Wednesday, September 27, 2023 2:08 AM IST
അത്ര സന്തോഷകരമല്ല വർത്തമാനങ്ങൾ.
*രണ്ടു വർഷം കൊണ്ടു രാജ്യത്തെ കുടുംബങ്ങളുടെ കടം ഇരട്ടിച്ചു, സമ്പാദ്യം പകുതിയായി.
* ബിരുദധാരികളിൽ 15 ശതമാനത്തിലധികം തൊഴിൽരഹിതർ.
*25 വയസിൽ താഴ്ന്ന ബിരുദധാരികളിൽ തൊഴിലില്ലായ്മ 42 ശതമാനത്തിലധികം.
നിരവധി വലിയ അവകാശവാദങ്ങൾക്കിടയിലാണ് ഈ കണക്കുകൾ.
ഇന്ത്യ 2047ൽ വികസിതരാജ്യം, അതായത് ആളോഹരി വരുമാനം 12,500 ഡോളറിൽ കൂടിയ രാജ്യം ആകും എന്നതാണ് ഒരു അവകാശവാദം. ലോകത്തിൽ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടന, 2029നകം മൂന്നാമത്തെ വലിയ സമ്പദ്ഘടന എന്നൊക്കെയുള്ള അവകാശവാദങ്ങൾ വേറേ. ഇവയൊക്കെ നടക്കാവുന്നതും നടക്കേണ്ടതുംതന്നെ. പക്ഷേ അതല്ലല്ലാേ കാര്യം. എത്തിപ്പെടാൻ പോകുന്ന തേനും പാലും ഒഴുകുന്ന വാഗ്ദത്തഭൂമിക്കു മുമ്പുള്ള മരുഭൂമിയിലെ ദുരിതയാത്ര എത്ര നാൾ എന്ന ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.
റിസർവ് ബാങ്കിന്റെ കണക്ക്
കുടുംബങ്ങളുടെ കടം രണ്ടുവർഷംകൊണ്ട് ഇരട്ടിച്ചതിന്റെയും ധനകാര്യ സമ്പാദ്യം പകുതിയായതിന്റെയും കണക്കുകൾ റിസർവ് ബാങ്ക് നൽകിയതാണ്. 2020-21ൽ കുടുംബങ്ങളുടെ ധനകാര്യ സമ്പാദ്യം ജിഡിപിയുടെ 11.5 ശതമാനമായിരുന്നു. അത് 2021-22 ൽ 7.2 ശതമാനവും 2022-23 ൽ 5.1 ശതമാനവുമായി കുറഞ്ഞു. രണ്ടു വർഷത്തെ ഇടിവ് 55 ശതമാനം. 1976-77നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലായി ജനങ്ങളുടെ ധനകാര്യ സമ്പാദ്യം.
അതേസമയം, കുടുംബങ്ങളുടെ കടബാധ്യത കുതിച്ചു. 2020-21 ൽ ജിഡിപിയുടെ 3.9 ശതമാനമായിരുന്ന അത് 2022-23 ൽ 5.8 ശതമാനമായി. സമ്പാദ്യം കുറഞ്ഞു, ബാധ്യത കൂടി. ഇതിന്റെ സാമാന്യ അർഥം എല്ലാവർക്കും അറിയാം. ജനങ്ങളുടെ ധനകാര്യനില അത്ര ഭദ്രമല്ല. ദുരിതത്തിലാണു കാര്യങ്ങൾ. പലരും അത് എടുത്തു പറഞ്ഞു.
കണക്കിനു പുതിയ അർഥം
ദുരിതം ഉണ്ടെന്നു സമ്മതിക്കാൻ കേന്ദ്ര സർക്കാർ തയാറില്ല. റിസർവ് ബാങ്ക് കണക്കിന്റെ സാമാന്യ അർഥമല്ല ശരി എന്നാണു കേന്ദ്രത്തിന്റെ വാദം. കൂടുതൽ കടം ഉണ്ടായത് ഭാവിയിൽ കടം വീട്ടാനുള്ള വരുമാനം ഉണ്ടാകുമെന്ന വിശ്വാസം കൊണ്ടാണ് എന്നു ധനമന്ത്രാലയം പറയുന്നു. ഭവന, വാഹന വായ്പകളാണു കൂടിയത്. അത് ദുരിതം കൊണ്ടല്ല, ശുഭാപ്തിവിശ്വാസം കൊണ്ടാണ്. കാര്യങ്ങൾ മോശമായില്ല. പകരം കുടുതൽ മെച്ചപ്പെട്ടു എന്ന്.
