ക്രൂരത ഒരു ല​ഹ​രി!
Friday, May 19, 2023 10:18 PM IST
മയക്കുമരുന്ന് മരണം അരികിലുണ്ട് - 4 / ജോൺസൺ പൂവന്തുരുത്ത്

2021 ഡി​സം​ബ​ർ 11ന് ​ആ രം​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക​ണ്ട കേ​ര​ളം വി​റ​ങ്ങ​ലി​ച്ചു​നി​ന്നു. സ​മീ​പ​കാ​ല ച​രി​ത്ര​ങ്ങ​ളി​ലൊ​ന്നും പ​റ​ഞ്ഞു​പോ​ലും കേ​ട്ടി​ട്ടി​ല്ലാ​ത്ത ക്രൂ​ര​ത​യും ഭീ​ക​ര​ത​യു​മാ​യി​രു​ന്നു അ​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ലൂ​രി​ലാ​യി​രു​ന്നു ആ ​ന​ടുക്കു​ന്ന രം​ഗം.

ആ​ർ​ത്ത​ട്ട​ഹ​സി​ച്ച് ഒ​രു സം​ഘം യു​വാ​ക്ക​ൾ ബൈ​ക്കു​ക​ളി​ൽ പാ​ഞ്ഞു​വ​രു​ന്ന​തു ക​ണ്ടാ​ണ് പ​ല​രും വ​ഴി​യി​ലേ​ക്കു ക​ണ്ണു​പാ​യി​ച്ച​ത്. കൈ​യി​ൽ​ പി​ടി​ച്ചി​രി​ക്കു​ന്ന എ​ന്തോ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് ആ​ർ​ത്തു​വി​ളി​ച്ചാ​ണ് വ​ര​വ്. എ​ന്നാ​ൽ, അ​തെ​ന്താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം നോ​ക്കി​യ​വ​ർ​ക്ക് പി​ന്നെ ഒ​രി​ക്ക​ൽ​ക്കൂ​ടി നോ​ക്കാ​ൻ ശ​ക്തി ല​ഭി​ച്ചി​ല്ല. അ​ത്ര​യ്ക്കു ഭീ​തി​ജ​ന​ക​മാ​യി​രു​ന്നു ആ ​കാ​ഴ്ച.

ഒ​രു മ​നു​ഷ്യ​ന്‍റെ വെ​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട, ചോ​ര​യൊ​ലി​ക്കു​ന്ന കാ​ൽ ആ​യി​രു​ന്നു ആ ​യു​വാ​ക്ക​ളു​ടെ കൈ​യി​ൽ. കൊ​ല​വി​ളി ന​ട​ത്തി മു​ന്നോ​ട്ടു​പോ​യ സം​ഘം ആ ​കാ​ൽ വ​ഴി​യി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് പാ​ഞ്ഞു​പോ​യി. വൈ​കാ​തെ ആ ​വാ​ർ​ത്ത​യും പി​ന്നാ​ലെ എ​ത്തി. പോ​ത്ത​ൻ​കോ​ട് ചെ​ന്പ​ക​മം​ഗ​ലം ഉൗ​രു​കോ​ണം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സു​ധീ​ഷ് (32) എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഭീ​തി​ജ​ന​ക​മാ​യ​വി​ധം കൊ​ല്ല​പ്പെ​ട്ട​ത്. നിരവധി കേസുകളിൽ പ്രതിയായ സു​ധീ​ഷ് താ​മ​സി​ച്ചി​രു​ന്ന ക​ല്ലൂ​ർ പാ​ണം​വി​ള സ്വ​ദേ​ശി സ​ജീ​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു അ​രു​ംകൊ​ല അ​ര​ങ്ങേ​റി​യ​ത്.

പ​ട്ടാ​പ്പ​ക​ൽ

രാ​ത്രി​യു​ടെ മ​റ​വി​ലോ ആ​രും​കാ​ണാ​തെ ഒ​ളി​ച്ചോ ഒ​ന്നു​മ​ല്ല കൊ​ല​യാ​ളി​സം​ഘ​മെ​ത്തി​യ​ത്. പ​ട്ടാ​പ്പ​ക​ൽ ഉ​ച്ച​യ്ക്ക് 2.30ഒാടെ ക​ല്ലൂ​രി​ലെ ഏ​തോ വീ​ട്ടി​ൽ സു​ധീ​ഷ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി എ​തി​രാ​ളി​ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. വെ​ട്ടു​ക​ത്തി, വാ​ൾ, മ​ഴു തു​ട​ങ്ങി​യ​വ​യു​മാ​യി​ട്ടാ​ണ് സം​ഘം ക​ല്ലൂ​രി​ലേ​ക്ക് എ​ത്തിയത്.

