രയധികം അപേക്ഷകൾ കുന്നുകൂടുന്നതിനു ന്യായീകരണമില്ല. താഴെത്തട്ടിൽ വച്ചുതന്നെ തീർപ്പുണ്ടാക്കേണ്ടവയാകും ഇവയിലധികവും. നിയമങ്ങളും ചട്ടങ്ങളും സങ്കീർണമാണെങ്കിൽ അവയൊക്കെ മാറ്റിയെഴുതുകയാണു വേണ്ടത്. ആളുകളെ ഉപദ്രവിക്കാൻ വേണ്ടി മാത്രമുള്ള നിയമങ്ങൾ റദ്ദാക്കുക തന്നെ വേണം. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ ഫയലുകൾ തീർപ്പായാൽത്തന്നെ ജനത്തിന് അതൊരു അനുഗ്രഹമായിരിക്കും.
ആവർത്തനമാകരുത്
സർക്കാർ ഓഫിസുകളിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി ആവർത്തനമാകരുത്. ഒരു ചടങ്ങുമാത്രമായി ഒതുങ്ങരുത്. ആറു വർഷം മുന്പ്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ 14-ാം നാൾ പിണറായി വിജയൻ സെക്രട്ടേറിയറ്റ് ജീവനക്കാരെ ആദ്യമായി അഭിസംബോധന ചെയ്ത്പ്പോഴും പറഞ്ഞു: “നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്; നിങ്ങൾ അതിലെഴുതുന്ന കുറിപ്പുകളാണ് ഒരുപക്ഷേ, അവരിൽ ചിലരെങ്കിലും തുടർന്നു ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കപ്പെടുന്നത്’’ -ഹൃദയഹാരിയായ ആ വാചകം ഇടതുസർക്കാറിന്റെ ഭരണനിർവഹണത്തോടുള്ള സമീപനമായിത്തന്നെ വിലയിരുത്തപ്പെട്ടു. സർക്കാറിന്റെ മുന്നിലെത്തുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രി അന്നവിടെ പ്രഖ്യാപിച്ചു. നിർഭാഗ്യവശാൽ, പ്രഖ്യാപനങ്ങളത്രയും കടലാസിലൊതുങ്ങി; യാതൊരു കുലുക്കവുമില്ലാതെ ’സർക്കാർ മുറ’യിൽത്തന്നെ ഭരണസിരാകേന്ദ്രം മുതൽ വില്ലേജ് ഓഫിസ് വരെയുള്ള സർക്കാർ കാര്യാലയങ്ങൾ മുന്നോട്ടുപോയി.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, 2019 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ സമാനമായ രീതിയിൽ ഫയൽ തീർപ്പാക്കൽ യജ്ഞം നടന്നിരുന്നു. പ്രസ്തുത പരിപാടിക്കുശേഷം മുഖ്യമന്ത്രിതന്നെ നിയമസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച്, ആ യജ്ഞം പരാജയപ്പെട്ടുവെന്നു പറയേണ്ടിവരും. 44 വകുപ്പുകളിലായി രണ്ടു ലക്ഷത്തിൽപ്പരം ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. അതിനു പുറമെ, ഓരോ മാസവും ശരാശരി കാൽലക്ഷത്തോളം പുതിയ ഫയലുകളും വരും. അതിൽ യജ്ഞകാലത്ത് തീർപ്പാക്കിയത് 91,047 ഫയലുകളാണ് 44.8 ശതമാനം. തദ്ദേശ സ്വയംഭരണ വകുപ്പിൽ കെട്ടിക്കിടന്ന കാൽലക്ഷത്തോളം ഫയലുകളിൽ അഞ്ചിലൊന്നുപോലും തീർപ്പാക്കാൻ ഈ കാലത്ത് സാധിച്ചില്ല. ഒരു വകുപ്പിനുപോലും പകുതി ലക്ഷ്യമെങ്കിലും പൂർത്തിയാക്കാനായതുമില്ല.
