Saturday, September 23, 2023 1:10 AM IST
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണു പേരു നൽകിയത്. പേരുകൊണ്ട് വനിതകളെ അഭിവാദ്യം ചെയ്യുന്നതു നിർത്തൂ. സല്യൂട്ട് ചെയ്യപ്പെടാനും പീഠങ്ങളിൽ കയറ്റാനും ആരാധിക്കപ്പെടാനും ഒന്നുമല്ല സ്ത്രീകൾ ആഗ്രഹിക്കുന്നത്. സ്ത്രീകൾ തുല്യരായി ബഹുമാനിക്കപ്പെടുകയാണു വേണ്ടത്- ലോക്സഭയിൽ നടന്ന വനിതാ സംവരണ ചർച്ചയിൽ ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞതാണിത്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളെ വിലമതിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരമാണു വേണ്ടതെന്ന് വിഖ്യാത ഇംഗ്ലീഷ് നടി എമ്മ വാട്സണ് പറയുന്നു. അതെ സ്ത്രീകളോടുള്ള വിവേചനങ്ങളും അനീതികളുമാണ് ആദ്യം ഇല്ലാതാകേണ്ടത്.
ലോക്സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനയുടെ 128-ാം ഭേദഗതി നിയമം- 2023 പാർലമെന്റിൽ പാസായി. വെറും രണ്ടു ദിവസംകൊണ്ടാണു ചരിത്രപ്രധാന ബിൽ പാസായത്. കേന്ദ്രസർക്കാരും ബിജെപിയും പ്രതീക്ഷിച്ച എതിർപ്പുകൾ പോലുമില്ലാതെയാണ് ഏതാണ്ട് ഏകകണ്ഠമായി വനിതാ സംവരണ ബിൽ പാസാക്കിയത്. രാജ്യസഭയിൽ ഹാജരുണ്ടായിരുന്ന എല്ലാ എംപിമാരും (215 പേർ) അനുകൂലിച്ചപ്പോൾ ലോക്സഭയിൽ അസദുദ്ദീൻ ഒവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഇംതിയാസ് ജലീലും ഒഴികെ 454 എംപിമാരും ബില്ലിനെ അനുകൂലിച്ചു. നല്ലതു തന്നെ.
പോസ്റ്റ് ഡേറ്റഡ് ചെക്ക്
ഒറ്റനോട്ടത്തിലും കേന്ദ്രസർക്കാരിന്റെ പ്രചാരണത്തിലും ചരിത്രനേട്ടമാണു വനിതാ സംവരണ നിയമം. ബില്ലിന്റെ ചർച്ചാവേളയിൽ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടിയതുപോലെ പാർലമെന്റിൽ പാസായ ബില്ലിൽ പല കുടുക്കുകളുമുണ്ട്. ഒരു തരം കണ്കെട്ട്. നിയമം നടപ്പാക്കുന്നതു നീട്ടാനായി തന്ത്രപൂർവം ഉൾപ്പെടുത്തിയ രണ്ടു വ്യവസ്ഥകളാണു പ്രധാനം, പ്രത്യേകിച്ച് അഞ്ചാം ക്ലോസ്. അടുത്ത സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയ ശേഷം വനിതാ സംവരണം നടപ്പാകുമെന്നാണിത്. മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷത്തോടെ 2014ലും 2019ലും അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുന്പു കൊണ്ടുവന്ന നിയമമാണു പത്തു വർഷം കഴിഞ്ഞു നടപ്പാക്കാൻ ലക്ഷ്യമിട്ടത്!
ഭാവിയിൽ പണം കൊടുക്കുന്ന ‘പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ’ പോലെയാണു വനിതാ നിയമം എന്നതിലാണു വിമർശനവും ആശങ്കയും. അടുത്ത സെൻസസും ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയവും എപ്പോൾ പൂർത്തിയാക്കുമെന്ന് തീർച്ചയില്ല. 2021ൽ നടക്കേണ്ടിയിരുന്ന കാനേഷുമാരി കണക്കെടുപ്പ് കോവിഡിന്റെ പേരിൽ നടപ്പാക്കിയില്ല. കോവിഡിനു ശേഷവും സെൻസസ് നടപ്പാക്കാൻ കേന്ദ്രസർക്കാരിനു പരിപാടിയില്ല. 2027ലാണ് ഇനി സെൻസസ് നടത്താൻ ആലോചിക്കുന്നത്. കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും സെൻസസ് തീയതി നീളില്ലെന്നു തറപ്പിച്ചു പറയാനാകില്ല.