പ​ല വീ​ടു​ക​ളി​ലും സു​ധീ​ഷി​നെ തെ​ര​ഞ്ഞെ​ത്തി​യ പ​തി​നൊ​ന്നം​ഗ സം​ഘം കു​ട്ടി​ക​ൾ നോ​ക്കിനി​ൽ​ക്കെ സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ൽ വാ​ൾ​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ സു​ധീ​ഷ് ഒ​ളി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന വീ​ട് മ​ന​സി​ലാ​ക്കി​യ സം​ഘം കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് വെ​ട്ടി​യെ​ടു​ത്ത കാ​ലു​മാ​യി ബൈ​ക്കി​ൽ പ്ര​ക​ട​നം ന​ട​ത്തി ആ​ർ​ത്തു​വി​ളി​ച്ചു മ​ട​ങ്ങി​യ​ത്.

എ​ന്തു ക്രൂ​ര​ത​യും

കൊ​ല്ല​പ്പെ​ട്ട സു​ധീ​ഷി​ന്‍റെ ഒ​രു ബ​ന്ധു​വും കൊ​ല്ലാ​നെ​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ല​ഹ​രി ഇ​ട​പാ​ടു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് പ​ക​പോ​ക്ക​ലി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, നാ​ട്ടു​കാ​രെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ടു​ത​ൽ ഞെ​ട്ടി​ച്ച സം​ഭ​വം പ്ര​തി​ക​ൾ തെ​ളി​വെ​ടു​പ്പ് സ​മ​യ​ത്തും മ​റ്റും യാ​തൊ​രു കൂ​സ​ലും കൂ​ടാ​തെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ പോ​ലീ​സി​നോ​ടു വി​വ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​തെ​ന്നതാണ്. മാ​ത്ര​മ​ല്ല, കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കാ​നെ​ത്തി​യ​വ​രെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ മൊ​ഴി ന​ൽ​കാ​ൻ എ​ത്ര പേ​ർ ധൈ​ര്യ​പ്പെ​ടു​മെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. അ​ക്ര​മി​ക​ളു​ടെ​യും ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ​യു​മൊ​ക്കെ വ​ലി​യ ഇ​ന്ധ​ന​മാ​യി ഇ​ന്നു മ​യ​ക്കു​മ​രു​ന്ന് മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ല രീ​തി​യി​ൽ അ​ക്ര​മ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ല​ഹ​രിയിൽ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, ല​ഹ​രി​ക്കു​ള്ള പ​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ, ല​ഹ​രി​വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി​ക്ര​മ​ങ്ങ​ൾ.. എ​ന്നി​ങ്ങ​നെ വ​ള​രു​ന്നു ഇ​വ.

ന​ടു​റോ​ഡി​ലെ നൃ​ത്തം

ല​ഹ​രി ത​ല​യ്ക്കു പി​ടി​ച്ചാ​ൽ എ​ന്തു ക്രൂ​ര​ത​യ്ക്കും മ​ടി​യി​ല്ലാ​ത്തവി​ധം വ്യ​ക്തി​ക​ൾ മാ​റ്റ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് ദു​ര​ന്തം. കേ​ര​ള​ത്തി​ലെ യു​വ​ത​ല​മു​റ​യി​ൽ രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്ന​തു ന​മ്മു​ടെ ഭാ​വി​ക്കുത​ന്നെ ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്തി​നും നാ​ടി​നും കു​ടും​ബ​ത്തി​നും മു​ത​ൽ​ക്കൂ​ട്ടാ​കേ​ണ്ട ത​ല​മു​റ​യാ​ണ് ഇ​ങ്ങ​നെ ല​ഹ​രി​ക്കു​പി​ന്നാ​ലെ പാ​ഞ്ഞു ജീ​വി​തം ഹോ​മി​ക്കു​ന്ന​ത്. ല​ഹ​രി​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ഷ്‌ട്രീയ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ​പ്പോ​ലും ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​റ​സ്റ്റ് ചെ​യ്യു​ന്നു എ​ന്ന​താ​ണ് വി​ചി​ത്രം.

