Monday, September 4, 2023 12:54 AM IST
കൃഷിയിൽനിന്നു വരുമാനമുണ്ടാക്കി ഔഡി കാർ വാങ്ങിയ കർഷകനെക്കുറിച്ച് കൃഷിമന്ത്രി പി. പ്രസാദ് കളമശേരിയിൽ പ്രതിപാദിക്കുകയുണ്ടായി. എന്നാൽ കൃഷിയെയും സർക്കാർ സംവിധാനങ്ങളെയും വിശ്വസിച്ച് മണ്ണിൽ പണിയെടുത്തവരിൽ എത്രപേർ ജീവിതം വഴിമുട്ടി അങ്ങയുടെ ഭരണകാലത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടന്ന് അങ്ങേക്കറിയാമോ? 1957ൽ ഭാഷാ അടിസ്ഥാനത്തിൽ കേരളം രൂപീകൃതമാകുമ്പോൾ നമ്മുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 53 ശതമാനം കാർഷികമേഖലയിൽനിന്നായിരുന്നു. ഇന്നത് 12 ശതമാനമാണ്. ഇതിന്റെ കാരണങ്ങൾ കൃഷിമന്ത്രി അന്വേഷിച്ചിട്ടുണ്ടോ?
വികസിച്ചത് കൃഷിവകുപ്പു മാത്രം
അയൽസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ എന്തിനാണ് കൃഷിയുടെ പേരിൽ ഒരു വകുപ്പെന്ന് പലപ്പോഴും ആലോചിച്ചുപോയിട്ടുണ്ട്. കാർഷികമേഖലയിൽനിന്നുള്ള ജിഡിപി വിഹിതം 53ൽ നിന്ന് 12 ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ വകുപ്പിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കണക്ക് പരിശോധിക്കപ്പെടേണ്ടതാണ്.
2019 -20 സാമ്പത്തികവർഷം അയൽസംസ്ഥാനമായ കർണാടകയിൽ ആകെ കൃഷിവകുപ്പ് ജീവനക്കാർ 7,775, കൃഷിഭൂമിയുടെ വിസ്തൃതി 110.76 ലക്ഷം ഹെക്ടർ. കൃഷിമേഖലയിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയ തെലുങ്കാനയിൽ കൃഷിവകുപ്പ് ജീവനക്കാർ ആകെ 6,292, കൃഷിഭൂമിയുടെ വിസ്തൃതി 48.93 ലക്ഷം ഹെക്ടർ. കേരളത്തിൽ കൃഷിവകുപ്പ് ജീവനക്കാർ 7,903, കൃഷിഭൂമിയുടെ വിസ്തൃതി 11.16 ലക്ഷം ഹെക്ടർ. 2019 -20 സാമ്പത്തികവർഷം കൃഷിവകുപ്പിന് അനുവദിച്ച ശമ്പളവും പലിശയും അടക്കമുള്ള പദ്ധതിയേതര ചെലവ് 900 കോടി. അതായത്, കൃഷിവകുപ്പിന് അനുവദിച്ച തുകയുടെ 45 ശതമാനം. മറ്റ് വകുപ്പുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും അടിയന്തരമായി കുറച്ചുകൊണ്ടുവരുന്നതിനു നടപടി വേണമെന്നും സർക്കാരിന് ഭരണപരിഷ്കാര കമ്മീഷൻ പല തവണ റിപ്പോർട്ട് കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സത്യം പറഞ്ഞ നടൻ ജയസൂര്യയെ ആക്രമിക്കാൻ സർക്കാരും മന്ത്രിയും കാണിച്ചതിന്റെ പകുതി ആത്മാർഥത ഇക്കാര്യത്തിൽ എടുത്തിരുന്നെങ്കിൽ എത്രയോ നന്നാകുമായിരുന്നു.
