തിങ്കളാഴ്ച തുടങ്ങിയ പഞ്ചദിന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ അതീവ രഹസ്യമാക്കി വച്ചതുതന്നെ ചിലതൊക്കെ തിടുക്കത്തിൽ അവതരിപ്പിച്ച് അദ്ഭുതപ്പെടുത്താനായിരുന്നുവെന്നു നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്നലെ ലോക്സഭ സമ്മേളിച്ച ശേഷം ബില്ലിന്റെ പകർപ്പ് ഡിജിറ്റലായി എംപിമാർക്കു പങ്കുവച്ചായിരുന്നു ബില്ലവതരണം. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനമെന്ന നിലയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിന്റെ അവസാന ഭാഗത്തായിരുന്നു നാടകീയ പ്രഖ്യാപനം.
1996ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന് അംഗീകാരം ലഭിക്കാത്തതിനെത്തുടർന്ന് ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു ബിൽ വിടുകയായിരുന്നു. 1996 ഡിസംബറിൽ മുഖർജി കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. എന്നാൽ, ലോക്സഭ പിരിച്ചുവിട്ടതോടെ ബിൽ അസാധുവായി.
രണ്ടു വർഷത്തിനു ശേഷം, അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 1998ൽ 12-ാം ലോക്സഭയിൽ വീണ്ടും വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. വാജ്പേയി സർക്കാരിന്റെ കാലത്തും വനിതാ ബില്ലിനു പിന്തുണ ലഭിക്കാതെ വീണ്ടും കാലഹരണപ്പെട്ടു. പിന്നീട് 1999, 2002, 2003 വർഷങ്ങളിൽ വാജ്പേയി സർക്കാരിന്റെ കീഴിൽ ബിൽ വീണ്ടും വീണ്ടും അവതരിപ്പിച്ചെങ്കിലും എതിർപ്പിനെ തുടർന്നു വിജയിച്ചില്ല. പഴയ എതിർപ്പ് ഇപ്പോഴില്ലെന്നും വനിതാ സംവരണ ബില്ലിന് അനുകൂലമാണെന്നും എസ്പി എംപി ജയ ബച്ചൻ ഇന്നലെ ദീപികയോടു വ്യക്തമാക്കി.
2010ൽ എതിർക്കാൻ ഒരാൾ അഞ്ചു വർഷത്തിന് ശേഷം, മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ താത്പര്യത്തിൽ വനിതാ ബില്ലിനു വീണ്ടും പ്രാമുഖ്യം കിട്ടി. 2004ലെ യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിൽ വനിതാ സംവരണ ബിൽ ഉൾപ്പെടുത്തി. 2008 മേയ് ആറിനാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ലോക്സഭയുടെ കാലാവധി തീരുന്പോൾ വനിതാ ബിൽ വീണ്ടും കാലഹരണപ്പെടാതിരിക്കാനായിരുന്നു അന്നു ബിൽ രാജ്യസഭയിൽ കൊണ്ടുവന്നത്.
1996ലെ ഗീതാ മുഖർജി കമ്മിറ്റി നൽകിയ ഏഴു ശിപാർശകളിൽ അഞ്ചെണ്ണം 2008ലെ ബില്ലിന്റെ പതിപ്പിൽ ഉൾപ്പെടുത്തി. ഇതേ വർഷം മെയ് ഒന്പതിന് ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് 2009 ഡിസംബർ 17ന് അവതരിപ്പിച്ചു. ഇതനുസരിച്ചുള്ള ഭേദഗതികളോടെ 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബിൽ അംഗീകരിച്ചു.
ഭരണ, പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ ചർച്ചകളിലൂടെ സമവായം ഉണ്ടാക്കിയിരുന്നതിനാൽ 2010 മാർച്ച് ഒന്പതിന് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കി. ഒന്നിനെതിരേ 186 വോട്ടുകളുടെ വൻഭൂരിപക്ഷത്തിനാണ് ആദ്യമായി വനിതാ ബിൽ പാർലമെന്റിലെ ഉപരിസഭയിൽ പാസായത്. രാജ്യസഭയിൽ പാസാക്കിയ ബിൽ പക്ഷേ ലോക്സഭയുടെ പരിഗണനയ്ക്കെടുത്തില്ല. 2014ലെ തെരഞ്ഞെടുപ്പിനെ തുടർന്നു പഴയ ലോക്സഭയുടെ കാലാവധി അവസാനിക്കുകയും ചെയ്തു.
