വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമാണ് ശരീരം. ശരീരം ഇല്ലാതായാൽ ഒരാളുടെ വ്യക്തിത്വം ഇല്ലാതാകും. വ്യക്തി അപ്രത്യക്ഷമാകും. ശരീരത്തിലുണ്ടാകുന്ന രോഗങ്ങളും കുറവുകളും പരിഹരിച്ചും ചികിത്സിച്ചുമാണ് വ്യക്തിയുടെ ശാരീരിക ആരോഗ്യം നിലനിർത്തുന്നത്. അതേസമയം മനസ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. സാഹചര്യമനുസരിച്ച് മനസ് വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടും. മനുഷ്യനിലെ ശരീരവും മനസും ആത്മാവും തമ്മിലുള്ള ഐക്യവും ബന്ധവും മനുഷ്യന്റെ സമഗ്രമായ ക്ഷേമത്തിനാവശ്യമാണ്. ഈ ഘടകങ്ങളെല്ലാം തമ്മിലുള്ള ഒരു സമന്വയമാണ് മനുഷ്യനെന്ന സത്യം.
ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ, ശരീരത്തെ ദൈവത്തിന്റെ ഒരു ദാനമായി സ്വീകരിച്ചാൽ മാത്രമേ ലോകത്തെയും സഹജീവികളെയും അതേ രീതിയിൽ സ്വീകരിക്കാൻ സാധിക്കൂ. എന്നാൽ പുതിയ വാദമനുസരിച്ച് ഒരാൾക്ക് ശരീരത്തിൽ പുരുഷനും മനസിൽ സ്ത്രീയുമായി തോന്നിയാൽ മനസിനെ മാറ്റാൻ പറ്റാത്തതിനാൽ ശരീരത്തെ മാറ്റാനും മനസിനനുസരിച്ചുള്ള വ്യക്തിയാകാനും സാധിക്കുന്നതാണ്. മനസ് പക്വത പ്രാപിക്കുന്നതിനു മുന്പുതന്നെ ശരീരമുണ്ട്. ഒരു മനുഷ്യന്റെ തുടക്കം മുതൽത്തന്നെ ഉറപ്പായും ഉണ്ടെന്നു പറയാവുന്ന സംഗതിയാണ് ശരീരം. ആദിമുതലേ ഉണ്ടായിരുന്ന ശരീരം തന്റേതല്ല എന്നും അതു നശിപ്പിച്ചാലേ തന്റെ യഥാർഥ വ്യക്തിത്വം വീണ്ടെടുക്കാൻ പറ്റൂ എന്നും പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? യഥാർഥ ശരീരത്തെ നശിപ്പിച്ചിട്ട് മനസിനനുസരിച്ചുള്ള ശരീരത്തിലൂടെ എല്ലാം ശരിയാക്കാം എന്നത് മിഥ്യാധാരണയാണ്.
ജെൻഡർ അഥവാ ലിംഗപദവിഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ടു മുതൽ അടുത്തകാലംവരെയും സെക്സും ജെൻഡറും പലപ്പോഴും മനുഷ്യൻ ആണോ പെണ്ണോ എന്നതിനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ സെക്സ് എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തെ സൂചിപ്പിക്കുന്ന പദമാവുകയും ജെൻഡറിന് പുതിയൊരു അർഥം കൈവരുകയും ചെയ്തു. സമൂഹത്തിലും സംസ്കാരത്തിലും പുരുഷനായും സ്ത്രീയായും ഒരാളുടെ പെരുമാറ്റത്തെയും ചെയ്യേണ്ട കടമകളെയും സൂചിപ്പിക്കാൻ ജെൻഡർ ഉപയോഗിച്ചു തുടങ്ങി. സമൂഹത്തിൽ ആണും പെണ്ണും ചെയ്യേണ്ട ജോലികൾ, ധരിക്കേണ്ട വസ്ത്രങ്ങൾ ഇതെല്ലാം സൂചിപ്പിക്കാൻ ജെൻഡർ (Gender role, gender specific clothing) എന്ന വാക്കുപയോഗിച്ചു. അടുത്ത നാളുകളിലാണ് ജെൻഡറിന് പുതിയൊരു അർഥം കൈവന്നത്. ഒരാൾക്ക് തന്റെ പുരുഷത്വത്തെക്കുറിച്ചോ സ്ത്രീത്വത്തെക്കുറിച്ചോ തന്റെ ശാരീരിക ലിംഗത്തിനപ്പുറം മനസിൽ തോന്നുന്ന അവബോധത്തെയും അതിന്റെ പ്രകടനത്തെയും സൂചിപ്പിക്കാനും ഇപ്പോൾ ജെൻഡർ എന്ന പദം ഉപയോഗിച്ചുതുടങ്ങി.
