ആഭ്യന്തര പ്രശ്നങ്ങളേറെപ്രതിശീര്ഷ വരുമാനത്തില്‍ ജി 20യിലെ ഏറ്റവും ദരിദ്രരാജ്യമാണ് ഇന്ത്യ. ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടന നാളുകളായി തകര്‍ച്ച നേരിടുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച അതിജീവിക്കാനാകാതെ ഗ്രാമീണ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. വന്‍കിട രാജ്യാന്തര കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയുടെ കാര്‍ഷികമേഖല തുറന്നുകൊടുത്തിരിക്കുന്നതിന്റെ ആഘാതത്തില്‍ ലോകത്തിനു മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുമ്പോഴും സ്വന്തം മണ്ണിലെ സാധാരണ ജനതയുടെ കഷ്ടപ്പാടുകള്‍ ഭരണസംവിധാനങ്ങള്‍ കാണാതെ പോകുന്നു. ജനാധിപത്യമണ്ണില് മതന്യൂനപക്ഷങ്ങള്‍ ഭയപ്പാടില്‍ ജീവിക്കുകയും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ പേരില്‍ വര്‍ഗീയശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നു. മണിപ്പുരിലൊഴുകിയ രക്തപ്പുഴകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വര്‍ഗീയ വിഷംചീറ്റലുകള്‍ തുടരുക മാത്രമല്ല, ജനങ്ങളില്‍ ഭിന്നിപ്പും പരിഭ്രാന്തിയും ഏറെ ശക്തിപ്പെടുന്നു. സ്വതന്ത്രവ്യാപാരക്കരാറുകളുടെ ആഘാതത്തില്‍ നികുതിരഹിത അനിയന്ത്രിത ഇറക്കുമതി കസറുമ്പോള്‍ ബഹുഭൂരിപക്ഷം ജനതയുടെ അത്താണിയായ കാര്‍ഷിക സമ്പദ്ഘടന തകരുന്നു.
ഗ്രാമീണമേഖലയില്‍നിന്ന് കൃഷി ഉപേക്ഷിച്ച് പട്ടണങ്ങളിലേക്ക് പലായനം ചെയ്യുന്ന കര്‍ഷകരുടെ എണ്ണം പെരുകുന്നു. രാജ്യം നടപ്പാക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളും രാഷ്ട്രീയ പിടിവാശികള്‍ക്കു മുന്നില്‍ പാതിവഴിയിലായി. പഠനത്തിനും തൊഴിലിനുമായി യുവത്വം നാടുവിട്ടോടുന്ന സ്ഥിതിവിശേഷവും ഇന്ത്യയെ ഗ്രസിക്കുന്നു. അതിര്‍ത്തിത്തര്‍ക്കങ്ങളും അതിര്‍ത്തികളിലെ സൈന്യവിന്യാസങ്ങളും, ആഭ്യന്തര സുരക്ഷിതത്വത്തെ വെല്ലുവിളിക്കുന്ന ഭീകരവാദങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നാമിന്ന് നേരിടുന്നുണ്ട്. നിരന്തരമുള്ള നിയമനിര്‍മാണങ്ങളും ഭരണഘടനാ നിയമഭേദഗതികളും ഇവ അടിച്ചേല്‍പ്പിക്കുന്ന അരക്ഷിതാവസ്ഥയും ഭാരതസമൂഹത്തിന്റെ ഭാവി പ്രതീക്ഷകളില്‍ മങ്ങലേല്പിക്കുമ്പോഴാണ് ലോകരാഷ്ട്രങ്ങളെ നാം ജി 20യിലേക്ക് സ്വീകരിച്ചാനയിക്കുന്നത്.
ആഗോളതല അവസരങ്ങള്വിവിധ രാഷ്ട്രങ്ങളിലായി ഒട്ടേറെ പുത്തന്‍ അവസരങ്ങളാണ് ജി 20 ഇന്ത്യക്ക് തുറന്നുതന്നിരിക്കുന്നത്. വന്‍കിട രാജ്യാന്തര സമ്പദ്വ്യവസ്ഥകളുമായി സംവദിക്കാനും വാണിജ്യ-നിക്ഷേപ അവസരങ്ങള്‍ തുറന്ന് സാമ്പത്തിക മുന്നേറ്റത്തിനും പുത്തന്‍ വ്യാപാരക്കരാറുകള്‍ക്കും ഉച്ചകോടിയുടെ തുടര്‍ച്ചകള്‍ അവസരമൊരുക്കും. വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇമേജ് വര്‍ധിപ്പിക്കാനുള്ള ആയുധമായി ജി 20 മാറുന്നുവെന്ന ആരോപണം ശക്തമാണെങ്കിലും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാനും പരസ്പരം പോരടിക്കുന്ന വിവിധ രാഷ്ട്രങ്ങളെ ഒരു കുടക്കീഴിലാക്കി ആഗോളതലത്തില്‍ നേതൃത്വം നല്‍കാനും ഭാരതത്തിനാകുന്നത് അഭിമാനകരംതന്നെ.
ഇന്ത്യയുടെ രാജ്യാന്തര സ്വീകാര്യതആഗോളതലത്തില് പരിസ്ഥിതി, രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളിലുടനീളം ഇന്ത്യയുടെ സ്വീകാര്യത കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കുതിച്ചുയര്ന്നിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. പരസ്പരം പോരടിക്കുന്ന അമേരിക്ക-റഷ്യ വന്‍ശക്തികളെ ഇരുവശങ്ങളിലുമായി ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യക്കാകുന്നു. അതേസമയം, ചൈനയുമായി എതിര്‍പ്പുകള്‍ക്കിടയിലും നിര്‍ണായക രാജ്യാന്തര വിഷയങ്ങളില്‍ മേല്‍ക്കോയ്മ നേടാനും എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളില്‍ വസ്തുതകള്‍ നിരത്തി എതിര്‍ക്കാനും ഇന്ത്യക്കിന്ന് സാധിക്കുന്നുണ്ട്.
ഗള്‍ഫ് ഉള്‍പ്പെടെ വിവിധ പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മുന്‍കാലങ്ങളിലേതിലും സജീവമാക്കാന്‍ ബിജെപി സര്ക്കാരിനാകുന്നത് ചെറിയ കാര്യമല്ല. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ജി 20യിലേക്കുള്ള രാജ്യാന്തര ശക്തികളുടെ കടന്നുവരവും പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യവും. ഇവയൊക്കെ ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യയുടെ പ്രശസ്തി ആഗോളതലത്തില്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.
അയല്‍രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്നുവീഴുമ്പോഴും പ്രതിബന്ധങ്ങളെ അതിജീവിച്ച് പ്രതീക്ഷകളുയര്ത്തിയുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ ജി 20 ഉച്ചകോടിക്കു സാധിക്കുമോയെന്ന് കാത്തിരുന്നു കാണാം.