ജാതി സെൻസസ് വേണമെന്ന ആവശ്യം കോണ്ഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ സഖ്യം ശക്തമാക്കിയ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സമവായമോ തീരുമാനമോ ഉണ്ടാകാൻ വൈകിയാലും അദ്ഭുതപ്പെടാനില്ല. ജാതി സെൻസസിന്റെ കാര്യത്തിൽ സമവായം ഉണ്ടായ ശേഷം അടുത്ത സെൻസസ് മതിയെന്നു തീരുമാനിക്കാനുള്ള സാധ്യതയുമുണ്ട്. സെൻസസ് കണക്കുകൾ പ്രസിദ്ധീകരിച്ചതിനു ശേഷമേ ഡീലിമിറ്റേഷൻ എന്ന മണ്ഡല പുനർനിർണയം കൂടി പൂർത്തിയാക്കാനാകൂ. സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്പോൾ വനിതകൾക്കായി മൂന്നിലൊന്ന് (33%) സീറ്റുകൾ സംവരണം ചെയ്യണമെന്നാണു വ്യവസ്ഥ.
വേണമെങ്കിൽ വേരിലും ചക്ക
ചുരുക്കത്തിൽ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും 2026 മേയിൽ നടക്കേണ്ട കേരള നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് സംവരണം കിട്ടില്ല. പിന്നീട് 2029ലെ പൊതുതെരഞ്ഞെടുപ്പിൽ വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ കിട്ടുമോയെന്നതിനുപോലും വ്യക്തമായ ഉറപ്പില്ല. മണ്ഡല പുനർനിർണയം നടത്തണമെങ്കിൽ ഇതു സംബന്ധിച്ച ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടതുണ്ട്. ഡീലിമിറ്റേഷൻ നിയമത്തിനു പ്രത്യേക ബില്ലും വിജ്ഞാപനവും ആവശ്യവുമാണ്.
1993ൽ 73, 74 ഭരണഘടനാ ഭേദഗതികൾ പാസാക്കിയപ്പോൾ ത്രിതല പഞ്ചായത്തുകളിൽ മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുകയും ഉടൻ നടപ്പിലാക്കുകയും ചെയ്തിരുന്നു. വനിതാ സംവരണ നിയമത്തെ അനുകൂലിച്ചപ്പോഴും സെൻസസ് കഴിഞ്ഞു നടപ്പാക്കിയാൽ മതിയെന്ന ബില്ലിലെ കുരുക്കിനെതിരേ പ്രതിപക്ഷം രൂക്ഷവിമർശനമാണു നടത്തിയത്. സർക്കാരിന്റെ ആത്മാർഥതയില്ലായ്മ ആണിതെന്നാണ് ആക്ഷേപം. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
വനിതാ സംവരണം അടുത്ത തെരഞ്ഞെടുപ്പു മുതൽ പ്രാബല്യത്തിലാക്കണമെന്നും ഇതിനായി ഉടൻ നടപ്പാക്കണമെന്നുമാണു പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. സർക്കാർ വിചാരിച്ചാൽ ഉടൻ നടപ്പിലാകുമെന്നതിൽ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം പ്രതിപക്ഷത്തെ ആർക്കും സംശയമില്ല. പത്തു വർഷം കഴിഞ്ഞു നടപ്പാക്കുമെന്ന പറയുന്നത് ഒന്നുമില്ലാത്തതിനു തുല്യമാണെന്നും ബിജെപിക്ക് സ്ത്രീകളെ വിഡ്ഡികളാക്കാൻ കഴിയില്ലെന്നും പത്രസമ്മേളനം വിളിച്ച് രാഹുൽ ഇന്നലെ പറഞ്ഞതിന്റെ പൊരുൾ വ്യക്തമാണ്.
