Monday, September 18, 2023 1:15 AM IST
ചുരാചാന്ദ്പുർ നഗരം പിടിച്ചടക്കണമെന്നത് മെയ്തെയ്കളുടെ വലിയൊരാഗ്രഹമായിരുന്നു. അതിനുവേണ്ടി നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് തങ്ങളുടെ വീടുകൾക്കടിയിൽ തുരങ്കങ്ങൾ തീർത്ത് ആശുപത്രിയും ആയുധശേഖരവും നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ കലാപം ഇതെല്ലാം വെളിച്ചത്തുകൊണ്ടുവന്നു.
കുക്കികൾ ജെസിബികൾ ഉപയോഗിച്ച് ഇതെല്ലാം ഇളക്കിമറിച്ച് തൂത്തുവാരുകയും ചെയ്തു. ഇനിയെന്ത് എന്ന് ആലോചിച്ചാണ് മൈരാപൈബിസ് എന്ന പെൺനിരയെ മുന്നിൽനിർത്തിയും മണിപ്പുർ കമാൻഡോസ്, സംസ്ഥാന പോലീസ്, മെയ്തെയ് ലിപൂൺ, ആരംബായി തെങ്കോൾ തുടങ്ങിയ മെയ്തെയ് ഒളിപ്പോരാളികളെ പിന്നിൽ നിർത്തിയും ചുരാചാന്ദ്പുർ നഗരം പിടിച്ചെടുക്കാൻ മെയ്തെയ്കൾ ഉദ്യമിച്ചത്.
ചുരാചാന്ദ്പുരിനടുത്തുള്ള തെങ്നോപ്പാൽ, തൗബാൽ, ചന്ദേൽ, പല്ലേൽ എന്നീ സ്ഥലങ്ങളിൽ മെയ്തെയ് ഒളിപ്പോരാളികൾ മണിപ്പുരി കമാൻഡോസിന്റെ വസ്ത്രം ധരിച്ച് ഒരുങ്ങിനിന്നിരുന്നു. മണിപ്പുർ പോലീസിനെ കനത്തതോതിൽ ഈ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്നുവെങ്കിലും യഥാർഥ പോലീസിനെയും ഒളിപ്പോരാളികളെയും തിരിച്ചറിയാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഈ മാസം എട്ടിന് ഇംഫാൽ നഗരത്തിലെങ്ങും നിരോധനാജ്ഞ നിലവിൽ വന്നിരുന്നുവെങ്കിലും മൈരാ പൈബിസിന് അതൊന്നും ബാധകമായിരുന്നില്ല.
ട്രക്കുകളിൽ കുത്തിനിറയ്ക്കപ്പെട്ട് മൈരാ പൈബിസ് ചുരാചാന്ദ്പുരിലേക്കു പോകുന്നതിനായി പല്ലേലിലേക്കു നീങ്ങി. മണപ്പുർ പോലീസ് കമാൻഡോസ് മൈരാ പൈബിസിന് വിലക്കുകൾ ലംഘിച്ചു മുന്നേറാൻ നിർല്ലോഭം അവസരമൊരുക്കി.
ചുരാചാന്ദ്പുരിലേക്കുള്ള വഴിയിൽ ബിഷ്ണപൂർ ജില്ലയിലെ തോർബുങ്ങ് മേഖലയിലാണ് മൈരാ പൈബിസും മണിപ്പുർ കമാൻഡോകളുമടങ്ങിയ ജനക്കൂട്ടത്തെ പട്ടാളം ശക്തമായി പ്രതിരോധിച്ചത്. കുക്കികളെയും മെയ്തെയ്കളെയും വേർതിരിച്ച് ആരുടെ ഭാഗത്തുനിന്നും കടന്നാക്രമണങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയിരുന്ന പ്രദേശത്തേക്കാണ് മെയ്തെയ് സംഘം ഇരച്ചെത്തിയത്. ടിയർ ഗ്യാസ് ഷെല്ലുകളും ഗ്യാസ് ബോംബുമടങ്ങിയ സന്നാഹങ്ങളോടെ ആസാം റൈഫിൾസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശക്തമായ പ്രതിരോധനിര സൃഷ്ടിച്ചു. പക്ഷെ, തൗബാൽ വഴി ക്വാത്താ ഫുഗാക്ച്ചോ, ഇക്കായി എന്ന പ്രദേശങ്ങളിലൂടെ മെയ്തെയ് ഒളിപ്പോരാളികൾ മോൾനോയി മലനിരകളിലേക്കു കടന്നുകയറി.