പുതിയ നിർവചനമനുസരിച്ച് ശാരീരികമായുള്ള ഒരാളുടെ ലിംഗത്തെ സെക്സ് എന്നും അതിനെപ്പറ്റിയുള്ള അവബോധത്തെ അല്ലെങ്കിൽ മനസിൽ തോന്നുന്നതിനെ ജെൻഡർ എന്നും വ്യാഖ്യാനിക്കുന്നു. അങ്ങനെയെങ്കിൽ ശാരീരികമായി സ്ത്രീ ആയിരിക്കുന്ന ഒരാൾക്ക് തന്റെ ശാരീരിക ലിംഗത്തെ മനസിൽ അംഗീകരിക്കാൻ പറ്റാതെ എതിർലിംഗത്തിൽപ്പെട്ട ആളായി അല്ലെങ്കിൽ പുരുഷനായി തോന്നുന്നതാണ് അയാളുടെ ജെൻഡർ. അതുപോലെ ശാരീരികമായി പുരുഷ ലൈംഗിക അവയവങ്ങളുള്ള വ്യക്തിക്ക് മനസിൽ താൻ സ്ത്രീയായി തോന്നാം. ഇങ്ങനെ തോന്നുന്ന വ്യക്തികളെയാണ് പൊതുവെ ട്രാൻസ്ജെൻഡർ എന്നു വിളിക്കുന്നത്. ഈ അർഥത്തിൽ ജെൻഡർ ശരീരവുമായി ബന്ധമില്ലാതെ ഒരാളുടെ വ്യക്തിപരമായ അവബോധം, തോന്നൽ, വികാരം എന്നിവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ജെൻഡറിന്റെ മറ്റൊരു നിർവചനത്തിൽ പറയുന്നത്, സെക്സ് എന്നാൽ ഒരാളുടെ ശാരീരിക ലൈംഗികാവയവങ്ങളുടെ പ്രത്യേകതയനുസരിച്ച് ജന്മംകൊണ്ട് പുരുഷനോ സ്ത്രീയോ എന്നു നിർണയിക്കുന്നതും ജെൻഡർ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലും സ്വാധീനത്തിലും ഒരാളുടെ പെരുമാറ്റത്തിലൂടെയും പ്രകടനത്തിലൂടെയും അയാൾ സ്വയം വെളിപ്പെടുത്തുന്നതുമാണ് എന്നാണ്. ഇവിടെ പുരുഷന് സ്ത്രീയായും സ്ത്രീക്ക് പുരുഷനായും ശരീരത്തിൽനിന്ന് വ്യത്യസ്തമായി സ്വയം പ്രകടിപ്പിക്കാം. അങ്ങനെ ശരീരം എന്ന ഒരു യാഥാർഥ്യത്തെ വിസ്മരിച്ച് തോന്നലുകളുടെയും ആഭിമുഖ്യത്തിന്റെയും അടിസ്ഥാനത്തിൽ ധാരാളം ജെൻഡറുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, Gender queer, multi gendered, agender, bigender, trigender, demigender, demifluid, demiflux, pangender etc. ഇത്തരം 72ലധികം ജെൻഡറുകൾ പേരുകൊണ്ട് നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ധാരാളം ജെൻഡറുകളുണ്ട് എന്ന ആശയത്തെ പ്രകടിപ്പിക്കാനാണ് ജെൻഡർ സ്പെക്ട്രം എന്ന വാക്കുപയോഗിക്കുന്നത്.
അതേസമയം ധാരാളം എതിർപ്പുകളും ഇത്തരം വ്യാഖ്യാനങ്ങളിലെ പൊള്ളത്തരങ്ങളും വിശദമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു കാര്യം സത്യമാണ്. ധാരാളം ആളുകൾ ശരീരവും മനസും തമ്മിലുള്ള അന്തരം മൂലം വ്യക്തിത്വം നഷ്ടപ്പെട്ടവരായി പ്രതിസന്ധി നേരിടുന്നുണ്ട്. അത്തരം ആളുകളെ സഹായിക്കാൻ തീർച്ചയായും വൈദ്യശാസ്ത്രവും പ്രത്യേകിച്ച് മനഃശാസ്ത്രവുമെല്ലാം വളരെയധികം മുന്നേറിയിട്ടുണ്ട്, ഇനിയും മുന്നേറേണ്ടതുണ്ട്.
(തുടരും)