ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
Saturday, September 9, 2023 10:38 PM IST
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനിരോധനവും കെട്ടിടനിർമാണ അനുമതിയും വല്ലാത്ത പൊല്ലാപ്പിലാണ്. മൂന്നാറിലെ ഭൂമി കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന 2010ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ പേരിലുണ്ടായിരിക്കുന്ന പൊല്ലാപ്പുകളാണ് ഇന്നും ഇടുക്കിയിലെ ജനങ്ങളെയാകെ പരിഭ്രാന്തരാക്കുന്നത്.
ഇതിനു പരിഹാരം കാണുന്നതിനായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച ‘2023ലെ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി ) ബിൽ’ ആശങ്ക അകറ്റുന്നില്ല. ഇതിന്റെ പിന്നാലെ ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിർമാണവും മാത്യു കുഴൽനാടൻ എംഎൽഎയുടെ പേരിലുള്ള ചിന്നക്കനാലിലെ ഹോം സ്റ്റേ (റിസോർട്ട് എന്ന് ആരോപണം) നിർമാണവും തുറന്നുവിട്ടിരിക്കുന്ന വിവാദങ്ങൾ ഒടുങ്ങണമെങ്കിലും, ഇടുക്കി ജില്ലയിലെ 1960ലെ പതിവു നിയമപ്രകാരം നൽകിയിരിക്കുന്ന പട്ടയഭൂമിയിലെ നിർമാണതടസം ഒഴിവാകണമെങ്കിലും നിയമസഭാ സാമാജികർ ഹൃദയശുദ്ധിയോടെ വിഷയത്തെ സമീപിക്കണം.
1960ലെ കേരള ഭൂപതിവു നിയമത്തിലെ നിർമാണനിരോധനം ഒഴിവാക്കാനെന്ന പേരിൽ കഴിഞ്ഞ ഒൻപതിന് (9-8-2013) നിയമസഭ അംഗീകരിച്ച ‘2023 ലെ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’ അടുത്ത നിയമസഭാ സമ്മേളനത്തിൽ ചർച്ചയ്ക്കു വരുന്പോൾ അനധികൃത നിർമാണങ്ങൾ ക്രമവത്കരിച്ചു നൽകാൻ തീരുമാനിച്ചാൽ കർഷകരുടെമേൽ ഓങ്ങിനിൽക്കുന്ന നിർമാണനിരോധന വാൾ ഉറയിലാകില്ല. വീണ്ടും പ്രശ്നങ്ങൾ വിവാദങ്ങളായും കോടതി വ്യവഹാരങ്ങളായും കർഷകരെ ചുറ്റിവളഞ്ഞ് നിൽക്കും. ഭേദഗതി ബില്ലിൽ രണ്ടു ഭേദഗതികളാണ് നിർദേശിച്ചിരിക്കുന്നത്.
ഇതിൽ 4-എ ആയുള്ള ഭേദഗതി 1960ലെ നിയമപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ പട്ടയത്തിലെ വ്യവസ്ഥകളുടെയോ ചട്ടങ്ങളുടെയോ ലംഘനം നടത്തിയുള്ള നിർമാണങ്ങൾ, നിർണയിക്കപ്പെട്ട പ്രകാരം ക്രമവത്കരിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നു എന്നതാണ്. ഇതനുസരിച്ച് ഇപ്പോൾ തർക്കത്തിലും വ്യവഹാരത്തിലും ഒഴിപ്പിക്കൽ നടപടികളിലും നിൽക്കുന്ന സിപിഎം ഓഫീസ്, റിസോർട്ടുകൾ ഉൾപ്പെടെയുള്ളവ ക്രമവത്കരിക്കപ്പെടാം.
അതായത്, അതെല്ലാം അംഗീകൃതമാക്കും. നിയമവിരുദ്ധമായ നിർമാണങ്ങൾ ക്രമവത്കരിക്കുന്പോൾ സർക്കാരിന് സാന്പത്തികനേട്ടം ഉണ്ടായേക്കാം. എന്നാൽ പട്ടയമില്ലാത്ത റവന്യു, വനം ഭൂമിയിൽ ഉണ്ടായിരിക്കുന്ന നിർമാണങ്ങൾ എങ്ങനെ ക്രമവത്കരിക്കും എന്ന പ്രശ്നമുണ്ടാകാം.
നിയമത്തിലെ 3. 7-ാം വകുപ്പിന്റെ ഭേദഗതി ‘പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിർണയിക്കും’ എന്നതാണ്. ഇതുകൊണ്ട് ഇടുക്കിയിലെ ജനങ്ങൾ 2016 വരെ അനുഭവിച്ചുവന്നിരുന്ന ഭൂമിയുടെ സ്വതന്ത്ര വിനിയോഗം അനുവദിച്ചുകിട്ടില്ല. അതിനാൽ അത് സാധാരണക്കാരായ ജനങ്ങൾക്കും കർഷകർക്കും പ്രയോജനപ്പെടില്ല.
