പോളണ്ട് പ്രധാനമന്ത്രി ജോസഫ് സിരാൻകിയേവിക്സ്, നോർവെ പ്രധാനമന്ത്രി എലിനർ ജെർഹാർ്ഡ്സെൻ, ഈജിപ്തിന്റെയും സിറിയയുടെയും പഴയ രൂപമായ യുഎആറിന്റെ പ്രസിഡന്റ് ഗമേൽ അബ്ദേൽ നാസേർ, അർജന്റെെൻ പ്രസിഡന്റ് അർടുറോ ഫ്രോൻഡിസി, സാംബിയൻ പ്രസിഡന്റ് കെന്നത്ത് കോണ്ട, എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസീ, ബംഗ്ലാദേശ് പ്രസിഡന്റ് അബു സഈദ് ചൗധരി, വിയറ്റ്നാം പ്രധാനമന്ത്രി ഫാം വാൻ ഡോംഗ്, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് ദൗദ്, ജനീവയിലെ ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ദുയാർതെ പച്ചികോ എന്നിവരും ഇന്ത്യയിലെത്തി സെൻട്രൽ ഹാളിൽ പ്രസംഗിച്ചവരാണ്.
ഇല്ലാതാകുന്ന രാഷ്ട്രീയ പാലം സ്വതന്ത്ര റിപ്പബ്ലിക് ആയതു മുതൽ ഇന്ത്യയിലെ ഏറ്റവും നിർണായകമായ രാഷ്ട്രീയ ചർച്ചകളുടെ വേദിയായിരുന്ന സെൻട്രൾ ഹാളാണു തന്ത്രപരമായി മോദി ഇല്ലാതാക്കിയത്. പുതിയ ത്രികോണ പാർലമെന്റ് മന്ദിരത്തിൽ പവിത്രവും സജീവവുമായിരുന്ന സെൻട്രൽ ഹാൾ ഇല്ല! ബോധപൂർവം ഇല്ലാതാക്കിയതാണെന്നതിൽ കേന്ദ്രമന്ത്രിമാർക്കു പോലും സംശയമില്ല.
കക്ഷിവ്യത്യാസവും വലിപ്പച്ചെറുപ്പവുമില്ലാതെ മന്ത്രിമാരും നേതാക്കളും എംപിമാരും ചർച്ചകൾ നടത്തിയിരുന്നത് ഇവിടെയാണ്. അന്തരിച്ച അരുണ് ജെയ്റ്റ്ലി മുതൽ അഹമ്മദ് പട്ടേൽ വരെയുള്ളവർ എല്ലാ ദിവസവും സെൻട്രൽ ഹാളിനെ സജീവമാക്കിയിരുന്നവരാണ്. പ്രധാനമന്ത്രിമാരും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ദിവസം ഒരു തവണയെങ്കിലും ഇവിടെയെത്തിയിരുന്നു. പ്രവേശനപാസ് ഉള്ള ആർക്കും പരസ്പരം കൂടിക്കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നുവെന്നതാണു പ്രത്യേകത.
ഗൗരവമേറിയ രാഷ്ട്രീയ, നിയമനിർമാണ ചർച്ചകൾ മുതൽ ഗോസിപ്പുകൾ വരെ എല്ലാം ഇവിടെ നടന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലും മാധ്യമങ്ങളുമായും നേതാക്കളും എംപിമാരും പാലം തീർത്തിരുന്ന സ്ഥലംകൂടിയായിരുന്നു. പതിറ്റാണ്ടുകളായി ലോക്സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരുടെ സംഗമവേദിയായിരുന്നു സെൻട്രൽ ഹാൾ. മുൻ എംപിമാർക്കും പ്രവേശനമുണ്ട്.
സെൻട്രൽ ഹാൾ ചർച്ചകളിലെ അവിഭാജ്യഘടകമായിരുന്ന മുതിർന്ന പത്രപ്രവർത്തകർക്കു കോവിഡിന്റെ മറവിൽ നിഷേധിച്ച പ്രവേശനം പിന്നീടൊരിക്കലും അനുവദിച്ചില്ല. രണ്ടു പതിറ്റാണ്ടിന്റെ അനുഭവമാണ് ലേഖകന് സെൻട്രൽ ഹാളിലുണ്ടായിരുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംപിമാരുടെ പങ്കാളികൾ എന്നിവരും വല്ലപ്പോഴും സെൻട്രൽ ഹാളിലെത്തിയിരുന്നു.
