ആദിമക്രൈസ്തവർക്കിടയിൽ സന്യാസി സമൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തീവ്രതാപസരുണ്ടായിരുന്നില്ല. മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ് സ്ഥിരം സന്യാസി മഠങ്ങൾ രൂപപ്പെടുന്നത്. ഈ സന്പ്രദായം തുടങ്ങുന്നതാവട്ടെ പേർഷ്യയിലും ഈജിപ്റ്റിലുമാണ്. റോമാ സാമ്രാജ്യത്തിൽ ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടതോടെ വിവിധ മൊണാസ്റ്ററികൾ ഉടലെടുക്കാൻ തുടങ്ങി. എങ്കിലും തപസനുഷ്ഠിക്കുന്ന സന്യാസിമാരുടെ ആശ്രമങ്ങൾ വളർന്നത് മധ്യകാലത്താണ്. ക്രമേണ അവ ലോകമെങ്ങും വ്യാപിക്കുകയും ചെയ്തു. പക്ഷേ മൊണാസ്റ്ററികളിലെ തീവ്രതാപസികൾ പോലും ആത്മപീഡനബലി അനുഷ്ഠിക്കുക പതിവായിരുന്നില്ല.
ക്രിസ്തു അനുഭവിച്ച പീഡനം സ്വന്തം ശരീരംകൊണ്ടനുഭവിക്കുന്ന അനുഷ്ഠാനങ്ങൾ പലേടങ്ങളിലുമുണ്ട്. അവയെല്ലാം യാതനകളിലൂടെ ദൈവസാന്നിധ്യം അന്വേഷിക്കുകയാണ്. യാതനകളനുഭവിക്കുന്പോൾ ദൈവം അരികിലുണ്ടെന്നറിയുന്നു. വേദനിക്കുന്നവരുടെ ശുശ്രൂഷയിലും ദൈവ സാന്നിധ്യമറിയാം. നിരാശ്രയർക്കുവേണ്ടിയുള്ള പ്രാർഥനയിൽ ദൈവം കൃപ ചൊരിയുമെന്നതിനാൽ അതവരുടെ ശുശ്രൂഷയ്ക്കുവേണ്ട കരുത്തുനൽകും. ദൈവം പരിധിയില്ലാത്ത സ്നേഹമാണ്; ഏതപരാധവും പൊറുക്കുന്ന ക്ഷമയും കരുണയുമാണ്. അതുകൊണ്ട് കഠിന യാതനകൾ സഹിച്ചുള്ള കരുണാമയന്റെ ജീവത്യാഗം പാപമുക്തിക്കായുള്ള അനുഷ്ഠാനങ്ങളിൽ സ്മരിക്കണം. ലഘുവായെങ്കിലും വേദനകളും യാതനകളും സഹിച്ചാലേ മാപ്പിനും ദൈവാനുഗ്രഹത്തിനും അർഹരാവൂ എന്ന എളിമയാണ് വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മപീഡനത്തിനാധാരം. ത്യാഗമില്ലാത്ത പ്രാർഥനയിൽ ദൈവസാന്നിധ്യമുണ്ടാവില്ലെന്ന വിശ്വാസം രൂഢമൂലമാണ് അവരിൽ.
ആത്മപീഡനം അബോധത്തിൽ സ്ഥിതിചെയ്യുന്ന കുറ്റഭയം ചെറുക്കുന്നതിന്റെ ഭാഗമാണെന്നാണ് ഫ്രോയിഡ് വ്യാഖ്യാനിച്ചത്. പരിഷ്കൃത നാഗരികബോധം ആഴത്തിൽ അമർത്തിവയ്ക്കുന്ന പ്രാകൃത ഹിംസാചോദനകൾ പൊന്തിവന്നു സ്വയം ഹിംസയായി മാറുന്നതാണെന്നും അദ്ദേഹം സിദ്ധാന്തീകരിക്കുന്നു. അബോധസ്ഥായിയായ കുറ്റഭയത്തിന്റെ ബഹിർസ്ഫുരണമാണ് മതപരമായ ആത്മപീഡനങ്ങളൊക്കെയും എന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം സങ്കീർണമാണ്. സ്വയം വേദനിപ്പിച്ചുകൊണ്ട് ആത്മനിർവൃതിയടയുക എന്നത് മനുഷ്യസഹജമായ പ്രവണതയാണെന്ന നീഷേയുടെ നിരീക്ഷണവുമുണ്ട്. വേദനയും യാതനയും ജീവിതത്തെ അർഥപൂർണമാക്കുന്നുവെന്നാണ് പ്രസിദ്ധ ജർമൻ തത്വചിന്തകൻ ഫ്രീഡ്രിക്ക് നീഷേ വ്യാഖ്യാനിക്കുന്നത്. അവ പൂർവാധികം കരുത്തും നിശ്ചയദാർഢ്യവും തരുമെന്നും ജീവിതത്തിന്റെ വില മനസിലാക്കിത്തരുമെന്നും പറയുന്നു.
