Tuesday, September 19, 2023 12:24 AM IST
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള മെയ്തെയ് സംഘടനകളുടെ സന്നാഹത്തിനു തടയിടുന്നത് പ്രധാനമായും ആസാം റൈഫിൾസാണ്. സംസ്ഥാനത്തെ മണിപ്പുർ കമാൻഡോസ്, മണിപ്പുർ പോലീസ്, ഐആർബി എന്ന ഇന്ത്യൻ റിസർവ് ബറ്റാലിയൻ എന്നിവയിലെല്ലാം നിറയെ മെയ്തെയ്കളാണ്.
അതുകൊണ്ട് മെയ്തെയ്കളുടെ ആക്രമണപദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് മണിപ്പുർ പോലീസ് സംഘമാണെന്ന് കുക്കികൾ പറയുന്നു. മൈരാ പൈബിസിന് നിർബാധം പ്രവർത്തനാനുമതി നൽകുന്നതും ഇവരാണത്രെ. കുക്കികളെ ആക്രമിക്കുന്നതിനു നേതൃത്വം നൽകുന്ന മെയ്തെയ് ഒളിപ്പോരാളികൾ പോലീസ് യൂണിഫോമിലാണ് വിലസുന്നത്. തൻമൂലം കുക്കികൾ മണിപ്പുർ പോലീസിനെ അവിശ്വസിക്കുന്നു.
മെയ്തെയ്കളുടെ അന്യായമായ ആവശ്യങ്ങൾ നിഷേധിക്കുന്നതും കുക്കികളും മെയ്തെയ്കളുമായി സംഘർഷമുണ്ടാവാതിരിക്കുന്നതും ആസാം റൈഫിൾസിന്റെ നിതാന്ത ശ്രമഫലമാണ്. എന്നാൽ, മെയ്തെയ്കൾ ആരോപിക്കുന്നത് ആസാം റൈഫിൾസും കുക്കികളും പക്ഷം ചേർന്ന് തങ്ങളെ ആക്രമിക്കുന്നുവെന്നാണ്. ഇതുമൂലം ആസാം റൈഫിൾസിനെ മണിപ്പുരിൽനിന്ന് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആരുടെയും പക്ഷം ചേരാതെ കുക്കികളുടെയും മെയ്തെയ്കളുടെയും മധ്യത്തിൽനിന്ന് ഇരുവിഭാഗവും അന്യോന്യം ആക്രമിക്കാതെ, ആക്രമിച്ചാൽ റബർ ബുള്ളറ്റുകളും ടിയർഗ്യാസുമുപയോഗിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിടുന്നതിന് ശക്തമായി ഇടപെടുന്നവരാണ് ആസാം റൈഫിൾസ്.
ആർമിയിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് ആസാം റൈഫിൾസിലെ അംഗങ്ങൾ. അതിന്റെ ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലും നിരവധി കമാൻഡേഴ്സും മലയാളികളാണ്. നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ആസാം റൈഫിൾസിനെതിരേ കടുത്ത ആരോപണങ്ങളാണ് മൈരാ പൈബിസും ഇംഫാൽ പത്രങ്ങളും മറ്റു മാധ്യമങ്ങളും നടത്തുന്നത്. കൂടാതെ, ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയുംമേൽ കനത്ത സമ്മർദം ചെലുത്തുന്നു. എന്നാൽ, ഇതൊന്നും ഇതുവരെ ഫലവത്തായിട്ടില്ല.