മനസുവച്ചാൽ ഫയൽ അനങ്ങും
മനസുവച്ചാൽ ഏതു ഫയലുറക്കവും എത്രയുംവേഗം അവസാനിപ്പിക്കാം. അതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ഒന്നുകിൽ മന്ത്രിമാർ കനിയണം അല്ലെങ്കിൽ കോടതി ഇടപെടണമെന്നു മാത്രം. ഫയലുകൾ അനങ്ങാൻ കാണേണ്ട രീതിയിൽ കാണുന്ന രീതിയും സർക്കാർ ഓഫീസുകളിലുണ്ട്. ഇതൊക്കെ അലിഖിത നിയമമായി സർക്കാർ ഓഫീസുകളിൽ നടക്കുന്ന കാര്യമാണ്. ഇതിന്റെ പേരിൽ മാത്രം എത്രയോ പാവപ്പെട്ടവർ ജീവിതം നരകിച്ചു തീർക്കുന്നു. എത്ര കൈക്കൂലി കിട്ടിയാലും മതിയാവാത്ത ഏതാനും ഉദ്യോഗസ്ഥരുടെ ആർത്തിയാണ് പലപ്പോഴും സാധാരണക്കാരുടെ ജീവിതം നശിപ്പിക്കുന്നത്.
പൊതുഖജനാവിൽനിന്നു ശന്പളം പറ്റുന്ന ജനസേവകരിൽ വലിയൊരു പങ്കും സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്നതു പൊതുജനങ്ങളുടെ അനുഭവം തന്നെയാണ്. ചെയ്യുന്ന പണിക്കു കൈക്കൂലി വാങ്ങുന്നതും സർക്കാർ കാര്യാലയങ്ങളിൽ നിത്യസംഭവമാണ്. എല്ലാവരും അങ്ങനെയാണെന്നല്ല. അവഗണിക്കാനാവാത്തവിധം വലിയൊരു വിഭാഗം ബ്യൂറോക്രസിയിലെ പുഴുക്കുത്തുകൾതന്നെയാണ്. ഒരു ഫയൽ എങ്ങനെ തീർപ്പാക്കാമെന്നല്ല; മറിച്ച്, അത് എങ്ങനെയെല്ലാം അട്ടിമറിക്കാമെന്നാണ് ഇക്കൂട്ടരുടെ ആലോചന. ഈ സമീപനമാണ് വാസ്തവത്തിൽ മാറേണ്ടത്. അപ്പോഴേ, ഫയലുകൾ ചുവപ്പുനാടയിൽനിന്നു മോചിപ്പിക്കപ്പെടൂ.
കെട്ടിവയ്ക്കപ്പെടുന്ന ഫയലുകൾ
ഹാജർ രേഖപ്പെടുത്തുന്നതിനപ്പുറം പ്രത്യേകിച്ചു ജോലിയൊന്നും ചെയ്യാതെ ദിവസം തള്ളിനീക്കുന്ന നിരവധി ജീവനക്കാർ ഓരോ വകുപ്പിലുമുണ്ട്. ഭൂമി തരം മാറ്റാനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കാതെ സംസ്ഥാനത്തെ ആർഡിഒ ഓഫിസുകളിലായി പതിനായിരക്കണക്കിന് അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. വീടുവയ്ക്കാനും ചെറിയ വ്യാപാര സ്ഥാപനങ്ങൾ നിർമിക്കാനുമുള്ള അപേക്ഷകളാണു മൂന്നും നാലും വർഷമായി തീരുമാനമാകാതെ കിടക്കുന്നവയിൽ ഭൂരിഭാഗവും.
ഭൂമി തരംമാറ്റിയില്ലെങ്കിൽ ഇവിടെ നിർമിക്കുന്ന കെട്ടിടങ്ങൾ നിയമപ്രകാരമാവില്ല. ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ പരമാവധി വേഗത്തിൽ തീർപ്പുണ്ടാക്കുമെന്നും സേവനാവകാശ നിയമത്തിന്റെ കാലപരിധിക്കുള്ളിൽ ഇത്തരം അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചതു നവംബറിലാണ്. എന്നിട്ടും, ഫയൽ തീർപ്പാക്കൽ എവിടെയെത്തിനിൽക്കുന്നു എന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്കു പരിശോധനയും ആത്മപരിശോധനയും നടത്താവുന്നതാണ്.
സർക്കാർ ഓഫീസുകളിലെ ഫയൽക്കൂന്പാരങ്ങളും ചുവപ്പുനാടക്കുരുക്കുകളും കേരളം കണ്ടുതുടങ്ങിയിട്ടു കാലമേറെയായി. ഇതിനകം സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകളിലായി പല മന്ത്രിമാരും ഫയൽനീക്കത്തിനു വേഗം കൂട്ടാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അതിൽ വലിയ കാര്യമുണ്ടായില്ലെന്നതാണു വാസ്തവം. കൈക്കൂലി വാങ്ങുകയും അഴിമതിക്കു കുടപിടിക്കുകയും ചെയ്യുന്നവരുടെ എണ്ണം വളരെക്കുറവാണെങ്കിലും അവർ ചെയ്യുന്ന അധാർമിക കാര്യങ്ങൾ സത്യസന്ധരായ സർക്കാർ ഉദ്യോഗസ്ഥരെക്കൂടി വല്ലാതെ നാണംകെടുത്തുന്നുന്നതാണ്.