2021 ജൂ​ലൈ അ​വ​സാ​ന​ത്തി​ലെ ഒ​രു പു​ല​ർ​ച്ചെ തൃ​ശൂ​ർ ചി​റ​ങ്ങ​ര ദേ​ശീ​യ​പാ​ത ജം​ഗ്ഷ​നി​ൽ ന​ടു​റോ​ഡി​ൽ ഒ​രു യു​വാ​വ് നൃ​ത്തം ചെ​യ്യു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴും ഡാ​ൻ​സ് തു​ട​രു​ക​യാ​യി​രു​ന്നു. മ​ട്ടും ഭാ​വ​വും ക​ണ്ട​പ്പോ​ഴേ ആ​ൾ മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​യി​ലാ​ണെ​ന്നു വ്യ​ക്ത​മാ​യി. എ​റ​ണാ​കു​ളം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യാ​യ ഈ 34​കാ​ര​നി​ൽ​നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് അ​ന്പ​ര​ന്ന​ത്. നി​ര​വ​ധി ല​ഹ​രി​വി​രു​ദ്ധ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ നി​ർ​മിച്ചയാളും അ​വ​യു​ടെ കാ​മ​റാ​മാ​നും ആ​യി​രു​ന്നു ഈ ​യു​വാ​വ്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ യു​വാ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​ല ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും! പു​തി​യ ചി​ത്ര​ത്തി​ന്‍റെ ക​ഥാ​കൃ​ത്തി​നെ കാ​ണാ​ൻ പോ​കു​ന്ന വ​ഴി​ക്കാ​യി​രു​ന്നു ഡാ​ൻ​സും അ​റ​സ്റ്റും. യു​വാ​ക്ക​ൾ​ക്കു പി​ന്നാ​ലെ യു​വ​തി​ക​ളും മ​യ​ക്കു​മ​രു​ന്നി​ലേ​ക്കു വ​ഴു​തി​വീ​ഴു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ ദു​ര​ന്ത​ക്കാ​ഴ്ച.

നി​ര​ന്ത​ര പോ​രാ​ട്ടം

ല​ഹ​രി, അ​തുപ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ല​ഹ​രി​ ഭ​രി​ക്കു​ന്ന ത​ല​ച്ചോ​റു​ക​ളു​ടെ എ​ണ്ണം ​കൂ​ടി​വ​രു​ന്ന​ത​നു​സ​രി​ച്ചു പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ക്കും. പു​റ​ത്തി​റ​ങ്ങി​യാ​ൽ ഒ​രാ​ളോ​ടും വാ​ക്കു​ത​ർ​ക്ക​ത്തി​നു പോ​ലും പോ​ക​രു​തെ​ന്നാ​ണ് ഈ ​രം​ഗ​ത്തു പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്. കാ​ര​ണം, പ​ല​രും ല​ഹ​രി​യി​ൽ മ​യ​ങ്ങി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​വ​ർ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന​ത് ആ​ർ​ക്കും ഉൗ​ഹി​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല.


ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വു​മാ​യി ക​ഴി​ഞ്ഞ ഒക്ടോ​ബ​റി​ൽ കേ​ര​ളം രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും അ​തു വി​ട്ടു. എ​ന്നാ​ൽ, ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കൊ​ണ്ടോ ഒ​രു മാ​സം​കൊ​ണ്ടോ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​ത​ല്ല. നി​ര​ന്ത​ര​പോ​രാ​ട്ട​മാ​ണു വേ​ണ്ട​ത്. ല​ഹ​രി​യു​ടെ ല​ഭ്യ​ത നി​യ​ന്ത്രി​ക്കാ​തെ ഈ ​ദു​ര​ന്ത​ത്തി​ൽ​നി​ന്നു ന​മ്മു​ടെ ത​ല​മു​റ​ക​ളെ ര​ക്ഷി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​തി​നു സ​ർ​ക്കാ​രും രാഷ്‌ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും മ​ത​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വു​മൊ​ക്കെ ഒ​ന്നി​ച്ചു കൈ​കോ​ർ​ക്ക​ണം.

മ​ന​സി​ന്‍റെ​യും മ​ര​ണം!