പതിച്ചുനൽകിയ ഭൂമിയിൽ ജീവനോപാധിയായും സാമൂഹികാവശ്യമായും സ്ഥാപനങ്ങളും സംരംഭങ്ങളും ആരംഭിക്കാൻ കഴിയാതെ നടപടിയും ക്രമങ്ങളുമായി ജനങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കു ഭ്രമണം ചെയ്ത് കാലം കഴിക്കേണ്ടി വരും.
മൂന്നാറിലെ ഭൂമി കൈയേറ്റം യാഥാർഥ്യമായി മുന്നിൽ നിൽക്കുന്പോൾ അതിനെതിരേ നടപടിയെടുക്കാതെ സാധാരണക്കാരെ വഴിയാധാരമാക്കി ഭൂമി മുഴുവൻ നിക്ഷിപ്ത താത്പര്യക്കാർക്ക് ഉപയോഗിക്കാൻ പാകപ്പെടുത്തലായി ഭൂ ഭേദഗതി നിയമം മാറാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണ്ടിവരും.
നിർമാണനിരോധനം വന്ന വഴി
മൂന്നാറിലെ ഭൂമികൈയേറ്റത്തിനെതിരേ വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന ഹൈക്കോടതിയിൽ 2010ൽ നൽകിയ ഹർജിയിലുണ്ടായ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നാറിലെ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ചുവടുപിടിച്ച് പള്ളിവാസൽ വില്ലേജിൽ നിർമിച്ച ഒരു റിസോർട്ടിന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ് മെമ്മോ സാധൂകരിക്കാൻ സർക്കാർ അഭിഭാഷകൻ 1960ലെ ഭൂപതിവു നിയമം വ്യാഖ്യാനിച്ചതാണ് പ്രശ്നത്തിലെത്തിച്ചത്.
ഭൂമി പതിച്ചു നൽകിയത് വീടുവയ്ക്കാനും കൃഷിക്കും മാത്രമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതിന് അന്നത്തെ ജില്ലാ കളക്ടറും ഒത്താശ ചെയ്തു. (നിലവിൽ റവന്യു ലാൻഡ് ബോർഡ് ഡയറക്ടറാണ് അദ്ദേഹം).
മൂന്നാറിലെ ഭൂമി കൈയേറ്റം തടയാനെന്ന പേരിൽ 2016ൽ ജില്ലയിലെ എട്ടു വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം നിർബന്ധമാക്കി. ഇത് വീണ്ടും സാധാരണക്കാർക്ക് വിനയായി. 2019 ഓഗസ്റ്റ് 22ന് ജില്ലയിൽ വീടുകൾ ഒഴിച്ചുള്ള മുഴുവൻ നിർമാണങ്ങളും നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. ഇത് വിവേചനമാണെന്നു ചൂണ്ടിക്കാട്ടി വെള്ളത്തൂവലിലെ സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചതോടെ നിരോധനം കേരളം മുഴുവൻ ബാധകമാക്കി കോടതി ഉത്തരവുണ്ടായെങ്കിലും ഇടുക്കി ജില്ലയിൽ മാത്രമാണു നടപ്പിലായത്. ഇതോടെയാണ് 1960ലെ ഭൂ പതിവു നിയമത്തിന് ഭേദഗതി വരുത്താൻ സർക്കാർ ആലോചിച്ചത്.
പുതിയ ഭേദഗതി ബില്ലനുസരിച്ച് പട്ടയവ്യവസ്ഥകൾക്ക് വിരുദ്ധമായി പാറമടകൾ വരെ സർക്കാരിന് ക്രമവത്കരിച്ചു നൽകാനും കഴിയും. നിയമഭേദഗതിയിൽ നാളിതുവരെ (2016 വരെ) തുടരുന്ന പ്രവൃത്തികൾ തുടരാൻ അനുവദിച്ചാൽ (കസ്റ്റമറി പ്രാക്ടീസ്) നിസാരമായി പ്രശ്നപരിഹാരമുണ്ടാക്കാം. 1960ലെ നിയമത്തിൽ വീടും കൃഷിയും മാത്രമെന്നു വ്യവസ്ഥയുണ്ടെന്ന വാദം പിൻവലിച്ചാലും പ്രശ്നപരിഹാരമാകും. സാധാരണ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന തരത്തിൽ ആധുനിക കാലഘട്ടത്തിനനുസരിച്ച് കൃഷി ഇതര തൊഴിലുകൾ ചെയ്തു ജീവിക്കാൻ ഇടുക്കി ജില്ലയിലെ ആളുകൾക്കും അവകാശം നൽകുകയാണു വേണ്ടത്.