• സമവായവും സമഭാവനയുംറഷ്യ- യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ഉച്ചകോടിയുടെ സമാപന പ്രസ്താവനയിൽ പരാമർശിക്കണമെന്ന് അമേരിക്കയും ജി 7 രാജ്യങ്ങളും ആവശ്യപ്പെടുന്പോൾ അതിനെതിരേ റഷ്യയും ചൈനയും കർശന നിലപാടിലാണ്. യുക്രെയ്ൻ വിഷയത്തിൽ ധാരണയിലെത്താനുള്ള ചർച്ചകൾ വിജയിക്കട്ടേയെന്നു പ്രത്യാശിക്കാം. ഉച്ചകോടിയിൽ സമവായം ഉരുത്തിരുമെന്നാണു പ്രതീക്ഷയെന്നാണ് ഇന്ത്യയുടെ ജി 20 ഷെർപയായ അമിതാഭ് കാന്ത് പറഞ്ഞത്.
ജി 20-യിലെ എല്ലാ അംഗരാജ്യങ്ങൾക്കും വീറ്റോ അധികാരമുള്ളതിനാൽ എല്ലാ വിഷയങ്ങളിലും സമവായമുണ്ടാകണമെന്നതാണു ഡൽഹി ചർച്ചയുടെ വെല്ലുവിളി. ചൈന ബഹുമുഖ കളിക്കാരനാണ്. ബഹുമുഖ ചർച്ചകളിലെ പ്രശ്നങ്ങൾ ഉഭയകക്ഷി പ്രശ്നങ്ങളിൽനിന്നു വ്യത്യസ്തമാണ്. ചൈനക്കാർ അവരുടെ കാഴ്ചപ്പാടിൽനിന്നു വളർച്ചയുടെയും വികസനത്തിന്റെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണെന്നും അമിതാഭ് വിശദീകരിക്കുന്നു. സംയുക്ത പ്രസ്താവനയെന്നോ, പ്രഖ്യാപനം എന്നോ പറയുന്ന ജി 20 ഉച്ചകോടിയുടെ സമാപന പ്രസ്താവനയിൽ സമവായമുണ്ടാക്കാൻ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. 2008നുശേഷം എല്ലാ ജി 20 ഉച്ചകോടികളിലും സംയുക്ത പ്രസ്താവനയ്ക്കായി യോജിപ്പിലെത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ചിംഗ്പിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽനിന്നു വിട്ടുനിന്നത് തിരിച്ചടിയാണ്. എന്നാൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവും എത്തി. ഇന്ത്യയുടെ അരുണാചൽ പ്രദേശും അക്സായി ചിൻ പ്രദേശവും ഉൾപ്പെടുത്തി ചൈന ഇറക്കിയ പുതിയ ഭൂപടവും ലഡാക്കിൽ ഇന്ത്യൻ പ്രദേശങ്ങളിലേക്കു നടത്തിയ കടന്നുകയറ്റവും വഷളാക്കിയ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്താനായില്ലെങ്കിൽ അമേരിക്കയുടെ സമ്മർദങ്ങൾക്ക് ഇന്ത്യ കൂടുതൽ വിധേയമാകേണ്ടി വരുമെന്നതും ആശങ്കയാണ്.
അന്താരാഷ്ട്ര അതിർത്തികൾ പൂർണമായി പാലിക്കേണ്ടതും എല്ലാ രാജ്യങ്ങളുടെയും അഖണ്ഡത ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് ഇന്തോനേഷ്യയിൽ നടന്ന കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന പ്രസക്തമാണ്.
• രാഷ്ട്രീയം കളിക്കാനല്ല ഉച്ചകോടിലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്ന ഉച്ചകോടിക്കിടെ തരംതാണ രാഷ്ട്രീയക്കളികളും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്നതും തീർത്തും തെറ്റാണ്. സഹകരണത്തിനും സമവായത്തിനും സമഭാവനയ്ക്കും സമാധാനത്തിനും പ്രാമുഖ്യം നൽകുന്ന ഉച്ചകോടിയുടെ സന്ദേശം രാജ്യത്ത് ആദ്യം പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രി മോദിക്കും കേന്ദ്രസർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും ഉത്തരവാദിത്വമുണ്ട്. ഭാരത് മണ്ഡപത്തിലെ പ്രത്യേക ഡൈനിംഗ് ഹാളിൽ ഉച്ചകോടിക്കെത്തുന്ന അതിഥികൾക്കായി രാഷ്ട്രപതി ദൗപദി മുർമു ആതിഥ്യമരുളുന്ന ഇന്നു രാത്രിയിലെ അത്താഴവിരുന്നിൽ പോലും രാഷ്ട്രീയം കടന്നുകൂടിയതു നിർഭാഗ്യകരമായി.