മലമുകളിൽനിന്ന് ആസാം റൈഫിൾസും താഴ്്വരയിൽനിന്ന് കുക്കി ഒളിപ്പോരാളികളും പ്രതിരോധിച്ചു. ഇതിനിടയിൽപ്പെട്ട മെയ്തെയ് ഒളിപ്പോരാളികൾ രണ്ടു ഭാഗത്തുനിന്നുമുണ്ടായ പ്രത്യാക്രമണത്തിൽ നിലംപരിശായി. ഇരുപതിലേറെ മെയ്തെയ് ഒളിപ്പോരാളികൾ കൊല്ലപ്പെട്ടുവെന്നാണ് അനുമാനിക്കുന്നത്. അവരുടെ മൃതദേഹങ്ങൾ എടുക്കാൻപോലുമാകാതെ കലാപ മേഖലയിൽ ചിതറിക്കിടന്നിരുന്നു. മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ മുസ്ലിംകളായ പാങ്ങന്മാരും നാഗൻമാരുമാണ് മൃതദേഹങ്ങൾ മെയ്തെയ്കൾക്ക് എടുത്തു നൽകിയിരുന്നത്. എന്നാൽ ഇത്തവണ അവരും മൃതദേഹങ്ങൾ എടുത്തുകൊടുക്കാൻ തയാറായില്ല.
താഴ്വരയിലെ പത്രമാധ്യമങ്ങളിൽ ഒരാൾ മരിച്ചുവെന്നും ഇരുനൂറിലേറെപ്പേർ അപകടത്തിനിരയായെന്നും മാത്രം വാർത്ത നൽകി മെയ്തെയ്കൾക്കേറ്റ കനത്ത ആഘാതം മറച്ചുവച്ചു. ഈ സംഘർഷത്തിന്റെ ഫലമായി എട്ടിന് മെയ്തെയ്കൾ കർഫ്യൂ പ്രഖ്യാപിച്ചു. അതേത്തുടർന്ന് പത്തു വരെ ഇംഫാൽ നഗരത്തിൽ കനത്ത പട്ടാളത്തിന്റെയും പോലീസിന്റെയും വിന്യാസമുണ്ടായിരുന്നെങ്കിലും റോഡുകളിൽ നിലയുറപ്പിച്ച മൈരാ പൈബിസും മെയ്തെയ് സംഘടനകളുടെ പുരുഷ അംഗങ്ങളും ചേർന്ന് വാഹനങ്ങൾ പരിശോധിക്കുകയും മിക്കവരെയും തിരിച്ചുവിടുകയും അല്ലാത്തവരെ സംഘടിതമായി ചോദ്യങ്ങൾക്കും പരിശോധനകൾക്കും മാത്രം വിധേയരാക്കി ഇംഫാൽ നഗരത്തിലേക്ക് കടത്തിവിടുകയും ചെയ്തിരുന്നു.