ധനമന്ത്രാലയത്തിന്റെ വാദം തെറ്റല്ല. നാളെ തൊഴിലും വരുമാനവും ഉണ്ടാകുമെന്ന ഉത്തമബോധ്യം ഉള്ളപ്പാേഴേ കടം എടുക്കൂ. അത്രയും ശരിയാണ്. പക്ഷേ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. വായ്പ എടുക്കുന്നത് ഏതു വിഭാഗമാണ്? ഏതു തരം പാർപ്പിടവും വാഹനവുമാണ് ഈ വായ്പ കൊണ്ട് സ്വന്തമാക്കുന്നത്?
സമ്പന്നർക്കു കൂടുതൽ സമ്പത്ത്
അതേസമയം ഉയർന്ന വരുമാനക്കാരുടെ വരുമാനം വീണ്ടും കൂടി. അവർ കൂടുതൽ പണം ചെലവാക്കി. കൂടുതൽ യാത്രകൾ നടത്തി. കൂടുതൽ വലിയ പാർപ്പിടങ്ങൾ ഉണ്ടാക്കി, അല്ലെങ്കിൽ വാങ്ങി. കൂടുതൽ ആഡംബര കാറുകൾ വാങ്ങി. ധനമന്ത്രാലയം ഇവരുടെ കാര്യമാണ് ഉദ്ദേശിച്ചത്. മിഡിൽ ക്ലാസ് അഥവാ ഉയർന്ന ഇടത്തരക്കാർ.
2013ൽ 3.3 ലക്ഷവും 2023ൽ 13 ലക്ഷവും രൂപ ശരാശരി വാർഷിക വരുമാനമുള്ളവരെയാണ് ഇതിൽ പെടുത്തുക. 2021ൽ ഇവരുടെ സംഖ്യ 43.2 കോടി ആണെന്ന് പ്രൈസ് (പീപ്പിൾസ് റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ ഇക്കാേണമി) എന്ന സ്വതന്ത്ര പഠനസ്ഥാപനം ഈയിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2031ൽ ഇവർ 71.5 കോടിയും 2047ൽ 102 കോടിയും ആകുമത്രെ. എന്തായാലും ഇപ്പോൾ അവർ ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമാണ്.
ഭൂരിപക്ഷത്തിനു കിട്ടാത്ത വളർച്ച
ഇവരുടെ കടമെടുപ്പും അതുവഴിയുള്ള ഉപഭോഗവും വ്യാപാരവുമൊക്കെയാണ് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. അതു ശരിയുമാണ്. പക്ഷേ ബാക്കി മൂന്നിൽ രണ്ടു ഭാഗമോ? അവർക്ക് ആസ്തി കൂടുന്നില്ല, കൂടുന്നതു ബാധ്യത മാത്രം. അവർക്കു സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നുമില്ല. ആദായനികുതിയുടെ താഴത്തെ വരുമാന സ്ലാബിൽ റിട്ടേണുകൾ കുറയുകയും ഉയർന്ന വരുമാന സ്ലാബുകളിൽ റിട്ടേണുകൾ കൂടുകയും ചെയ്യുന്നത് ഇതിന്റെ ഫലമാണ്. താഴെനിന്നു മുകളിലേക്ക് അധികം പേർ കയറുന്നില്ല. മുകളിലുള്ളവർ കൂടുതൽ മുകളിലേക്ക് കയറുന്നു. ഭൂരിപക്ഷത്തെ ഉൾപ്പെടുത്താത്ത വളർച്ച. ആ ഭൂരിപക്ഷത്തിനു ദുരിതം കൂടുന്നു എന്നു റിസർവ് ബാങ്ക് കണക്ക് സാക്ഷ്യപ്പെടുത്തി എന്നു മാത്രം.
തൊഴിലില്ലായ്മയുടെ ചിത്രം അസിം പ്രേംജി യൂണിവേഴ്സിറ്റിയാണു വരച്ചു കാണിച്ചത്. വളർച്ചയും തൊഴിൽ വർധനയും തമ്മിലുള്ള ബന്ധം ദുർബലമായി എന്ന്. വളർച്ച കൂടുന്നതിന് ആനുപാതികമായി തൊഴിൽ കൂടുന്നില്ല.