പകരം വയ്ക്കാനില്ലാത്ത ഹാൾ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായാലും ഇനിയൊരു സെൻട്രൽ ഹാൾ ഇല്ലാതാക്കിയാണു പുതിയ പാർലമെന്റിന്റെ നിർമിതി. പകരം വയ്ക്കാനില്ലാത്ത സംഗമവേദിയുടെ നഷ്ടം ജനാധിപത്യത്തിലെ നന്മകളുടെകൂടി തീരാനഷ്ടമാണ്.
ലോക്സഭയുടെ പിന്നിലെ മറ മാറ്റിയാകും ഇനി സംയുക്ത സമ്മേളനം നടത്തുക. പാർലമെന്റിലെ സെൻട്രൽ ഹാൾ ഇല്ലാതാകുന്നതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തുറവിയുടെയും ചടുലമായ നീക്കങ്ങളുടെയും നേതാക്കളുടെ പരസ്പരമുള്ള തുറന്ന ചർച്ചകളുടെയും പ്രധാന വേദിയാണു കൊട്ടിയടയ്ക്കുന്നത്. ചരിത്രം ഉറങ്ങുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്ന സുപ്രധാന വേദിയാണു ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു തള്ളിയിട്ടത്.
സെൻട്രൽ ഹാളിന് ഗുഡ്ബൈ ‘ഗുഡ് ബൈ, സെൻട്രൽ ഹാൾ’ എന്നാണ് തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയൻ ഇന്നലെയെഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. രാജ്യത്തെ പരിപാവനമായ ഹാൾ ആണ് സെൻട്രൽ ഹാൾ. ഇന്ത്യൻ പാർലമെന്റിന്റെ ഏറ്റവും സൗഹാർദപരവും അവിസ്മരണീയവുമായ ഇടമായിരുന്നു സെൻട്രൽ ഹാൾ എന്ന് ഡെറിക് ഓർമിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹിമയുടെയും പ്രതാപത്തിന്റെയും പ്രതീകമാണു സെൻട്രൽ ഹാൾ എന്നാണ് മറ്റൊരു ലേഖനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്.
അർധരാത്രിയിലെ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെയും ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിന്റെയും ഭരണഘടനാ അസംബ്ലിയുടെയും വേദിയായ ചരിത്രത്തിന്റെ സാക്ഷിയാണു പാർലമെന്റിലെ സെൻട്രൽ ഹാൾ. മനോഹരമായ തലതിരിഞ്ഞ ഫാനുകളും രാജസ്ഥാനിൽനിന്നുള്ള കല്ലുകളിൽ ചിത്രപ്പണി ചെയ്തെടുത്ത ജനാലകളും മകുടത്തോടെ വൃത്താകൃതിയിലുള്ള മേൽക്കൂരയും ഹാളുമെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോ ദൃശ്യങ്ങളിലൂടെയും ജനമനസിൽ തെളിഞ്ഞുനിൽക്കുന്നുണ്ടാകും. ലോക്സഭ (പഴയ ഹൗസ് ഓഫ് കോമണ്സ്), രാജ്യസഭ (ഹൗസ് ഓഫ് ലോർഡ്സ്), റീഡിംഗ് റൂം (ഹൗസ് ഓഫ് ദി പ്രിൻസ്ലി സ്റ്റേറ്റ്സ്) എന്നീ ഹാളുകളുടെ മധ്യത്തിലുള്ള വിശാല ഹാൾ ആയതിനാലാണ് സെൻട്രൽ ഹാൾ എന്ന പേരു വന്നത്.
സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്നു സെൻട്രൽ ഹാൾ. സ്വതന്ത്ര ഇന്ത്യയെ നിർവചിച്ച രാഷ്ട്രീയ ഘടനകൾക്കു രാഷ്ട്രപിതാക്കൾ രൂപം നൽകിയ ഇടം. ത്രിവർണ പതാക, ദേശീയഗാനം, ഭരണഘടനയുടെ കരട് എന്നിവ സ്വീകരിച്ചതും ഇതിന്റെ വട്ടത്തിനുള്ളിലാണ്.
ആധുനിക ഇന്ത്യയുടെ ഗതി നിർണയിച്ച സംഭവങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവാണ് ഈ മധ്യ ഹാൾ. സ്വതന്ത്ര രാജ്യമായുള്ള പരിണാമത്തിലും പിന്നീടും സെൻട്രൽ ഹാളിനു ചരിത്രത്തിലെ ഏറ്റവും സുപ്രധാന സ്ഥാനമുണ്ട്.