പ്രധാനമന്ത്രിയെ പോലെ ജനാധിപത്യത്തിൽ പ്രധാന പദവിയിലുള്ള പ്രതിപക്ഷ നേതാവും കാബിനറ്റ് മന്ത്രിയുടെ റാങ്കുമുള്ള മല്ലികാർജുൻ ഖാർഗെയെ രാഷ്ട്രപതിയുടെ വിരുന്നിലേക്കു ക്ഷണിക്കാതിരുന്നതാണു വിവാദമായത്. മുൻ പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ മുതൽ കോർപറേറ്റ് കുത്തക മുതലാളിമാരായ ഗൗതം അദാനി, മുകേഷ് അംബാനി, എൻ. ചന്ദ്രശേഖരൻ, കുമാർ മംഗളം ബിർള, സുനിൽ മിത്തൽ ഉൾപ്പെടെ 500 വ്യവസായ പ്രമുഖരെ ക്ഷണിച്ച അത്താഴവിരുന്നിലാണ് മുഖ്യ പ്രതിപക്ഷമായ കോണ്ഗ്രസിന്റെ ദേശീയ പ്രസിഡന്റുകൂടിയായ പ്രതിപക്ഷ നേതാവ് ഖാർഗെയെ തഴഞ്ഞത്.
വിവാദമായ “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്” നീക്കത്തിന് എണ്ണ പകരാനായി നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതിയിൽനിന്നു ഖാർഗെയെ ഒഴിവാക്കിയതു വിവാദമായതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ വിരുന്നിൽനിന്നുള്ള ഒഴിവാക്കൽ. ഇന്ത്യയും ഭാരതവും ഒരുമയോടെ ഉപയോഗിച്ചും അംഗീകരിച്ചും വന്നിരുന്ന രാജ്യത്ത് പെട്ടെന്നൊരു ദിവസം ഇന്ത്യയെ തഴഞ്ഞ് ഭാരതം എന്നാക്കി മാറ്റാനുള്ള കരുനീക്കവും അനാവശ്യമാണ്. ഇൻഡസ് വാലി സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നതും ഭരണഘടനാ ശില്പികൾ കൃത്യമായി തീരുമാനമെടുത്തിരുന്നതുമായ രാജ്യത്താണു വോട്ടുകൾ ലാക്കാക്കി വിവാദം സൃഷ്ടിക്കുന്നത്.
• വിവാദങ്ങളല്ല, വരട്ടെ വിജയങ്ങൾഒറ്റ തെരഞ്ഞെടുപ്പ്, ഭാരതം എന്ന പേരു മാറ്റം തുടങ്ങിയവ പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ പേരിൽ ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാമെന്നതാകും ബിജെപിയുടെ താത്പര്യം. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമുള്ള രാജ്യത്താകെ ഒരുമിച്ച് തെരഞ്ഞെടുപ്പെന്ന നീക്കവും രാഷ്ട്രീയലാക്കോടെയാണെന്നു കാണാനാകും.
മണിപ്പുർ കലാപം, ഹരിയാനയിലെ നൂഹിലെ വർഗീയ സംഘർഷം എന്നിവ മുതൽ രൂപയുടെ റിക്കാർഡ് വിലയിടിവ്, രൂക്ഷമായ അവശ്യസാധന വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ അടക്കമുള്ള കാർഷിക പ്രതിസന്ധി തുടങ്ങിയവ പരിഹരിച്ച് രാജ്യത്തെ പുരോഗതിയിലേക്കും സമാധാനത്തിലേക്കും നയിക്കുകയാണ് ആവശ്യം.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