നെൽകൃഷിയുടെ അവസ്ഥ
1974-75 കാലഘട്ടത്തിൽ 8.82 ലക്ഷം ഹെക്ടർ സ്ഥലത്ത് കേരളത്തിൽ നെൽകൃഷി ഉണ്ടായിരുന്നു. ഉത്പാദനമാകട്ടെ, 13.76 ലക്ഷം മെട്രിക് ടൺ. 2016ലെ സാമ്പത്തിക സർവേയിൽ നെൽകൃഷി 1.96 ലക്ഷം ഹെക്ടർ ആയി. ഉത്പാദനം 5.49 ലക്ഷം ടൺ ആയി കുറയുകയും ചെയ്തു. എൺപതുകളിൽ സംസ്ഥാന ഭൂവിസ്തൃതിയുടെ 32 ശതമാനം നെൽകൃഷി ഉണ്ടായിരുന്നത് 2016ൽ 6.63 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തെ നെൽകൃഷിയുടെ 80 ശതമാനം പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിലാണ്: പാലക്കാട് (41%), ആലപ്പുഴ (16%), തൃശൂർ (14%), കോട്ടയം (9%).
അതിനാൽതന്നെ കേരളത്തിലെ നെൽകർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില കൊടുത്തുതീർക്കാത്തത് പാലക്കാട്ടെ കർഷകരെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുക. വട്ടിപ്പലിശക്കാരിൽനിന്നുവരെ കടമെടുത്ത് നാടിനെ അന്നമൂട്ടുന്ന കർഷകരെ ഈ ഗതികേടിലേക്ക് തള്ളിവിട്ടതിന്റെ പൂർണ ഉത്തരവാദിത്വം എന്തൊക്കെ ന്യായം നിരത്തിയാലും സർക്കാരിനാണ്.
നിയമത്തിന്റെ മുൾമുനയിൽ നിർത്തി കർഷകരെ നെൽകൃഷി മാത്രം ചെയ്യുവാൻ നിർബന്ധിതരാക്കുന്ന ഭരണകൂടം, അവരെ വീണ്ടും വീണ്ടും കടക്കെണിയിലേക്കും കണ്ണീർക്കയത്തിലേക്കും തള്ളിവിട്ടാൽ കൃഷിഭൂമികൾ തരിശിടാൻ കർഷകർ നിർബന്ധിതരാകും. കടക്കെണിയിൽ മനം നൊന്ത് കർഷകർ ആത്മഹത്യയിലേക്ക് തിരിഞ്ഞാൽ അതിന്റെ ധാർമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനു മാത്രമാകും. സംഭരിച്ച നെല്ലിന്റെ വില കൈയോടെ കൊടുക്കാൻ സർക്കാരിനു സാധിക്കുന്നില്ലെങ്കിൽ, പാടങ്ങൾ എങ്ങനെയും ഉപയോഗിക്കാനുള്ള അനുവാദം കർഷകർക്കു കൊടുക്കണം.
കൃഷി വിളവെടുപ്പ് കഴിഞ്ഞാൽ ഉടൻ നെല്ല് സഭരിക്കുകയും സംഭരിക്കുമ്പോൾതന്നെ കർഷകന്റെ അക്കൗണ്ടിൽ പണം നൽകുകയും വേണം. ഇപ്പോൾ ചെയ്യുന്നതുപോലെ കർഷകന്റെ പേരിൽ സപ്ലൈകോ വായ്പ എടുക്കുന്ന പരിപാടി അവസാനിപ്പിക്കണം. സർക്കാരിന് നെല്ല് കൊടുത്ത് കർഷകർ ജീവിക്കാൻ പണമില്ലാതെ തെണ്ടുന്ന ഇപ്പോഴത്തെ അവസ്ഥ അവസാനിപ്പിക്കണം. സംഭരണ ഏജൻസികളുടെ അനാസ്ഥകൊണ്ട് നെല്ല് നശിക്കുന്ന സാഹചര്യമുണ്ടായാൽ നഷ്ടപരിഹാരം നൽകണം.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ
തൊഴിലാളി ക്ഷാമവും തൊഴിലാളികളുടെ കാര്യക്ഷമതയിലുള്ള കുറവും കാരണം ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചും യന്ത്രങ്ങളെ ആശ്രയിച്ചുമാണ് കൃഷി സമയബന്ധിതമായി കർഷകർ നടത്തുന്നത്. ഇന്ധനവിലയിൽ ഉണ്ടായ ക്രമാതീതമായ വർധന കൃഷിക്ക് ആവശ്യമായ ട്രാക്ടർ, നടീൽ യന്ത്രം, കൊയ്ത്ത് യന്ത്രം, വൈക്കോൽ റോൾ ചെയ്യാനുള്ള യന്ത്രം, അതോടൊപ്പം മറ്റ് കാർഷിക ആവശ്യത്തിനുള്ള ഉപകരണങ്ങൾ, വളം, കീടനാശിനി എന്നിവയുടെയെല്ലാം ചെലവ് ഉയർത്തിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചുനിൽക്കുന്ന കേരളത്തിന്റെ ഉപഭോഗ സംസ്കാരം കർഷകന്റെ നട്ടെല്ലൊടിച്ചിരിക്കുമ്പോഴാണ് അധികാരികളിൽനിന്നുള്ള ഇത്തരം അനാസ്ഥ. കൃഷിയെന്ന മഹത്തായ സംസ്കാരംതന്നെ അന്യംനിന്നുപോകുന്ന അവസ്ഥയിലേക്ക് ഇതെത്തിക്കും.
