മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
Friday, September 22, 2023 2:26 AM IST
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായണഗുരു സന്യാസിയായി വളര്‍ന്നത്. ബാല്യം മുതല്‍ ജീവിതത്തിന്റെ നേര്‍ക്കുള്ള വിരക്തി അദ്ദേഹത്തില്‍ ദൃഢമായിരുന്നു; അതുപോലെ ചിന്താശീലവും.
അതിന്റെ ഫലമായാണ് ക്ഷണികതയെക്കുറിച്ചു തിരിച്ചറിയുന്നതും നിത്യതയ്ക്കു വേണ്ടി ദാഹിക്കുന്നതും. ആദ്യം ദേവാലയങ്ങളെ അഭയം പ്രാപിച്ചു. പല ദിവസങ്ങള്‍ ദേവാലയങ്ങളില്‍ ചെലവഴിക്കുകയും ചെയ്തു. അടുത്തത് അവധൂതവൃത്തിയാണ്. നാടുകള്‍തോറും അദ്ദേഹം ഒരവധൂതനായി അലഞ്ഞുതിരിഞ്ഞു. എല്ലാ മതക്കാരുടെയും ജാതിക്കാരുടെയും വീടുകളില്‍ താമസിച്ചു. ആ വീടുകളില്‍നിന്നു വിശപ്പടക്കാന്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. ഒടുവില്‍ ഒരാചാര്യന്റെ കീഴില്‍ യോഗാഭ്യാസം ശീലിച്ചു. യോഗാഭ്യാസത്തിലൂടെ അലൗകികമായ ജ്ഞാനം അല്പമെങ്കിലും നേടിയെടുത്തു. അതിനും ശേഷമാണു മരുത്വാമലയില്‍ ഗാഢമായ തപസ് അനുഷ്ഠിച്ചത്.
എത്രകാലം ആ തപസ് തുടര്‍ന്നു എന്നതു നിശ്ചയമില്ല. എങ്കിലും വന്യമൃഗങ്ങള്‍ അദ്ദേഹത്തിന്റെ സഹചരായിരുന്നു എന്നു മനസിലാക്കുന്നു. ആ തപസിലൂടെ നേടിക്കഴിഞ്ഞ ഈശ്വരസാക്ഷാത്കാരത്തിന്റെ ബലത്തിലാണ് അദ്ദേഹം സന്യാസിയായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിവരുന്നത്.
തപസിദ്ധി സഹജാതരുടെയും അവകാശം
മറ്റു സന്യാസികളെപ്പോലെ ശ്രീനാരായണഗുരു ആശ്രമത്തില്‍ ഒതുങ്ങിക്കഴിഞ്ഞില്ല; അങ്ങനെ ഒതുങ്ങിക്കഴിയുക സാധ്യമായിരുന്നില്ല. തന്റെ തപസിദ്ധി സഹജാതര്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധം അദ്ദേഹത്തെ നിരന്തരം നയിച്ചിരുന്നു. കുട്ടിക്കാലത്ത് തറവാട്ടില്‍നിന്നു പഠിച്ച വൈദ്യപരിജ്ഞാനം ആളുകളുമായി ഇടപഴകുന്നതില്‍ അദ്ദേഹത്തിന് ഉപകരിച്ചു. പലരുടെയും മാറാരോഗങ്ങള്‍ മാറിയെന്നു പറയപ്പെടുന്നു. നിത്യജീവിതത്തില്‍ വെടിപ്പും മര്യാദയും അയല്‍ക്കാരോടുള്ള സ്നേഹവും ഉണ്ടായിരിക്കണമെന്ന ഉപദേശം അദ്ദേഹം നിരന്തരം നല്കിക്കൊണ്ടിരുന്നു.
ജനങ്ങള്‍ അദ്ദേഹത്താല്‍ ആകൃഷ്ടരായി. ദിവ്യതേജസുള്ള മുഖവും സംയമിതമായ പെരുമാറ്റവും അദ്ദേഹത്തെ ജനങ്ങളുടെ ആരാധനാപാത്രമാക്കിത്തീര്ത്തു. ആ ഘട്ടത്തിലാണ്, 1888ല്‍, അരുവിപ്പുറത്ത് ഒരു ശിവരാത്രിനാളില്‍ അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി ഒരു പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്. പഞ്ചാക്ഷരീമന്ത്രം അന്തരീക്ഷത്തില്‍ ഉയര്‍ന്ന പാതിരാത്രിയില്‍ അദ്ദേഹം അരുവിപ്പുറത്തെ അരുവിയില്‍ ഇറങ്ങി മുങ്ങുകയും അവിടെനിന്ന് ഒരു പാറക്കഷണം കൈയിലെടുത്തുകൊണ്ട് ജലോപരി ഉയര്‍ന്നുവരികയും ചെയ്തു.
