2017ൽ ഭരണത്തിലേറിയ ബിരേൻ സിംഗ് എന്ന മുഖ്യമന്ത്രി ‘മലമുകളിലേക്ക് മന്ത്രിസഭ’ എന്ന മുദ്രാവാക്യം മുഴക്കി ഗിരിനിരവാസികളെ കൈയിലെടുത്തിരുന്നു. പക്ഷേ 2022ൽ നല്ല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിരേൻ സിംഗ് ആളാകെ മാറി. ക്രൈസ്തവരായ കുക്കികളെ മയക്കുമരുന്നു കൃഷിക്കാരെന്നും വ്യാപാരികളുമെന്നുമൊക്കെ അടച്ചാക്ഷേപിക്കാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. 2022 ക്രിസ്മസിനു ക്ഷണിക്കാൻ ചെന്ന കാത്തലിക് ആർച്ച്ബിഷപ് ഡൊമിനിക് ലുമോണിനെയും സംഘത്തെയും, നിങ്ങൾ മയക്കുമരുന്ന് കൃഷിക്കാരാണെന്നും കുടിയേറ്റക്കാരാണെന്നും ആക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് യാതൊരു വിഷമവുമുണ്ടായിരുന്നില്ല. നാഗാ വിഭാഗക്കാരനായ ആർച്ച്ബിഷപ് അത് ശരിയല്ലെന്നു പറയാൻ മുതിർന്നെങ്കിലും അത് ശ്രവിക്കാനുള്ള അവധാനത മുഖ്യമന്ത്രി കാണിച്ചില്ല. മാത്രവുമല്ല റിസർവ് ഫോറസ്റ്റ്, സംരക്ഷിത വനം തുടങ്ങിയ പുതിയ പേരുകളിട്ട് ഹിൽ കൗൺസിലിന്റെ അനുമതി കൂടാതെ മലനിരകൾ സർവേ ചെയ്യാൻ മുഖ്യമന്ത്രി മുതിരുകയും അവിടെയുണ്ടായിരുന്ന ജനങ്ങളെ വിശിഷ്യ കുക്കികളെ കുടിയൊഴിപ്പിക്കുകയും ചെയ്ത് കലാപത്തിനുള്ള വഴിമരുന്നിട്ടു.
മെയ്തേയ്കൾബംഗാളിൽനിന്നെത്തിയ വൈഷ്ണവ ഗൗഡിയ മിഷണറിമാർ സമതലനിവാസികളായ മെയ്തേയ്കളെ ഹിന്ദുമതവിശ്വാസികളാക്കി മാറ്റി. രാജാവിനെ വൈഷ്ണവ വിശ്വാസിയാക്കി; അദ്ദേഹംവഴി ഇംഫാൽ താഴ്വരയിലുള്ള മെയ്തേയ് വർഗത്തെ മുഴുവൻ വൈഷ്ണവരാക്കി. അതിനു മുന്പ് സോനാമഹി എന്ന സൂര്യചന്ദ്ര ആരാധകരായിരുന്ന ഇവരെ വൈഷ്ണവരാക്കിയതിൽ ഇപ്പോഴും ഒരുവിഭാഗം ഖിന്നരാണ്. തങ്ങളുടെ പഴയ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കണമെന്നും സോനാമഹി ആരാധനക്രമത്തിലേക്കും വിശ്വാസത്തിലേക്കും പിന്തിരിയണമെന്നും ഒരു കൂട്ടർ ശക്തമായി വാദിക്കുന്നു. കാങ്ങല രാജാവിന്റെ പിൻഗാമികളായ ‘അറാംബോയി’ എന്നറിയപ്പെടുന്നവർ തങ്ങളുടെ പൂർവിക പാരന്പര്യത്തെ മണിപ്പുരിലാകെ പടർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ലീപുൺ എന്ന മെയ്തേയ് ഗ്രൂപ്പാവട്ടെ തികച്ചും യാഥാസ്ഥിതികരല്ല. എല്ലാം പഴയ സോനാമഹി സന്പ്രദായത്തിലേക്കു പോവേണ്ട എന്ന അഭിപ്രായക്കാരാണ്. മണിപ്പുരിന് രണ്ട് എംപിമാരാണുള്ളത്. പഴയ കാങ്ങല രാജാവ് ഇംഫാലിൽനിന്നുള്ള എംപിയും യാഥാസ്ഥിതികനായ അറാംബോയി ഗ്രൂപ്പിന്റെ നേതാവുമാണ്.