മന്ത്രിമാർ ചിങ്ങം ഒന്നിന് കൈലിമുണ്ടും പാളത്തൊപ്പിയും ധരിച്ച് കർഷകനെ കെട്ടിപ്പിടിച്ചുനിന്ന് സെൽഫി എടുക്കുന്നതല്ല യഥാർഥ കർഷകസ്നേഹം എന്നു തിരിച്ചറിയണം. രാജ്യം പ്രതിസന്ധികളെ നേരിട്ടപ്പോൾ കൈക്കുഞ്ഞുങ്ങളെ മാറോട് ചേർത്ത്, സഹജീവികളുടെ പട്ടിണി മാറ്റാൻ ഇറങ്ങിപ്പുറപ്പെട്ടവന്റെ പിൻതലമുറക്കാരോട് നീതി കാണിക്കാൻ ഇനിയും വൈകരുത്.
വഞ്ചിക്കപ്പെട്ട ഒരു ജനത
“ഞങ്ങളും കൃഷിയിലേക്ക്’’, “സർക്കാർ ഒപ്പമുണ്ട്’’ എന്നൊക്കെ പറഞ്ഞപ്പോൾ ഒപ്പം കൂടിയത് വഞ്ചിക്കാൻവേണ്ടിയായിരുന്നു എന്ന് ഇപ്പോഴാണ് ഈ പാവങ്ങൾക്കു മനസിലായത്. ഉത്പാദനച്ചെലവ് വല്ലാതെ കൂടുന്നതും വിലവർധന കിട്ടാതിരിക്കുന്നതും കാരണം കൃഷി തുടരണോ വേണ്ടയോ എന്നാണ് ഇപ്പോൾ പലരും ചിന്തിക്കുന്നത്.
വടക്കേ ഇന്ത്യയിലെ വൻകിട ഭൂപ്രഭുക്കന്മാരായ കർഷകർക്കുവേണ്ടി മാസങ്ങളോളം ഘോരഘോരം വാദിച്ചവരെ ഒന്നുംതന്നെ നമ്മുടെ നാട്ടിലെ പാവങ്ങളായ ചെറുകിട, നാമമാത്ര കർഷകർക്കുവേണ്ടി വാദിക്കാൻ കാണുന്നില്ല. ഡൽഹിയിലേക്കുള്ള കർഷകമാർച്ചിൽ വഴിസൈഡിൽ ഫ്ളക്സ് പിടിച്ചുനിന്ന് അഭിവാദ്യം അർപ്പിച്ച ബിനോയ് വിശ്വത്തെപ്പോലുള്ളവരും സ്വന്തം നാട്ടിലെ ഗതികെട്ടവരെ കണ്ടില്ലെന്നു നടിക്കുന്നു.
നെൽകൃഷി വിസ്തൃതി കുറഞ്ഞുവരുകയും കൃഷിവകുപ്പ് വികസിച്ചു വരികയും ചെയ്യുന്ന നെഗറ്റീവ് പ്രതിഭാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുർബലമായ കണ്ണി കർഷകനാണെന്ന അവസ്ഥയാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാറ്റിവയ്ക്കേണ്ടത് കർഷകന്റെ മാത്രം പണമാണോ? സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കാൻ മാറിമാറി വന്ന സർക്കാരുകൾ മത്സരിക്കുകയായിരുന്നു. അസംഘടിതരായ കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ മാത്രമാണ് ന്യായാന്യായങ്ങളുടെ പരിശോധനയും സാങ്കേതിക തടസവാദങ്ങളും.
സിജുമോൻ ഫ്രാൻസിസ്, കോതമംഗലം