മുണ്ടുടുത്തു വരുന്ന മൈരാ പൈബിസ് മുണ്ടുരിഞ്ഞു നഗ്നത കാണിച്ച് ആസാം റൈഫിൾസ് അംഗങ്ങളെ അപമാനിക്കുന്നുവെന്ന് പലപ്പോഴും രോഷത്തോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ ലേഖകനോട് പങ്കുവച്ചിട്ടുണ്ട്. മനോരമ എന്ന ഒരു മുൻകാല മെയ്തെയ് ഒളിപ്പോരാളിയെ ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് ആസാം റൈഫിൾസാണെന്നു പറഞ്ഞ് ഇംഫാലിലെ കാംഗ്ലോപാക്ക് എന്ന പഴയ രാജകൊട്ടാരത്തിന്റെ മുന്നിൽ നാല്പതോളം പേരടങ്ങിയ മൈരാ പൈബിസ് നഗ്നരായി, തങ്ങളെയും ബലാത്സംഗം ചെയ്യൂവെന്ന് ആകോശിച്ച് നിലയുറപ്പിച്ചത് ഇന്ന് നഗരത്തിലെങ്ങും പാട്ടാണ്. എന്ന് ആസാം റൈഫിൾസ് പിൻവലിക്കപ്പെടുന്നുവോ അന്ന് അതിരൂക്ഷമയ വർഗീയസംഘർഷം മണിപ്പുരിലെങ്ങും നടമാടി ചോരപ്പുഴയൊഴുകും എന്നാണ് സ്വതന്ത്ര നിരീക്ഷകർ മുന്നറിയിപ്പു നൽകുന്നത്. ആസാം റൈഫിൾസിന്റെ സമയോചിതമായ ഇടപെടലുകളാണ് മണിപ്പുരിനെ ഇപ്പോൾ സംരക്ഷിക്കുന്നത്.
കേസുകളിലൂടെ ഭീഷണി
ഇംഫാൽ നഗരത്തിലെ പത്ര, ഡിജിറ്റൽ മാധ്യമങ്ങൾ പൂർണമായും മെയ്തെയ് വായ്ത്താരികൾ മാത്രമേ വെളിവാക്കുന്നുള്ളൂ. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് അവർ അനുദിനം പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളിലും ഡൽഹിയിൽനിന്നുള്ള വാർത്താമാധ്യമങ്ങളിലും തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകൾ വരുന്നതിനെ മെയ്തെയ്കൾ എതിർക്കുകയും അവർക്കെതിരായി കേസെടുക്കുകയും ചെയ്യുന്നുണ്ട്.
സുപ്രീംകോടതി അഭിഭാഷകനായ ഗോൺസാൽവസ്, വനിതാ നേതാവ് ആനി രാജ, എഡിറ്റേഴ്സ് ഗിൽഡ് നേതാക്കൾ എന്നിവർക്കെല്ലാം എതിരായി ഇംഫാലിൽ എഫ്ഐആർ ഇടുകയും അവരെ അറസ്റ്റ് ചെയ്യാൻ കോടതികൾ ഉത്തരവിടുകയും ചെയ്യുന്ന സന്ദർഭത്തിൽ സുപ്രീംകോടതി ഇടപെട്ട് അറസ്റ്റ് തടയുകയും മണിപ്പുർ ഹൈക്കോടതിയെത്തന്നെ ശാസിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും അഭിഭാഷകർ കുക്കികൾക്ക് അനുകൂലമായി വാദിക്കാനൊരുങ്ങുകയാണെങ്കിൽ അവർക്കെതിരായി കനത്ത ആക്രമണമുണ്ടാവും.
മെയ്തെയ് പ്രീണനം
അവസാനത്തെ കുക്കിയെയും ഇംഫാൽ നഗരത്തിൽനിന്നു തുടച്ചുമാറ്റി മെയ്തെയ്കൾ മാത്രമുള്ള പ്രദേശമാക്കിയ ബിരേന്റെ ഭരണക്രമം പൂർണമായും മെയ്തെയ് വർഗാനുകൂലമാണ്. അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളിൽ മെയ്തെയ് ഭൂരിപക്ഷത്തിന്റെ രക്ഷകനായി അറിയപ്പെടുന്ന ബിരേനെ ഉപേക്ഷിക്കാൻ ബിജെപിയും ഒരുക്കമല്ല. കോൺഗ്രസുകാരനായ മുൻ മുഖ്യമന്ത്രിയും മെയ്തെയ് പ്രീണനത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല. വർഗീയപ്രീണന നയംമൂലം വിഭാഗീയത തുലോം വർധിച്ചുവരുന്നതേയുള്ളൂ. തൻമൂലം മണിപ്പുരിന്റെ അഖണ്ഡതയ്ക്കായി പോരാടുന്ന മെയ്തെയ്കൾക്ക് താഴ്വര മാത്രമേ ലക്ഷ്യമുള്ളൂ. മലയോരങ്ങൾ അവരുടെ അവബോധത്തിലില്ല.