മണിപ്പുർ സ്ത്രീകളോടില്ല പ്രേമം
ജനസംഖ്യയുടെ 50 ശതമാനമുള്ള വനിതകൾക്കു സീറ്റുകൾ ലഭ്യമാക്കാൻ എണ്ണമെടുപ്പ് എന്തിനെന്ന ചോദ്യം ന്യായവുമാണ്. വനിതകളുടെ പ്രാതിനിധ്യം ആരുടെയും ഔദ്യാര്യമല്ല. തുല്യത സ്ത്രീകളുടെ അവകാശമാണ്. “നിങ്ങൾ പശുക്കളെ സംരക്ഷിച്ചപ്പോൾ എണ്ണിയോ? പശുക്കളേക്കാളും താഴെയാണോ നിങ്ങൾക്കു സ്ത്രീകൾ?’’ തൃണമൂൽ കോണ്ഗ്രസിലെ തീപ്പൊരി വനിതാ നേതാവ് മഹുവ മൊയ്ത്ര ലോക്സഭയിൽ ഉയർത്തിയ ഈ ചോദ്യത്തിനു മാനങ്ങളേറെയുണ്ട്.
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ചവരെയും മാനഭംഗപ്പെടുത്തിയവരെയും പിന്തുണയ്ക്കുന്നവരുടെ സ്ത്രീപ്രേമം കാപട്യമാണെന്ന് എളമരം കരീം അടക്കമുള്ളവരും കുറ്റപ്പെടുത്തി. ഡൽഹി, കാൻഡമാൽ, ഉന്നാവോ, ഹത്രാസ് തുടങ്ങി രാജ്യത്തെ നടുക്കിയ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കൊലപാതകങ്ങളും ആരും മറക്കില്ല.
2016 മുതൽ ആറു വർഷക്കാലത്തു മാത്രം ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ 22.8 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നു ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കിലുണ്ട്. പെണ്കുഞ്ഞുങ്ങളെ പോലും മാനഭംഗപ്പെടുത്തുന്ന നരാധമന്മാർ വിലസുന്ന നാടാണിത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനാകാത്ത സർക്കാരുകളാണ് സംവരണം ഏർപ്പെടുത്തി സ്ത്രീവോട്ടർമാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത്!
വോട്ടിൽ കണ്ണുനട്ട് രാഷ്ട്രീയം
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വനിതകൾക്കു മാത്രമേ വനിതാ സംവരണത്തിനുള്ളിൽ ഉപസംവരണം ഉണ്ടാകുകയുള്ളൂ എന്നതാണു മറ്റൊരു കാര്യം. പിന്നാക്ക (ഒബിസി) വിഭാഗങ്ങൾക്കുകൂടി സ്ത്രീസംവരണം വേണമെന്നും ഇതിനായി ജാതി സെൻസസ് ഉടൻ വേണമെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കം പ്രതിപക്ഷം ശക്തമായി വാദിച്ചെങ്കിലും ബിജെപി സർക്കാർ വഴങ്ങിയില്ല. ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണമാണു പ്രധാനമെന്നതിനാലാണു പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളോടുള്ള ബിജെപിയുടെ ചിറ്റമ്മനയത്തിന്റെ കാരണമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ന്യൂനപങ്ങൾക്കുകൂടി സംവരണം വേണമെന്ന സമാജ്വാദി, സിപിഎം അടക്കമുള്ള പാർട്ടികളുടെ വാദവും തള്ളി. ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിംകൾക്കുവേണ്ടി മാത്രമാണു പ്രതിപക്ഷ പാർട്ടികൾ വാദിച്ചത്. ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിലും ബിജെപി ശ്രമിക്കുന്പോൾ മുസ്ലിം വോട്ടുബാങ്കു രാഷ്ട്രീയത്തിനാണു പ്രതിപക്ഷത്തെ ചില പാർട്ടികൾ ശ്രമിച്ചത്. ഭൂരിപക്ഷ- ന്യൂനപക്ഷമെന്നതിനു പകരം ഇന്ത്യൻ രാഷ്ട്രീയം ഹിന്ദു- മുസ്ലിം എന്നായി ചുരുങ്ങിയിട്ടു വർഷങ്ങളായി. വോട്ടുബലം കുറവായ ന്യൂനപക്ഷങ്ങളിലെ ചെറുന്യൂനപക്ഷങ്ങളെ ആർക്കും വേണ്ട!