കീഴ്മേൽ മറിയുന്ന കീഴ്വഴക്കങ്ങൾ! രാജ്യസഭയുടെ കാലാവധി ഇടയ്ക്ക് അവസാനിക്കാത്തതിനാൽ അവിടെയുള്ള ബില്ലുകൾ കാലഹരണപ്പെടില്ലെന്നതാണു ചട്ടം. രാജ്യസഭയിൽ അവതരിപ്പിച്ചതും പാസാക്കിയതുമായ ബില്ലുകൾ കാലഹരണപ്പെടുന്നില്ല. അതിനാൽ 2010ൽ പാസാക്കിയ വനിതാ സംവരണ ബിൽ ഇപ്പോഴും സജീവമാണ്! എന്നാൽ, ബിൽ ലോക്സഭയുടെ പരിഗണനയ്ക്കെത്തിയതിനാൽ അവിടെ പാസാകാതെ ബിൽ കാലഹരണപ്പെട്ടുവെന്ന വിചിത്ര ന്യായമാണ് ഇന്നലെ ലോക്സഭയിൽ പുതിയ വനിതാ ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞത്. രാജ്യസഭയിൽ പാസാക്കിയ ബിൽ പിൻവലിക്കാതെ പുതിയ ബിൽ അവതരിപ്പിച്ച ചരിത്രം മുന്പുണ്ടായിട്ടില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. പാർലമെന്ററി ചട്ടങ്ങൾപോലും തലകുത്തി മറിയുന്ന പുതിയകാലത്ത് ഇനിയും പലതും പ്രതീക്ഷിക്കാം.
വനിതാ സംവരണ ബിൽ ഭരണഘടനയുടെ 128-ാം ഭേദഗതി ബിൽ, 2023. ഭരണഘടനയിൽ മൂന്നു പുതിയ അനുച്ഛേദങ്ങളും ഒരു പുതിയ ക്ലോസും ബില്ലിലുണ്ട്. മണ്ഡല പുനർനിർണയത്തിനുശേഷമേ നടപ്പാകൂ എന്നത് പ്രത്യേകമായി പുതിയ ബില്ലിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
1. 239 എഎയിലെ പുതിയ വ്യവസ്ഥ: ഡൽഹി നിയമസഭയിൽ സ്ത്രീകൾക്കായി സീറ്റുകൾ സംവരണം ചെയ്യണം, പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ മൂന്നിലൊന്നു സ്ത്രീകൾക്ക് സംവരണം ചെയ്യണം. പാർലമെന്റ് നിശ്ചയിക്കുന്ന നിയമം വഴി നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ട മൊത്തം സീറ്റുകളുടെ മൂന്നിലൊന്നായിരിക്കും സ്ത്രീകൾക്കായി സംവരണം ചെയ്യുക.
2. പുതിയ അനുച്ഛേദം - 330 എ: ലോക്സഭയിലെ സ്ത്രീകൾക്കുള്ള സംവരണം - പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്യും.
ലോക്സഭയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തപ്പെടുന്ന മൊത്തം സീറ്റിന്റെ മൂന്നിലൊന്നു ഭാഗം സ്ത്രീകൾക്കു സംവരണം ചെയ്യും.
3. പുതിയ അനുച്ഛേദം - 332 എ: എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു സംവരണം ചെയ്ത സീറ്റുകൾ, എസ്സി, എസ്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്യും. നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെയുള്ള മൊത്തം സീറ്റിന്റെ 1/3 ഭാഗം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
4. പുതിയ അനുച്ഛേദം- 334 എ: ആദ്യ സെൻസസിന്റെ പ്രസക്തമായ കണക്കുകൾ പ്രസിദ്ധീകരിച്ചതിനു ശേഷം ഡീലിമിറ്റേഷൻ നടപ്പാക്കിയ ശേഷം സംവരണം പ്രാബല്യത്തിൽ വരും. തുടർന്നുള്ള ഓരോ ഡീലിമിറ്റേഷനും ശേഷവും സ്ത്രീകൾക്കുള്ള സീറ്റുകളുടെ റൊട്ടേഷൻ പ്രാബല്യത്തിൽ വരും.