ആ പാറക്കഷണം കൈക്കുമ്പിളില്‍ വച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം ധ്യാനനിരതനായി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന് അശ്രുധാര പ്രവഹിച്ചുകൊണ്ടിരുന്നു. ആ ധ്യാനത്തിന്റെ പര്യവസാനത്തിലാണ് അദ്ദേഹം കരയ്ക്കു വരികയും ആ പാറക്കഷണം ഒരു പീഠത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത്. അതു ശിവപ്രതിഷ്ഠയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവിടെ എഴുതിവയ്ക്കുന്നതിന് ഒരു ശ്ലോകം അദ്ദേഹം ചൊല്ലിക്കൊടുക്കുകയും ചെയ്തു. അതാണ് പ്രസിദ്ധമായ
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
എന്ന വരികള്‍.
ഭക്തജനങ്ങളുടെ അംഗീകാരത്തിനായി രണ്ടു മുദ്രാവാക്യങ്ങള്‍ നല്‍കുകയും ചെയ്തു. ‘സംഘടന കൊണ്ടു ശക്തരാവുക’, ‘വിദ്യകൊണ്ടു പ്രബുദ്ധരാവുക’. സംഘടനയുടെ ശക്തിയാല്‍ വഴിതെറ്റിപ്പോകാതെ ശക്തി എപ്പോഴും അച്ചടക്കത്താല്‍ നിയന്ത്രിതമായിരിക്കണമെന്നര്ഥം.
ഈ മുദ്രാവാക്യം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം നാടുനീളെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചത്.
മനുഷ്യരെല്ലാം തുല്യര്‍
അദ്ദേഹം കടന്നുചെല്ലാത്ത കുഗ്രാമങ്ങളില്ല. ഭക്തിയോടുകൂടി തന്നെ ദര്‍ശിക്കാനെത്തിയ ആള്‍ക്കൂട്ടത്തിന് അദ്ദേഹം സദാചാരം ഉപദേശിച്ചു. അതിലൊന്ന് മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശമാണ്. അവരെ ഉച്ചനീചത്വത്തിലാഴ്ത്തിയിരിക്കുന്ന ജാതിഭേദം പാപമാണെന്ന് വ്യക്തമായ ഭാഷയില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യരെല്ലാം തുല്യരായതുകൊണ്ട് എല്ലാ മതക്കാരും പരസ്പരം സ്നേഹത്തിലാണ്, ദ്വേഷത്തിലല്ല, കഴിഞ്ഞുകൂടേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ഈ ഉപദേശങ്ങള്‍ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുവേണ്ടി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം നിരന്തരം ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു.
അവധൂതകാലത്ത് തമിഴ്നാട്ടിലും കര്‍ണാടകത്തിലും സഞ്ചരിക്കുകയും അവിടെയുള്ള സിദ്ധന്മാരുടെ സഹവാസത്തില്‍നിന്ന് സനാതന തത്വങ്ങള്‍ പലതും ഗ്രഹിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത സ്മരണീയമാണ്.
കുമാരനാശാന് എന്ന നവോത്ഥാന കവിയുടെ സ്രഷ്ടാവ്
ഗുരുവിന്റെ വ്യക്തിപ്രാഭാവത്താല് ആകൃഷ്ടരായി അദ്ദേഹത്തെ സമീപിച്ചവരില്‍ ഒരാള്‍ കുമാരനാശാനാണ്. ജീവിതത്തിന്റെ അടിസ്ഥാനപരമായ ദുഃഖം ഗുരുവിനെ അറിയിച്ച് അതില്‍നിന്നു മോചനം നേടാനുള്ള മാര്‍ഗം തേടിയാണ് ആശാന് ആ സന്നിധിയിലെത്തിയത്. കുമാരന് എന്ന ആ നവയുവാവ് കവിതയെഴുതുമെന്നു ഗുരുവിന് അറിയാമായിരുന്നു. അദ്ദേഹത്തിന് പൂരിപ്പിക്കുന്നതിനു വേണ്ടി രണ്ടു വരികള്‍ ഗുരു ചൊല്ലിക്കേള്‍പ്പിച്ചു-
കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറചൂടിയ വാരിധിയെ
ഉടനെതന്നെ ആശാന് ആതു പൂരിപ്പിച്ചു
കാലന് കനിവറ്റുക്കുറിച്ചുവിടു-
ന്നോലപ്പടിയെന്നെയ്യക്കരുതേ
അതിനു ശേഷമാണ് കുമാരന് ഗുരുവിന്റെ ആശ്രമസ്ഥലമായ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്.
അസാധാരണമായ സംസ്കൃത പാണ്ഡിത്യവും കവനപാടവവുമുള്ള കുമാരനാശാന്, ഗുരുവിന്റെ ശിഷ്യനായി ആശ്രമത്തില്‍ ചേര്‍ന്നു. ഗുരുവിനെ അനുകരിച്ചുകൊണ്ട് അദ്ദേഹം അക്കാലത്ത് സ്തോത്രകവിതകള്‍ എഴുതുകയും ചെയ്തു. ആ കൃതികള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ‘അരുവിപ്പുറം ആശ്രമത്തില്‍ കഴിയുന്ന ശ്രീനാരായണഗുരു സ്വാമികളുടെ ശിഷ്യനായ ചിന്നസ്വാമി കുമാരു’എന്നാണ് എഴുത്തുകാരന്റെ പേരു നല്‍കിയത്. (ആദ്യപതിപ്പ് ലേഖകൻ കണ്ടിട്ടുണ്ട്.)