മറ്റൊരു ഭാഗിക മെയ്തേയ് ഗ്രൂപ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച്, സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുക എന്ന ആശയക്കാരാണ്. 2022ൽ രണ്ടാം പ്രാവശ്യം മുഖ്യമന്ത്രിയായ ബിരേൻ ഈ മെയ്തേയ് സ്വത്വാന്വേഷണവും അധിനിവേശ പദ്ധതിയും നടപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കു നീങ്ങിയതാണ് ഇപ്പോഴത്തെ അസ്വസ്ഥതകൾക്കു പ്രധാന കാരണം. മലനിരകളിൽ വസിക്കുന്ന കുക്കികളെ തെരഞ്ഞെടുത്ത് അവരുടെ സ്ഥലം കൈയേറുക, വനങ്ങളിൽനിന്ന് അവരെ ഇറക്കിവിടുക, അവരെ മയക്കുമരുന്നു കൃഷിക്കാരും വ്യാപാരികളുമാക്കി തേജോവധം ചെയ്യുക, കുക്കി മിലിട്ടൻസുമായുള്ള സന്ധിസംഭാഷണം അവസാനിപ്പിക്കുക തുടങ്ങിയ നടപടികളിലേക്കു ശക്തമായി നീങ്ങിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. മെയ്തേയ്കൾക്ക് എസ്ടി അവകാശം നൽകുകയെന്ന നിർദേശം വരികയും കലാപത്തീ മണിപ്പുരിലാകെ പടരുകയുമായിരുന്നു.
പരിഹാരം അധികാര മാറ്റംഅധികാരം ഇപ്പോഴും ബിരേന്റെ കൈയിലാണ്. ലീപുൺ നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിൽ തന്പടിക്കുകയും ഉപദേശകനായി സ്ഥാനമേറ്റ കുൽദീപ് സിംഗിനൊപ്പം പ്രവർത്തിക്കുകയും ചെയ്ത് നിഷ്പക്ഷമായ പോലീസ് നടപടിക്രമത്തിന് ഭംഗംവരുത്തുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മണിപ്പുരിലെ ചില മുൻ മന്ത്രിമാരും കുക്കി നേതാക്കളും, മണിപ്പുർ ശാന്തതയിലേക്കു പിൻവാങ്ങണമെങ്കിൽ മുഖ്യമന്ത്രിയായ ബിരേൻ സിംഗ് മാറിയേ തീരൂ എന്ന അഭിപ്രായക്കാരാണ്. മാത്രവുമല്ല കേന്ദ്രത്തിലെ ഒരു നേതാവിന്റെ ശക്തമായ പിന്തുണകൂടി ബിരേനുണ്ടെന്നത് ഇംഫാലിൽ അങ്ങാടിപ്പാട്ടാണ്. കുക്കികൾ കൈയേറ്റക്കാരും മയക്കുമരുന്ന് കൃഷിക്കാരും വ്യാപാരികളുമാണെന്നും അവർക്കെതിരേ നടപടിയെടുത്തതുകൊണ്ടാണ് കുക്കികൾ ബിരേനെതിരേ തിരിഞ്ഞതെന്നുമുള്ള പ്രചാരണങ്ങൾങ്ങൾ പടർത്തിവിടുന്നുണ്ട് തത്പരകക്ഷികൾ. ഈ കുക്കികളുടെ പിന്നിൽ ക്രൈസ്തവസഭയുണ്ടെന്നും അതിനാൽ അവരെ തകർക്കണമെന്നുമുള്ള അഭിപ്രായമാണ് ക്രൈസ്തവസഭയുടെ പള്ളികളും സ്കൂളുകളും സ്ഥാപനങ്ങളും നശിപ്പിക്കുന്നതിലേക്ക് എത്തിയത്.
സ്വത്വമന്വേഷിക്കുന്ന മെയ്തേയ്കളും അവർക്ക് പിന്തുണ നൽകുന്ന നേതാക്കളും മണിപ്പുരിനെ മാത്രമല്ല, നോർത്ത് - ഈസ്റ്റ് മേഖലയിലാകെ അസമാധാനത്തിന്റെയും അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും വിളനിലമാക്കുകയാണ്. ഇതിന് ഒരുപക്ഷേ അതിർത്തികൾ കടന്നുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഒരുപക്ഷേ അത് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്തതുമാവും.