പണി കൂടിയില്ല
വർഷം 120 ലക്ഷം പേർ തൊഴിൽ സേനയിലേക്കു കടന്നു വരുന്ന രാജ്യമാണ് ഇന്ത്യ. ജനനത്തോത് കുറഞ്ഞതിനാൽ ആ സംഖ്യ പരമാവധി 80 ലക്ഷമാണെന്ന് ചില സർക്കാർ വിദഗ്ധർ വാദിക്കുന്നുണ്ട്. 16-25 കൊല്ലം മുൻപു ജനിച്ചവരാണ് ഇപ്പോൾ തൊഴിൽ തേടുന്നത് എന്ന കാര്യം ആ വിദഗ്ധർ മറക്കുന്നു. എന്തായാലും ആവശ്യക്കാർ കൂടി, അതിനനുസരിച്ചു ജോലികൾ കൂടിയില്ല. അതാണ് വിഷയം. 2004 മുതൽ 17 വരെയുള്ള കാലത്ത് സ്ഥിരവേതനമുള്ള 30 ലക്ഷം ജോലികൾ പ്രതിവർഷം വർധിച്ചിരുന്നു. 2017-19ൽ വർധന 50 ലക്ഷമായി. മഹാമാരിയെ തുടർന്ന് 2020-21 ൽ സ്ഥിരജോലികളിൽ 22 ലക്ഷം കുറവ് വന്നു.
2021 കഴിയുമ്പോഴേക്കു സംഭവിച്ച കാര്യം യൂണിവഴ്സിറ്റി ചൂണ്ടിക്കാണിക്കുന്നു. സ്ഥിരവേതനം നൽകുന്ന അനൗപചാരിക ജോലികൾ അതിവേഗം കുറഞ്ഞു. ഇഎസ്ഐയും പ്രൊവിഡന്റ് ഫണ്ടും ഉള്ള ഔപചാരിക ജോലികൾ കൂടി വന്നു. 2021ൽ 52 ലക്ഷം അനൗപചാരിക സ്ഥിരജോലികൾ കുറഞ്ഞപ്പോൾ 30 ലക്ഷം ഔപചാരിക തൊഴിലുകൾ മാത്രമാണുണ്ടായത്.
സ്ഥിരജോലികൾ ഔപചാരികമാക്കുകയും ജീവനക്കാർക്ക് പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷേ അതു ചെയ്യുമ്പോൾ താെഴിൽ ഇല്ലാതാകുന്ന സ്ഥിതി വിപരീത ഫലമാണുണ്ടാക്കുന്നത്. അതിന്റെ സാമ്പത്തിക പ്രത്യാഘാതമാണ് സമ്പാദ്യം കുറയുന്നത്. ജോലികൾ ഔപചാരികമാക്കുന്ന നല്ല കാര്യം ചെയ്യുമ്പോൾ തൊഴിലുടമകൾ സ്ഥിരതൊഴിൽ കുറയ്ക്കും. താത്കാലിക തൊഴിൽ കൂട്ടും.
ജീവിതം തുടങ്ങാൻ വൈകുന്നു; സമ്പാദിക്കാനും
ബിരുദധാരികളിൽ 15 ശതമാനത്തിലേറെ തൊഴിൽ രഹിതരാണെന്ന് സർക്കാരിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ 2021-22ലെ കണക്കുകൾ കാണിക്കുന്നു. 25 വയസിൽ താഴെയുള്ള ബിരുദധാരികളിൽ 42 ശതമാനത്തിനു പണിയില്ല. 35 വയസ് മുതൽ നോക്കിയാൽ പണിയില്ലാത്തവർ അഞ്ചു ശതമാനമായി ചുരുങ്ങും. 1970 കളിലെയും ‘80 കളിലെയും നിലയിലേക്കു കാര്യങ്ങൾ മാറി. നേരത്തെ ജോലിയിൽ കയറാൻ പറ്റാതാകുന്നു. ജീവിതം കരുപ്പിടിപ്പിക്കാനും സമ്പാദ്യം തുടങ്ങാനുമൊക്കെ വൈകുന്നു. (അതാണു ഗാർഹികസമ്പാദ്യങ്ങൾ കുറയുന്നതിൽ
കാണുന്നത്).