അങ്ങനെ സന്യാസദീക്ഷയാല് പ്രാര്‍ഥിച്ചുകൊണ്ട് കഴിഞ്ഞിരുന്ന കുമാരുവിന് ഗുരു സന്യാസം നല്‍കിയില്ല. ആശ്രമകാര്യങ്ങള്‍ നോക്കിനടത്താന്‍ ഏല്പിച്ചു. എന്നിട്ട് ഒരു ദിവസം അദ്ദേഹം ശിഷ്യനുമൊത്ത് ബംഗളൂരിലേക്കു യാത്ര ചെയ്തു. കുമാരനാശാനെ ഉപരിപഠനത്തിന് നിയോഗിച്ചുകൊണ്ട് ഡോ. പല്പു എന്ന ആദര്‍ശനിഷ്ഠനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്പിക്കുകയും ചെയ്തു.
ബംഗളൂരിലും മദ്രാസിലും കല്‍ക്കട്ടയിലും ഉപരിപഠനം തുടര്‍ന്നതിനു ശേഷം മടങ്ങിയെത്തിയ കുമാരനാശാന് പുതിയൊരു മനുഷ്യനായിരുന്നു. ആ മനുഷ്യനെയാണ് ശ്രീനാരായണ ധര്‍മപരിപാലന യോഗം സംഘടിപ്പിച്ചപ്പോള്‍ മുഖ്യകാര്യദര്‍ശിയായി ഗുരു നിയമിച്ചത്. അത് 1903ലായിരുന്നു. 1907ല്‍ കുമാരനാശാന് രചിച്ച കവിതയാണ് കേരളചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ ശംഖനാദമായിത്തീര്ന്ന വീണപൂവ് എന്ന ഖണ്ഡകാവ്യം. കുമാരനാശാന് എന്ന നവോത്ഥാന കവിയുടെ സ്രഷ്ടാവ് ശ്രീനാരായണഗുരുവാണെന്നു പറയുന്നതില്‍ തെറ്റില്ല.
സമാധിക്കുശേഷം!
പ്രവര്‍ത്തനതലത്തില്‍ ഗുരുവിന്റെ പിന്നില്‍ അണിനിരന്നവരാണ് ഡോ. പല്പു, ടി.കെ. മാധവന്, എം. കൃഷ്ണന് തുടങ്ങിയവര്‍. അവര്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തിയവരാണ്. എങ്കിലും ഗുരുവിന്റെ സാന്നിധ്യത്തില്‍ അവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
1928ല്‍ സമാധിയാകുന്നതിനു മുമ്പ് ശിവഗിരി, ആലുവ മുതലായ സ്ഥലങ്ങളില്‍ ഗുരു ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആ ഘട്ടത്തിലാണ് സഹോദരന് അയ്യപ്പന് അദ്ദേഹത്തിന്റെ അനുയായിത്തീരുന്നത്. ശ്രീനാരായണ ധര്‍മപരിപാലന യോഗം ഈഴവരുടെ മാത്രം സംഘടനയല്ലെന്നും മനുഷ്യരായ സര്‍വരെയും ചേര്‍ത്തുകൊണ്ട് സാധാരണക്കാരുടെ സര്‍വതോമുഖമായ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു സേവനസംഘമായാണു തുടരേണ്ടതെന്നും 1921ല്‍ ഗുരു ഒരു പ്രമേയം അംഗീകരിപ്പിച്ചു. 1928ല്‍ സമാധിക്കു മുമ്പ് അദ്ദേഹം അവസാനമായി പങ്കെടുത്ത എസ്എന്‍ഡിപി യോഗ വാര്‍ഷികത്തില്‍ അതേ ഉപദേശം അനുയായികള്‍ക്കു നല്‍കുകയും ചെയ്തു.
1928ല്‍ സമാധിയായതിനു ശേഷം ഗുരുവിന്റെ അനുയായികള്‍ ഏതെല്ലാം രീതിയില്‍ മാറിയെന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ എപ്രകാരം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും സമകാലികരായ ജനങ്ങളോട് പ്രത്യേകം പറയേണ്ടതില്ല. ‘മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി’, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി മുതലായ ഗുരുസന്ദേശങ്ങള്‍ ചരിത്രത്തിന്റെ ഭിത്തിയില്‍ സുവര്‍ണലിപികളാല്‍ ഇന്നും തെളിഞ്ഞു നില്ക്കുന്നു എന്നു മാത്രമേ ഇവിടെ പറയാനുള്ളൂ.
പ്രഫ. എം.കെ. സാനു/സിജോ പൈനാടത്ത്