അർഥവും സന്ദേശവുംവിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രതിനിധാനം ചെയ്യുന്ന അർഥം ആ പുണ്യ ജീവിതത്തോളം വിപുലമാണ്. തീർത്തും അർഥപൂർണമായ ജീവിതം. ആ അർഥസൂചകങ്ങൾ കരുണ, ധൈര്യം, സൈ്വര്യം, വിനയം, വിവേകം, നിശ്ചയദാർഢ്യം, അശ്രാന്തപരിശ്രമം, വിജയം, വിശുദ്ധി എന്നിവയാണ്. അർഥംപോലെ വിപുലമാണ് ആ ജീവിതം പകരുന്ന സന്ദേശവും.
യാതനാപൂർണ ജീവിതമാണ് യാഥാർഥ്യത്തെ അംഗീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും സ്വന്തം പരിമിതികളെപ്പറ്റി നമ്മെ ബോധ്യപ്പെടുത്തുന്നതും എന്ന സന്ദേശമാണ് ആദ്യം പറയേണ്ടത്. തീവ്രവേദനയനുഭവിക്കുന്പോഴാണ് നാം മറ്റുള്ളവരുടെ യാതനകൾ തിരിച്ചറിയുന്നതെന്നതും വിവേകമുണരുന്നത് ആത്മപീഡനത്തിൽനിന്നാണെന്നതും നരകയാതനകൾ നമ്മെ വിവേകികളും പ്രതിരോധശേഷിയുള്ളവരും സഹാനുഭൂതിയുള്ളവരും യാഥാർഥ്യത്തോട് അഗാധ ബഹുമാനമുള്ളവരും ആക്കുന്നുവെന്നതും ദുരിതദുഃഖങ്ങളുടെ കഠിനവിചാരണകളിലൂടെ കടന്നുപോവുന്പോൾ നമുക്ക് പുതിയ പാഠങ്ങൾ ലഭിക്കുന്നുവെന്നതും ജീവിതലക്ഷ്യം ബോധ്യപ്പെടുന്നുവെന്നതും വേദനകൾ നമ്മെ വിമലീകരിക്കുന്നുവെന്നതും നമ്മളിൽനിന്നും അന്യരുടെ യാതനകളിലേക്കുള്ള കരുണയുടെ പ്രവാഹം തുടങ്ങുന്നതങ്ങ നെയാണെന്നതുമാണ് വിശുദ്ധ മറിയം ത്രേസ്യയുടെ പ്രധാന സന്ദേശം.
പരമാനന്ദം നാം അജയ്യരാണെന്ന തോന്നൽ ഉളവാക്കുന്നു. അപ്പോൾ ജീവിതം നമുക്കപ്പുറമല്ലെന്ന തോന്നലിൽ നാം മതിമറക്കുന്നു. ആഹ്ലാദം നമ്മെ വാനിലേക്ക് പറത്തുന്നു. ആഹ്ലാദത്തിമിർപ്പിൽ തല ഉയർത്തി കണ്ണുകൾ വിദൂരങ്ങളിൽ സ്വർഗവാതിൽ തെരയുന്നു. ദുഃഖത്തിൽ കൂപ്പുകുത്തുന്പോൾ തലകുനിച്ചു കണ്ണുകൾ മണ്ണിൽ പരതുന്നു. വേദനകൾ നമ്മെ വിനയാന്വിതരാക്കുന്നു. യാതനകൾ നമ്മെ മോഹങ്ങളിൽനിന്നും മനോരാജ്യങ്ങളിൽനിന്നും താഴെയിറക്കുന്നു. ദുഃഖം നമ്മെ മണ്ണിലേക്കിറക്കുന്നു. ജീവിതയാഥാർഥ്യത്തിനുമേൽ നമുക്കൊരു നിയന്ത്രണവുമില്ലെന്ന തിരിച്ചറിവുണ്ടാക്കുന്നു. നാം ആരുമല്ലെന്ന ബോധ്യത്തിലേക്കു പടിയിറങ്ങുന്നു. വിശുദ്ധ മറിയം ത്രേസ്യയുടെ മറ്റൊരു പ്രധാന സന്ദേശമതാണ്.
നമുക്ക് നഷ്ടപ്പെടുന്പോൾ മാത്രമാണു നാം നഷ്ടത്തിന്റെ വേദന തിരിച്ചറിയുന്നത്. യാതനകളും ദുഃഖവും ജീവിതയാഥാർഥ്യമായി കാണാൻ കഴിയുന്നതുവരെ നമ്മുടെ വേദന തീവ്രമായിരിക്കും. സുഖസന്തോഷങ്ങളിൽനിന്നും മോഹങ്ങളിൽനിന്നും ബന്ധങ്ങളിൽനിന്നും അകലുകയാണ് യാതനകളും ദുഃഖവും കുറയ്ക്കാനുള്ള മാർഗം എന്ന ബൗദ്ധസന്ദേശം വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതവും പകർന്നുതരുന്നു.