സമ്മതിക്കില്ല പുരുഷകേസരികൾ
വനിതാ സംവരണത്തിനായുള്ള 128-ാം ഭരണഘടനാ ഭേദഗതി ബിൽ നിയമം ആകുന്ന തീയതി മുതൽ 15 വർഷത്തേക്കു മാത്രമാണു വനിതാ സംവരണമെന്നും വ്യവസ്ഥയുണ്ട്. വനിതാ സംവരണ നിയമത്തിന്റെ വിജ്ഞാപനം ഉടനെ ഇറക്കിയാൽ 2034ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും ബാധകമാകില്ല. അങ്ങിനെയെങ്കിൽ 2029ലെ ഒരു പൊതുതെരഞ്ഞെടുപ്പിൽ മാത്രമായി ചുരുങ്ങും. പാർലമെന്റിൽ പിന്നീട് നിയമം പാസാക്കിയാൽ മാത്രമേ 15 വർഷ കാലാവധി നീട്ടാനാകൂ.
ഓരോ മണ്ഡല പുനർനിർണയത്തിലും വനിതാ സീറ്റുകൾ മാറും. ഡീലിമിറ്റേഷൻ നീണ്ടുപോയാൽ സംവരണ മണ്ഡലങ്ങൾ അതേപടി തുടരാനാണു സാധ്യത. പുരുഷമേധാവിത്വ രാഷ്ട്രീയ പാർട്ടികളും പാർലമെന്റും സ്ത്രീകളുടെ അവകാശം കവരാൻ വളഞ്ഞ വഴികളാണു തേടിയത്.
വനിതാ സംവരണത്തിനായി പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾ കൂടിയെങ്കിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കണമെന്നതാണു ചട്ടം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി 50 ശതമാനം സംസ്ഥാന നിയമസഭകൾ ബിൽ പാസാക്കുമോയെന്നതു തീർച്ചപ്പെടുത്താനാകില്ല. ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ അനുകൂലിക്കുന്നതിനാൽ ബിൽ പാസാക്കാൻ പ്രയാസമില്ല. പക്ഷേ, രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി പ്രതിപക്ഷം കളിച്ചാൽ ബിജെപി വെട്ടിലാകും.
പകുതി സംസ്ഥാനങ്ങൾ ബില്ലിന് അംഗീകാരം നൽകേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാരിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്നലെ റിപ്പോർട്ടു ചെയ്തത്. പാർലമെന്റിന്റെ അവകാശമാണെന്നാണു വാദം. ഈ വിഷയത്തിൽ യാതൊരു അഭിപ്രായവുമില്ലാത്ത നിയമസഭകളുടെ അംഗബലം തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിനാണെന്ന വിചിത്ര ന്യായവും ബിജെപിക്കു സ്വാധീനമുള്ള ഈ ദിനപത്രത്തിൽ ഉയർത്തിയിട്ടുണ്ട്.
ചിറകരിയുന്ന ജനാധിപത്യം
പത്തു വർഷം കഴിഞ്ഞു നടപ്പാകുന്ന നിയമം പാസാക്കാൻ ജനപ്രതിനിധികളെ പോലും ഇരുട്ടിൽ നിർത്തി പ്രത്യേക സമ്മേളനം വിളിച്ചതുതന്നെ രാഷ്ട്രീയലാക്കോടെയാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും ഗാലറികളിൽ ബിജെപിയുടെ നേതൃത്വത്തിൽ സിനിമാനടിമാർ അടക്കം സ്ത്രീകളെ പ്രത്യേക ബസുകളിൽ എത്തിച്ചതു മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നു വ്യക്തം. ഇവരിൽ ചിലർ ഗാലറിയിലിരുന്നു മുദ്രാവാക്യം വിളിച്ചിട്ടും നടപടിയുണ്ടായില്ല. മഹിളാ മോർച്ചക്കാരെ നേരത്തേ ക്ഷണിച്ചപ്പോഴും ബിൽ അവതരിപ്പിച്ചപ്പോൾ മാത്രമാണ് എംപിമാരെ അറിയിച്ചത്. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണിത്.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