തൊഴിൽവർധന മാത്രമല്ല കുറയുന്നത്. ശമ്പളവർധനയും കുറയുന്നു. 2021-22ൽ ശമ്പളം 10 ശതമാനം വർധിച്ചപ്പോൾ 2022-23ലെ വർധന ഒൻപതു ശതമാനം മാത്രം. സ്റ്റാഫ് റിക്രൂട്ട്മെന്റ് കമ്പനിയായ ടീം ലീസ് പുറത്തിറക്കിയ ജോബ്സ് ആൻഡ് സാലറി പ്രൈമർ റിപ്പോർട്ടിൽ ഉള്ളതാണ് ഈ വിവരം. കമ്പനികൾ പ്രതീക്ഷിച്ച തോതിലുള്ള വളർച്ച ഉണ്ടാകാത്തതിനാൽ കഴിഞ്ഞ വർഷം (2022) നൽകിയ തൊഴിൽ ഓഫറുകൾ പാലിക്കാനായില്ല. മിക്കവരും ഓഫർ പിൻവലിച്ചു. ചിലർ ജോലിക്കെടുക്കുന്നത് അനിശ്ചിതമായി നീട്ടി.
അപ്പോൾ എന്തു പറ്റി? 2023 ബാച്ചും 2022 ബാച്ചും ഒന്നിച്ച് ജോലിക്കായി തിക്കും തിരക്കും കൂട്ടുന്നു. ഒഴിവുകൾ കുറവ്, അർഥികൾ കൂടുതൽ. തൊഴിൽ കിട്ടാൻ വൈകുന്നു. മുൻപു കണ്ട അതേ അവസ്ഥ. ഇതു ദുരവസ്ഥ അല്ലെന്നാണു സർക്കാർ പറയുന്നത്. ഏതു വിധേനയും വിദേശത്തേക്കു കടക്കാൻ യുവത ശ്രമിക്കുന്നതിനു കൂടുതൽ വിശദീകരണം ആവശ്യമില്ല.
ഇല്ലാതായ അനൗപചാരിക മേഖല
കോവിഡിനു ശേഷം രാജ്യത്തുണ്ടായ ഒരു മാറ്റം എല്ലാവർക്കും അറിയാം (സർക്കാർ സമ്മതിക്കുന്നില്ലെങ്കിലും). പ്രീമിയം വാഹനങ്ങളുടെ വിൽപന കൂടി, താഴ്ന്ന വിലയിലുള്ളവയുടെ വിൽപന കുറഞ്ഞു. പാർപ്പിടങ്ങളിലും ഇതു തന്നെ അവസ്ഥ. ലക്ഷ്വറി ഫ്ലാറ്റുകളും വില്ലകളും കൂടുതലായി വിറ്റു പോകുന്നു. സാദായ്ക്കു ഡിമാൻഡ് ഇല്ല.
കറൻസി റദ്ദാക്കലും ജിഎസ്ടിയും പിന്നീടു കോവിഡും ചേർന്നു രാജ്യത്തെ അനൗപചാരിക മേഖലയെ തകർത്തു കളഞ്ഞതിന്റെ ഫലം എന്നു വേണമെങ്കിലും പറയാം. ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്കു പിടിച്ചുനിൽക്കാൻ പറ്റാതായി. അവ നടത്തിയും അവയിൽ ജോലിയെടുത്തും കഴിഞ്ഞുപോന്ന വലിയ സംഖ്യ ആൾക്കാർക്കു വരുമാനമില്ലാതായി. കോവിഡനന്തരം കാർഷിക മേഖലയിലെ ജോലികളിലേക്കു കൂടുതൽ പേർ തിരിഞ്ഞതായി ഏറ്റവും ഒടുവിലത്തെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ കാണിച്ചതിലെ സൂചനയും അതാണ്. നഗരങ്ങളിലെയും പട്ടണങ്ങളിലെയും അനൗപചാരിക വ്യാപാര -വ്യവസായ സ്ഥാപനങ്ങളിലെ പണി നഷ്ടമായവർ ഗ്രാമീണ കാർഷിക പണികളിലേക്കു തിരിഞ്ഞു.
ചെറുകിട സംരംഭകരും ചെറുകിട ജോലിക്കാരുമായ ഇക്കൂട്ടരാണ് നേരത്തേ എൻട്രി ലെവൽ ബൈക്കുകളും കാറുകളും വാങ്ങിയിരുന്നത്. അവർ വിപണിയിൽ ഇല്ലാതായി. അവർക്കു പണിയും വരുമാനവും ഉറപ്പില്ലാത്തതുകൊണ്ട് അവർ വായ്പ എടുക്കുന്നില്ല. (ബാങ്കുകൾ വായ്പ നൽകുകയുമില്ല).
റ്റി.സി. മാത്യു