ഇങ്ങനെയൊക്കെയാണെങ്കിലും കുടിയേറ്റം ഒരു അഖിലലോക പ്രതിഭാസം തന്നെ. അതിൽനിന്നുണ്ടാകുന്ന ഗുണങ്ങൾ, ദോഷങ്ങളേക്കാൾ വളരെയേറെ ഉയർന്നതുമാണ്. ഈ കൊച്ചു കേരളത്തിലാണെങ്കിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കാനുള്ള സൗകര്യം ചെറുപ്പക്കാരടക്കമുളള എല്ലാവർക്കും തീർത്തും പരിമിതമാണ്. വിശാലലോകത്തിൽ അതിനുളള സാധ്യത അനന്തമാണ്. പുതുതായി കുടിയേറുന്ന വിദ്യാർഥികളും ഈ പാരന്പര്യം നിലനിർത്തുമെന്ന് പ്രത്യാശിക്കാം.
കുടിയേറ്റം തകൃതി; കാരണങ്ങൾ പലത്വളരെയേറെ വിദ്യാഭ്യാസ സൗകര്യങ്ങളുളള കേരളത്തിൽനിന്ന് തികച്ചും അപരിചിത രാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ന്യായമായമാണ്. എണ്ണത്തിൽ സമൃദ്ധമെങ്കിലും ഗുണത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല അത്ര ശ്രേയസ്കരമല്ല. കേരളത്തിൽനിന്ന് അന്യരാജ്യങ്ങളിലേക്കു മാത്രമല്ല ഇതര സംസ്ഥാനങ്ങളിലേക്കും ധാരാളം കുട്ടികൾ പഠനാർഥം കുടിയേറുന്നുണ്ട്.
ഏകദേശം 20,000 കുട്ടികളാണ് ഓരോ വർഷവും ഇതരസംസ്ഥനങ്ങളിലേക്ക് കുടിയേറുന്നത്. ഇത്തരുണത്തിൽ എന്തുകൊണ്ടു വിദ്യാഭ്യാസ നിലവാരം താഴ്ന്നിരിക്കുന്നുവെന്ന ചോദ്യം വളരെ പ്രസക്തമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം കടന്നുകയറിയിരിക്കുന്ന ഒന്നാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല. രാഷ്ട്രീയപ്രവർത്തനങ്ങൾ വിദ്യാഭ്യാസ നിലവാരത്തെ ഹനിക്കുമെന്നു മാത്രമല്ല, വിദ്യാർഥികളുടെ ഭാവിയെപ്പോലും അവതാളത്തിലാക്കുമെന്ന കാര്യം സംശയാതീതമാണ്.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്നത് കേരളത്തിലെ ഭരണാധികാരികൾ ഉരുവിടുന്ന ഒരു പല്ലവിയാണ്. എന്നാൽ വിദ്യാഭ്യാസ ഹബ്ബാക്കുന്നതിനു പകരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഒരു രാഷ്ട്രീയ ഹബ്ബായി രൂപാന്തരപ്പെടുത്തിയിരിക്കുകയാണെന്നതാണ് യാഥാർഥ്യം. ഇങ്ങനെ അലങ്കോലപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസമേഖലയിൽനിന്നു മോചനം കിട്ടുന്നതിനുംകൂടിയാണ് വിദ്യാർഥികൾ അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. കുടിയേറുന്നതിന്റെ കാരണങ്ങളെപ്പറ്റി നടത്തിയ ഒരു സർവേയനുസരിച്ച് 29 ശതമാനം വിദ്യാർഥികളും വിദേശരാജ്യങ്ങളിലെ ഉയർന്ന വിദ്യാഭ്യാസ നിലവാരമാണ് അവരെ അങ്ങോട്ടാകർഷിക്കുന്നത് എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സാന്പത്തികനില മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഏവരും കുടിയേറ്റം നടത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാനും പഠനശേഷം സ്ഥിരം ജോലി ലഭിക്കാനും സാധ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കുടിയേറ്റം നടക്കുന്നത്. കേരളത്തിലാണെങ്കിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യത വിരളവുമാണ്.
ഇന്ന് കേരളത്തിൽ 29 ലക്ഷത്തോളം തൊഴിൽരഹിതരാണുള്ളത്. കൂടാതെ, ഒരു ലക്ഷത്തോളം ബിരുദധാരികളാണ് ഓരോ വർഷവും തൊഴിലിന് അർഹരായി പഠനം പൂർത്തിയാക്കുന്നത്. ഇവർക്കൊക്കെ തൊഴിൽ നൽകാൻ ഉതകുന്ന തൊഴിലവസരങ്ങൾ കേരളത്തിൽ വളർന്നിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ അന്യരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ലഭിക്കുകയെന്നത് ഒരു സുവർണാവസരമായിട്ടാണു വിദ്യാർഥികൾ കാണുന്നത്. ഒരു സർവേയനുസരിച്ച് കുടിയേറുന്നവരിൽ 33.71 ശതമാനം പേരും തൊഴിലിനുവേണ്ടിയാണ് കുടിയേറുന്നത്.