ഡോ. ​സി.​ജെ. ജോ​ൺ
മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ൻ, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ, എ​റ​ണാ​കു​ളം

യുവാക്കൾ ചേരുന്ന ഉ​ല്ലാ​സ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​പ​ക​ട​ത്തി​ലോ അ​ടി​പി​ടി​യി​ലോ ഉ​ൾ​പ്പെ​ടു​ന്ന ചെ​റു​പ്പ​ക്കാ​രി​ലും ല​ഹ​രിപ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വ​ള​രെ കൂ​ടു​ത​ലാ​ണ്. നി​സാ​ര​മാ​യ പ്ര​കോ​പ​ന​ങ്ങ​ൾ മ​തി ഇ​വ​രി​ലെ ആ​ക്ര​മ​ണോ​ത്സു​ക​ത ഉ​ണ​രാ​ൻ. മ​ദ്യം ക​ഴി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​തു​പോ​ലെ ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ പ​റ്റി​ല്ലെ​ന്ന​ത് ഒ​രു പ്ര​ശ്ന​മാ​ണ്. പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​രാ​വു​ക​യും ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ട്ടു​ക​യും പെ​രു​മാ​റ്റവൈ​ക​ല്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.

പരിശീലനം വേണം

ഇ​ങ്ങ​നെ​യു​ള്ള​വ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ്രോ​ട്ടോകോൾ പോ​ലീ​സി​നും വേ​ണം. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രെ​യും അ​തു ശീ​ലി​ക്കു​ന്ന​വ​രെ​യും മൊ​ത്ത​ത്തി​ൽ ക്രി​മി​ന​ലു​ക​ളാ​യി ക​ണ​ക്കാ​ക്ക​രു​ത്. അ​വ​രു​ടെ അ​ക്ര​മവാ​സ​ന​ക​ളെ നി​യ​ന്ത്രി​ച്ചു നി​ർ​ത്തി മ​റ്റു​ള്ള​വ​രു​ടെ​യും ആ ​വ്യ​ക്തി​യു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ലാ​ക​ണം ഇ​ട​പെ​ട​ലു​ക​ൾ. ആ ​വ്യ​ക്തി​യെ ഉ​ചി​ത​മാ​യ ചി​കി​ത്സ​യി​ലേ​ക്കു പ്രേ​രി​പ്പി​ക്കു​ക​യും വേ​ണം.

ക്രൈം ​സാ​ധ്യ​ത ത​ട​ഞ്ഞ്, ആ ​വ്യ​ക്തി​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക​ണം. ഇ​തി​നു​ള്ള പ​രി​ശീ​ല​നം പോ​ലീ​സി​നും ഹൈ റി​സ്ക് സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ന​ല്‍​ക​ണം. ല​ഹ​രിശീ​ലം നേ​ര​ത്തേ ക​ണ്ടുപി​ടി​ക്കാ​നും തി​രു​ത്താ​നു​ം കഴിയണം.​ ല​ഹ​രിലോ​ബി ലക്ഷ്യമിടുന്ന ഗ്രൂ​പ്പു​ക​ൾ, പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ, പ്രാ​യ​ക്കാ​ർ എ​ന്നി​വ​ർക്കു ബോ​ധ​വത്കര​ണം മാ​ത്രം പോ​ര; തി​രി​ച്ച​റി​യ​ൽ, ചി​കി​ത്സ, പു​ന​ര​ധി​വാ​സം എ​ന്നീ കാ​ര്യ​ങ്ങ​ളും വേ​ണം.

ഫലപ്രദമായിട്ടില്ല

നി​ല​വി​ലെ ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​നം മാ​റ്റം സൃഷ്ടിക്കാവുന്ന സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്ന സൂ​ച​ന​യാ​ണ് വ​രു​ന്ന​ത്.​ അത് ഏതു രീതിയിൽ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് സർക്കാരടക്കം ചിന്തിക്കണം. ല​ഹ​രിമ​രു​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന പ്ര​ലോ​ഭ​ന സ​ന്ദേ​ശ​ങ്ങ​ളു​ടെ മു​നയൊടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നതും സം​ശ​യ​മാ​ണ്. ഉ​ല്ലാ​സവേ​ള​കൾ ആനന്ദകരമാക്കാൻ ലഹരിമരുന്നു വേണമെന്ന തെ​റ്റാ​യ ധാ​ര​ണ ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കു ക​യ​റ്റിവി​ടാ​ൻ മ​യക്കുമ​രുന്നു ലോ​ബി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തുകൊ​ണ്ടു സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ പോ​ലും മാ​റ്റം വ​ര​ണം.

