മുന്നണികളുണ്ടായ കാലത്ത് എല്ലാം ചർച്ച ചെയ്തായിരുന്നു തീരുമാനിക്കുക. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ നാട്ടിലെ ജനകീയ പ്രക്ഷോഭങ്ങൾ- എല്ലാം മുന്നണിയിൽ മുഖം നോക്കാതെ ചർച്ച ചെയ്യും. മാറ്റങ്ങൾ വരുത്തും. സിൽവർ ലൈൻ പോലുള്ള ജനകീയസമരങ്ങളെ മുന്നണി വിവേകത്തോടെ നേരിടും. ആരെയും ചോദ്യം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സീറ്റ് ചർച്ച നടക്കും. ജയിച്ച സീറ്റ് തോൽക്കുന്നതുവരെ ഒരു കൂട്ടർക്ക് എന്ന രീതി പോലും മാറിയ വേളകളുണ്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഒരു യജമാനനും കുറെ അടിയാന്മാരുമായി. യജമാനൻ എല്ലാം നിശ്ചയിക്കും. അടിയാന്മാർ 'ഓമ്പ്രാ' പറയും. പല കക്ഷികൾക്കും പേരല്ലാതെ കാര്യമായി ജനപിന്തുണ ഇല്ലതായി. പലപ്പോഴും ചെറിയ കക്ഷികളെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി ഇല്ലാതാക്കാൻ യജമാനന്മാർ നോക്കി. ആ ദുരന്തത്തിൽപ്പെടാതിരുന്നത് ലീഗും സിപിഐയും മാത്രം. ഇരുമുന്നണിയിലും ഏറെ വ്യത്യാസമല്ല കാര്യങ്ങൾ.
ഇടതുമുന്നണിഇടത്ത് സിപിഎം കാര്യങ്ങൾ തിരുമാനിക്കുന്നു. മത്സരിക്കാനുള്ള സീറ്റുകൾ മാത്രമല്ല, മന്ത്രിസഭയിലെ വകുപ്പുകൾ പോലും യജമനാനനാണ് നിശ്ചയിക്കുന്നത്. ഘടകകക്ഷികളുടെ വകുപ്പുകളിൽ പോലും യജമാൻ ഇടപെടും. ഘടകകക്ഷികളുടെ ഓഫീസുകളിൽ കാര്യങ്ങൾ നടത്തുന്നത് എകെജി സെന്ററിലെ നോമിനികളായി. സ്വന്തം പാർട്ടി വഴി നടത്താനാകാത്ത കാര്യങ്ങൾ ഘടകകക്ഷികളുടെ ചെലവിൽ നടത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന് ഒരു കുഴപ്പവും ഇല്ലെന്നതടക്കം മുഖ്യമന്ത്രി എന്തും പറയുന്ന സ്ഥിതി. നാട്ടിൽ നടക്കുന്ന എല്ലാ അഴിമതിയിലും സഖാക്കൾ, അതും വലിയ നേതാക്കളുടെ മക്കൾ പങ്കുകാരാണ് എന്ന ചിന്ത പടരുന്നു.
ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുകയിൽ കൊല്ലുന്ന ബ്രഹ്മപുരം ദുരന്തത്തിൽ പോലും ഇത്തരം ദുർഗന്ധം കൂടിക്കലരുന്നു. കൊച്ചിയിൽ മാത്രമല്ല കോഴിക്കോട്ടും ഈ ഏജൻസിക്കാണ് കരാർ. അവിടെ ഇതുവരെ തീ ഉണ്ടായില്ല. അതുകൊണ്ട് ആരും കഥകൾ അറിഞ്ഞില്ല. വേറെ ഏതെല്ലാം നഗരസഭകളിൽ ഇവർക്ക് കോണ്‍ട്രാക്ട് ഉണ്ടാവുമോ ആവോ?
ജനാധിപത്യമുന്നണിജനാധിപത്യമുന്നണിയിൽ വളരെക്കാലമായി കോണ്‍ഗ്രസാണ് എല്ലാം തീരുമാനിക്കുന്നത്. അവിടെ വഴക്കോടു വഴക്കാണ്. മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചുവച്ചിരിക്കുന്നവർ പലരുണ്ട്. അവർ പരസ്പരം വെട്ടുന്നു. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവർ തോറ്റതിനു കാരണം മുഖ്യമന്ത്രി ആകാനുള്ള പലരുടെയും കൊതിയാണ്. അതുകൊണ്ട് ഇനി കുറേക്കാലത്തേക്ക് കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനം കിട്ടാത്ത ജനാധിപത്യ മുന്നണി വരണം. ഘടകകക്ഷിക്കും അതിന് അർഹത വരണം.
പ്രധാനമന്ത്രിപദം വേണമെന്നു പറഞ്ഞ് കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തെ തകർക്കില്ലെന്ന ഖാർഗെയുടെ നിലപാടാണ് കേരളത്തിലും വേണ്ടത്. അല്ലെങ്കിൽ ഇത്രയും ജനവിരുദ്ധ വികാരം ഉണ്ടെങ്കിലും സിപിഎം പലതും കളിക്കും. പിണറായിയെ മാറ്റാം. ഇപ്പോഴത്തെ കഥാപാത്രങ്ങളെ എല്ലാം മാറ്റാം, അങ്ങനെ പലതും.
സിപിഐ എന്തു നേടി?1979ൽ സിപിഐ കോണ്‍ഗ്രസ് മുന്നണി വിട്ടതും കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം വരെ വിട്ടതും സർക്കാർ മുന്നോട്ടുകൊണ്ടുപോകാൻ ആവാതിരുന്നതുകൊണ്ടാണെങ്കിലും പറയുന്ന കാരണം ഇടതു പാർട്ടികളുടെ ലയനമായിരുന്നു. 2023 ആയിട്ടും അതു നടന്നിട്ടില്ല. ചുരുക്കത്തില്‍, ഇടതു സംഖ്യത്തിനായി നഷ്ടം സഹിക്കുന്നനത് സിപിഐയാണ്. കേരളത്തിൽ നാലു മന്ത്രിമാരുണ്ടെങ്കിലും ദേശീയതലത്തിൽ ഈ കൂട്ടുകൊണ്ട് സിപിഐക്ക് പ്രയോജനമില്ലെന്നതും യാഥാര്‍ഥ്യം.