ഇപ്പോൾ നാം കാണുന്ന അപകടകരമായ ഒരു കാഴ്ച സ്വന്തം വീടിന്റെ പരിസരം ടൈൽ വിരിച്ച് വൃത്തിയായി സൂക്ഷിച്ചതിനുശേഷം വീട്ടിലെ മാലിന്യങ്ങൾ സഞ്ചിയിൽ കെട്ടി റോഡിന്റെ സൈഡിലേക്ക് വലിച്ചെറിയുന്നതാണ്. പ്ലാസ്റ്റിക് പോലെയുളള മാലിന്യങ്ങൾ വീടിന്റെ പരിസരത്ത് കത്തിക്കുന്നവരും കുറവല്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യസംസ്കരണ രീതികളിൽ സമഗ്രമായ പുരോഗതി ഉണ്ടാകണം.
ഖരമാലിന്യങ്ങളെല്ലാംതന്നെ പണമായി മാറ്റാൻ സാധിക്കുന്നതാണ്. അജൈവ മാലിന്യങ്ങളുടെ സിംഹഭാഗവും വരുന്ന പ്ലാസ്റ്റിക് പുനഃചക്രമണം നടത്തി വിൽക്കാനും കഴിയും. അതിലൂടെ വരുമാനമുണ്ടാക്കുന്ന മുനിസിപ്പാലിറ്റികളും നമ്മുടെ നാട്ടിലുണ്ട്. വിസ്തൃതമായ സ്ഥലത്ത് ഖരമാലിന്യങ്ങൾ ഡന്പ് ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. ഖരമാലിന്യസംസ്കരണം ഫലപ്രദമാക്കുന്നതിനുവേണ്ടി താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്.
1. കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുക. അതിനാവശ്യമായ ഭരണപരവും സാങ്കേതികവുമായ പിന്തുണ ഉറപ്പാക്കണം.
2. നിലവിലുളള മാലിന്യമലകളെ ബയോമൈനിംഗ് നടത്തി ഉപയുക്തമായ സ്ഥലമായി രൂപപ്പെടുത്തുക.
3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യങ്ങൾ ആധുനിക രീതിയിൽ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുക.
4. പുനഃചംക്രമണത്തിന് വിധേയമാകാത്ത മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രാദേശിക ഡംബിഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക.
6. ഖരമാലിന്യ വിഷയത്തിൽ ആവശ്യമായ നിയമനിർമാണങ്ങൾ കാലാകാലങ്ങളിൽ നടപ്പിലാക്കുക.
7. സ്ഥല ലഭ്യത കുറവുളള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനുളള സൗകര്യങ്ങൾ ഏർപ്പെടുത്തുക.
8. അപകടകരമായ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
9. ഗാർഹികതലത്തിൽ ഖരമാലിന്യസംസ്കരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ അത്യന്താപേക്ഷിതമാണ്. വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഖരമാലിന്യസംസ്കരണം ഫലപ്രദമാക്കുക.
10. ഖരമാലിന്യങ്ങളുടെ ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ ഫലപ്രദമാക്കുക.
ദ്രവ മാലിന്യംഖരമാലിന്യസംസ്കരണം പോലയോ അതിൽ കൂടുതലോ സങ്കീർണമാണ് ദ്രവ മാലിന്യപ്രശ്നം. ഓരോ ദിവസവും ഒരാൾ 100 ലിറ്ററോളം മലിനജലം ഉത്പാദിപ്പിക്കുന്നു. ഇങ്ങനെയുത്പാദിപ്പിക്കപ്പെടുന്ന മലിനജലം, ഗാർഹിക, സ്ഥാപന, നഗരതലത്തിൽ യഥാരീതിയിൽ സംസ്കരിക്കാത്തതിന്റെ പ്രശ്നങ്ങൾ ഇന്ന് വ്യാപകമാണ്. ചിലയാളുകൾ വീടും പരിസരവും ടൈലിട്ട് ഭംഗിയായി സംരക്ഷിച്ചതിനുശേഷം തങ്ങളുടെ വീടുകളിലെ മലിനജലം സമീപത്തുളള കാനയിലേക്ക് ഒഴുക്കിവിടുന്നു. ആ മലിനജലം താഴ്ന്ന പ്രതലത്തിലേക്കൊഴുകി അവിടെയുളള ജലസ്രോതസുകളെ മലിനപ്പെടുത്തുന്നു. വെളളം കിട്ടാതെ വരുന്ന കിണറുകളെ പലരും മാലിന്യമിടുന്നതിന് ഉപയോഗിക്കുന്നു. അതിലൂടെ ഭൂഗർഭജലം മലിനമാകാൻ കാരണമാകുന്നു. നമ്മുടെ പട്ടണങ്ങളിലെ ധാരാളം കിണറുകൾ ഇപ്പോൾത്തന്നെ മലിനമായിട്ടുണ്ട്.
കേന്ദ്രീകൃത മലിനജല സംസ്കരണം ദുഷ്കരമാണ്. വീടുകൾ, സ്ഥാപനങ്ങൾ, ഹൗസിംഗ് സൊസെെറ്റികൾ തുടങ്ങിയവർ അവരുടേതായ മലിനജലംസംസ്കരണ സംവിധാനങ്ങളൊരുക്കി ശുദ്ധീകരണം കൂടുതൽ ഫലപ്രദമാക്കണം. അതുപോലെ പട്ടണത്തെയാണെങ്കിലും പല മേഖലകളായി വേർതിരിച്ച് ഓരോ മേഖലയ്ക്കും ഉതകുന്ന മലിനജലസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തി സംസ്കരിച്ച മലിനജലം വീണ്ടും ഉപയോഗിക്കണം. വീടിനോടനുബന്ധിച്ച് കുടിവെളളസ്രോതസ്, മലമൂത്ര വിസർജന സൗകര്യം, മലിനജല നിർമാർജന സംവിധാനം, ഖരമാലിന്യ നിർമാർജന സംവിധാനങ്ങൾ തുടങ്ങിയവ ഫലപ്രദമായി ഉണ്ടാകണം. മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്രകൃതിയിലുളള സംവിധാനങ്ങളായ ബാക്ടീരിയ, മണ്ണിര എന്നിവയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം.
(തൃശൂർ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)