വർധിച്ചുവരുന്ന വിഭാഗീയതയും മാനസിക, പ്രാദേശിക അകൽച്ചകളും അടുത്തകാലത്തൊന്നും മാറുന്ന ലക്ഷണമില്ല. കേന്ദ്രത്തിന്റെ അവഗണനയും നിസാരവത്കരണവും മൂലം അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന മണിപ്പുരിൽ സമാധാനം പുലരണമെന്ന ആശയം വിളിച്ചുപറയുന്നവരുണ്ടെങ്കിലും അവരുടെ ശബ്ദം താരതമ്യേന ഉയർന്നുകേൾക്കുന്നില്ല. വിഭജനത്തിന്റെയും വിഭാഗീയതയുടെയും അട്ടഹാസങ്ങളാണ് ഇന്നും മണിപ്പുരിലെങ്ങും മുഴങ്ങുന്നത്.
സമാധാനമെന്ന മരീചിക
സെപ്റ്റംബർ പത്തിനു നടന്ന സാഫ് അണ്ടർ 16 ഫുട്ബോൾ മാച്ചിൽ ബംഗ്ലാദേശിനെ രണ്ടു ഗോളുകൾക്ക് ഇന്ത്യൻ യൂത്ത് ടീം തോല്പിച്ചത് ലെയ്റെൻജാം എന്ന മെയ്തേയ് കളിക്കാരന്റെയും സാങ്മിൻ ലുൻ എന്ന കുക്കി കളിക്കാരന്റെയും ഗോളുകൾ മൂലമാണ്.
11 മെയ്തെയ്കളും നാല് കുക്കികളും ഒരുമയോടെ കളിച്ചാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തങ്ങളുടെ ഒരുമ മണിപ്പുരിന് പാഠമാവട്ടെ എന്ന് ഇംഫാലിൽ വിമാനമിറങ്ങിയ ഈ ചെറുപ്പക്കാർ അഭിപ്രായപ്പെട്ടു. അതുപോലെ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ സമാധാനശ്രമങ്ങൾ നടത്തണമെന്ന അഭിപ്രായം ചിലരെങ്കിലും മുന്നോട്ടു വച്ചിട്ടുണ്ട്. പല സമാധാന സംഘങ്ങളും ഇരു വിഭാഗങ്ങളുമായി സംസാരിക്കുന്നുണ്ടെങ്കിലും ഇരു വിഭാഗത്തെയും നേതാക്കളെ ഒരു മേശയ്ക്കു ചുറ്റുമിരുത്താൻ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല.
ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ചുവെന്ന് കുക്കികൾ കരുതുന്ന ബിരേൻ മണിപ്പുരിന്റെ മൊത്തം നേതാവല്ല, മെയ്തെയ്കളുടെ മാത്രം നേതാവായാണ് ഇപ്പോൾ നിലകൊള്ളുന്നത്. അവരുടെ രക്ഷകനായി അവതരിപ്പിച്ച ബിരേനെ മാറ്റുന്നതിന് കേന്ദ്രവും തയാറല്ല.
ബിരേനുമായി യാതൊരു സംഭാഷണത്തിനും കുക്കികൾ തയാറുമല്ല. ഓരോ ദിവസവും മണിപ്പുരിലെ ജനവിഭാഗങ്ങളും അകന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അലയൊലികൾ അടുത്ത സംസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. വലിയൊരു ഹിമാലയൻ ഭൂകന്പമായി നോർത്ത് ഈസ്റ്റ് പ്രദേശത്തെ ആകമാനം വിഴുങ്ങുന്ന സ്ഫോടനാത്മകമായ അന്തരീക്ഷമാണ് വളർന്നുവരുന്നത്.
അധികാരികൾ ശ്രദ്ധിച്ച് സമാധാനത്തിന് ശ്രമിക്കുന്നില്ലെങ്കിൽ തീർച്ചയായും വലിയൊരു ദുരന്തത്തിലേക്കാവും ഇന്ത്യയെയോ ഭാരതത്തെയോ തള്ളിവിടുക. അത്തരം ദുരന്തത്തിന്റെ വീചികൾ നോർത്ത് ഈസ്റ്റിലാകെ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്.
(അവസാനിച്ചു)