ഇനി സന്ദേശം ഇങ്ങനെ

* ല​ഹ​രി ഉ​ല്ലാ​സ​ത്തി​ലേ​ക്കും ആ​ന​ന്ദ​ത്തി​ലേ​ക്കു​മു​ള്ള വഴിയ​ല്ല, സ​ർ​വനാ​ശ​ത്തി​ലേ​ക്കും ഉ​ന്മൂ​ല​ന​ത്തി​ലേ​ക്കു​മു​ള്ള ച​തി​യാ​ണ്.

* ലഹരി ആ​കു​ല​ത​ക​ളി​ലെ മി​ത്ര​മ​ല്ല, ജീ​വി​തം ത​ക​ർ​ക്കു​ന്ന ശ​ത്രു​വാ​ണ്.

* ലഹരി സ​ർ​ഗശ​ക്തി​​യും ബു​ദ്ധി​​യും ഉ​ണ​ർ​ത്തു​ന്ന ഔ​ഷ​ധ​മ​ല്ല,അ​വ​യെ​യൊ​ക്കെ മെ​ല്ലെ കൊ​ല്ലു​ന്ന വി​ഷ​മാ​ണ്.

* ലഹരി ച​ങ്ങാ​ത്ത​ങ്ങ​ളി​ൽ കേ​മ​ത്തം നേ​ടാ​നു​ള്ള കു​റു​ക്കുവ​ഴി​യ​ല്ല, ഒ​റ്റ​പ്പെ​ട​ലി​ലേ​ക്കും ഉ​ന്മാ​ദ​ത്തി​ലേ​ക്കു​മു​ള്ള യാത്രയാണ്.

ഭൂ​രി​പ​ക്ഷത്തെ​യും കെ​ണി​യി​ൽ പെ​ടു​ത്തു​ന്ന അ​ബ​ദ്ധധാ​ര​ണ​ക​ളെ മറികടക്കാൻ ഈ സന്ദേശങ്ങൾ ഉപകരിക്കും. അതിനാൽ നമ്മുടെ ലഹരിവിരുദ്ധ പരിപാടികളും പദ്ധതികളും ഇത്തരം സന്ദേശങ്ങളിൽ ഊന്നി വേണം മുന്നോട്ടുപോകാൻ.


ചി​കി​ത്സ​ ബുദ്ധിമുട്ട്, പ്ര​തി​രോ​ധ​മാ​ണ് പ്ര​ധാ​നം

ഡോ. ​ടോ​ണി തോ​മ​സ് (സൈ​ക്യാ​ട്രി​സ്റ്റ്, ഗ​വ.​ ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​ട്ട​യം, നോ​ഡ​ൽ ഒാ​ഫീ​സ​ർ ജി​ല്ലാ മാ​ന​സി​ക ആ​രോ​ഗ്യ​പ​രി​പാ​ടി)

സി​ന്ത​റ്റി​ക് ല​ഹ​രി​ക​ൾ, ചെ​റി​യ അ​ള​വി​ൽ പോ​ലും മ​നു​ഷ്യ​ന്‍റെ മ​സ്തി​ഷ്ക​ത്തി​ലെ നാ​ഡീ​വ്യൂ​ഹ​ങ്ങ​ളെ ദോ​ഷ​മാ​യി ബാ​ധി​ക്കും. രാ​സ​ല​ഹ​രി​ക​ൾ മ​നു​ഷ്യ​നെ മൃ​ഗ​മാ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.
ല​ഹ​രി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മാ​ന​സി​ക അ​സു​ഖ​ങ്ങ​ൾ ചി​കി​ത്സി​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടായ​തി​നാ​ൽ ല​ഹ​രി​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്. ല​ഹ​രി​ക​ളു​ടെ ല​ഭ്യ​ത, ല​ഹ​രി​യു​ടെ സ്രോ​ത​സു​ക​ൾ എ​ന്നി​വ നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​രും പോ​ലീ​സും മു​ഖാ​ന്ത​രം ത​ട​യു​ക​യാ​ണ് ഇ​തി​നു​ള്ള ഒ​രു പോം​വ​ഴി. ല​ഹ​രി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ത്തു ശി​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാം.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വും സ​ഹാ​യ​ക​മാ​കും. ഒ​രു വ്യ​ക്തി ല​ഹ​രി​ക്ക് അ​ടി​പ്പെ​ടു​ക​യും സ്വ​ഭാ​വ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ ദൃ​ശ്യ​മാ​വു​ക​യും ചെ​യ്താ​ൽ എ​ത്ര​യും വേ​ഗം ഒ​രു മാ​ന​സി​കാ​രോ​ഗ്യ​വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം.

(അ​വ​സാ​നി​ച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.