കാലഹരണപ്പെട്ട ശൈലി
ഫയൽ തീർപ്പാക്കാൻ അവലംബിക്കുന്ന കാലഹരണപ്പെട്ട ശൈലിയാണ് ഓഫീസുകളിൽ ഫയൽക്കൂന്പാരങ്ങൾ സൃഷ്ടിക്കുന്നത്. സേവനാവകാശ നിയമമൊക്കെ ഉണ്ടെങ്കിലും പൊതുജനങ്ങൾ പലകുറി കയറിയിറങ്ങിയാലേ അപേക്ഷയിൽ തീരുമാനമുണ്ടാകൂ. ഡിജിറ്റൽ യുഗത്തിൽ പോലും ഇതിനോടു മുഖം തിരിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരാണ് പ്രശ്നക്കാർ. ജീവനക്കാരുടെ ഉത്സാഹക്കുറവും ഓഫീസ് മേധാവികളുടെ ശുഷ്കാന്തിയില്ലായ്മയുമാണ് പ്രധാനമായും ഫയൽക്കൂന്പാരങ്ങൾ സൃഷ്ടിക്കുന്നത്. തങ്ങളുടെ ഓഫീസിന്റെ പ്രവർത്തന മികവ് വിലയിരുത്താൻ കൃത്യമായ സംവിധാനമുണ്ടെങ്കിൽ ഒരിടത്തും ആയിരക്കണക്കിനു കുടിശിക ഫയലുകൾ ഉണ്ടാകില്ല.
കൃത്യമായ ഇടവേളകളിൽ കുടിശിക ഫയലുകൾ തീർക്കാനുള്ള അദാലത്തുകൾ സംഘടിപ്പിക്കാവുന്നതാണ്. അപേക്ഷ ഒരു തരത്തിലും അനുവദിക്കാനാവില്ലെങ്കിൽ വിവരം അപേക്ഷകനെ അറിയിച്ചാൽ അയാൾ കാത്തിരിക്കേണ്ടിവരില്ല. ഫയലുകൾ തീരുമാനമെടുക്കാതെ മനഃപൂർവം വച്ചുതാമസിപ്പിക്കുന്നവർ ധാരാളമുണ്ട്. അത്തരക്കാരെ കണ്ടുപിടിച്ച് നേർവഴിക്കു കൊണ്ടുവരേണ്ടത് വകുപ്പു മേധാവികളാണ്. നിരന്തര പരിശോധനകളും ചോദിക്കാൻ ആളുണ്ടെന്ന ബോധ്യവുമുണ്ടെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുകതന്നെ ചെയ്യും. സർവീസ് സംഘടനകളുടെ ശക്തിയെ പേടിക്കുന്നതുകൊണ്ടാണ് മേലുദ്യോഗസ്ഥർ ആരെയും അലോസരപ്പെടുത്താത്ത സമീപനം സ്വീകരിക്കുന്നത്.
പരിഹാരമാകട്ടെ
ജനജീവിതവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു പരാതികൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്പോൾ നാടു നേടുന്ന വികസനത്തിനും സൽപ്പേരിനും പിന്നെയെന്തർഥം? സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാട അഴിക്കേണ്ടത് അത്യധികം മാനുഷികത ആവശ്യമായ ജനകീയയജ്ഞം എന്ന നിലയിൽവേണം സർക്കാർ ഉദ്യോഗസ്ഥർ കാണേണ്ടത്. കേവല യജ്ഞത്തിനപ്പുറം, അത്തരമൊരു ദൗത്യത്തിന് ഉദ്യോഗസ്ഥരെ സജ്ജരാക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാകണം ഇത്തരം ഫയൽതീർപ്പാക്കൽ യജ്ഞങ്ങൾ നടപ്പിലാക്കാൻ. ഒപ്പം, ഇ-ഗവേണൻസിന്റെയും മറ്റും സാധ്യതകൾ ഉപയോഗപ്പെടുത്തി ഫയൽ തീർപ്പാക്കൽ കൂടുതൽ എളുപ്പത്തിലാക്കാൻ കഴിയുമോ എന്നും ആലോചിക്കേണ്ടതുണ്ട്.