പത്തിനും 11നും മുഖ്യമന്ത്രിയടക്കമുള്ള മെയ്തെയ് എംഎൽഎമാരുടെ വീടികളിലെത്തി മെയ്തെയ്കൾ മണിപ്പുരിന്റെ അഖണ്ഡതയ്ക്കുവേണ്ടി നിലകൊള്ളണമെന്ന പ്രമേയം ഒപ്പിടുവിച്ചു. 24 ജനപ്രതിനിധികൾ ഈ പ്രമേയത്തിനൊപ്പമുണ്ട് എന്ന് ഉറപ്പാക്കി. പിറ്റേന്ന് ജനപ്രതിനിധികളെല്ലാം ഡൽഹിയിലെത്തി മണിപ്പുർ കലാപത്തിനറുതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുവഴി അവർ ജനങ്ങളുടെ രൂക്ഷമായ പ്രതിഷേധത്തിൽനിന്നു രക്ഷപ്പെട്ടു.
ചുരാചന്ദ്പുരിലുണ്ടായ തീവ്രമായ നഷ്ടങ്ങൾക്കും പ്രതിഛായ നഷ്ടത്തിനും പകരമായി 12ന് മെയ്തെയ് ഒളിപ്പോരാളികൾ കാംഗോക്പിയിൽ മൂന്നു കുക്കികളെ വെടിവച്ചുകൊന്നു. അതിരാവിലെ ലമെയ്കോമിൽനിന്ന് കാംഗോക്പിയിലേക്കു വരികയായിരുന്ന സത്നേയോ തൂന്പോയ്, ങ്ങാംമിൻ ലുൺ ലുവും, ങ്ങാംമിൻ ലുൺ കിപ്ഗെൻ എന്നിവരെയാണ് രാവിലെ 6.20ന് ഇരെങ്ങിനും കരാംവൈഫൈയ്ക്കുമിടയിൽ വച്ച് ഒളിച്ചിരുന്നു വെടിവച്ചു കൊന്നത്.
പ്രതികാരമായി കുക്കികൾ ബിഷ്ണുപുരിലെ മെയ്തെയ് ഗ്രാമങ്ങൾ ആക്രമിക്കുകയും അവിടത്തെ ഒളിപ്പോരാളികളുമായി ഏറ്റമുട്ടുകയും ചെയ്തു. ജീവനാശമൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. കുക്കികളെ വെടിവച്ചുകൊന്നതിനെ കുക്കി സംഘടനകളായ ഐടിഎൽഫ്, സിഒടിയു എന്നിവർ അപലപിക്കുകയും കോഹിമയിൽനിന്ന് ഇംഫാലിലേക്കുള്ള നാഷണൽ ഹൈവേ ഉപരോധിച്ച് ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മരണമടഞ്ഞവർക്കായി മോട്ടുബുങ്ങിൽ അനുശോചന ചടങ്ങുകൾ നടത്തുകയും മെയ്തെയ്കൾക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് കുക്കികൾ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
13ന് രാവിലെ മെയ്തെയ് ഗ്രാമമായ ബിഷ്ണുപുരിലെ ഫുബാലമാനിത്തിൽ കുക്കികൾ ആക്രമണം നടത്തി. മണിപ്പുർ പോലീസിലെ എസ്ഐ ഓത്ത്ഖോമങ്ങ് ഹൊക്കിപ്പ് മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്ഐ മരണമടഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കാംഗോക്പിക്കാരനായ ഹോക്കിപ്പ് കുക്കിയാണെന്ന് കരുതപ്പെടുന്നു. ചുരാചന്ദ്പുരിൽ സേവനത്തിന് നിയുക്തനായ എസ്ഐ ആക്രണ പ്രത്യാക്രമണത്തിൽ മൃത്യുവരിച്ചെന്നു മാത്രമേ മണിപ്പുർ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചുള്ളു. കുക്കി ഒളിപ്പോരാളികൾ ബിഷ്ണുപുരിയിലെ മെയ്തെയ് ഗ്രാമങ്ങളിലും ആക്രമണമഴിച്ചുവിട്ട് മൂന്നുപേരെ കൊല ചെയ്തതിന് പകരം ചോദിച്ചുകൊണ്ടിരിന്നു.
സമാധാനത്തിനായി കേഴുന്ന മണിപ്പുർ -2/ജനതറൂബെൻ കിക്കോൺ, ഇംഫാൽ
(തുടരും)