Thursday, September 28, 2023 2:38 AM IST
ഐഇഎൽടിഎസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം), പിടിഇ (പിയേഴ്സണ്‍സ് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്) പരീക്ഷകൾക്കുള്ള കോച്ചിംഗ് സെന്ററുകൾ നാട്ടിലെങ്ങുമുണ്ട്. എൻജിനിയറിംഗ്, ഐടി, ബിസിനസ് മാനേജ്മെന്റ്, മെഡിസിൻ, നഴ്സിംഗ്, മറ്റ് ഹെൽത്ത് കെയർ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ കോഴ്സുകൾക്കു പുറമെ മറ്റു ബിരുദ, ബിരുദാനന്തര ബിരുദ (മാസ്റ്റേഴ്സ്) പഠനത്തിനുമാണു മലയാളികൾ പ്രധാനമായും വിദേശ സർവകലാശാലകളിലേക്കു പോകുന്നത്. എറണാകുളത്തും കോട്ടയത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും കണ്ണൂരും മുതൽ കേരളത്തിന്റെ ചെറുപട്ടണങ്ങളിൽ വരെ വിദേശപഠന ഏജൻസികൾ കൂണുപോലെയാണു മുളച്ചത്. സ്റ്റഡി എബ്രോഡ് എന്ന പരസ്യ ബോർഡ് ഇല്ലാത്ത ചെറുനഗരങ്ങൾ പോലുമില്ല.
വിദേശ ഭാഷാ പഠന കേന്ദ്രങ്ങളുടെ ചാകര ഇന്ത്യയിലെവിടെയും കാണാനാകും. ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, അറബിക് പഠന സഹായ കേന്ദ്രങ്ങളാണു കൂടുതൽ. നാട്ടിൻപുറങ്ങളിലെ ഇംഗ്ലീഷ്, ജർമൻ ക്ലാസുകൾക്കു പോലും ആയിരക്കണക്കിനു വിദ്യാർഥികളാണ് എത്തുന്നത്. വിദൂര ദേശങ്ങളിൽനിന്നുള്ള കുട്ടികൾ സമീപത്തെ വീടുകളിലും ഹോസ്റ്റലുകളിലും താമസിച്ചു പഠിക്കുന്നു.
• പീർ പ്രഷറിന്റെ മോഹങ്ങൾ
പഠനത്തേക്കാൾ വീട്ടിൽനിന്നും നാട്ടിൽനിന്നുമുള്ള സ്വാതന്ത്ര്യവും വിദേശരാജ്യത്തെ പിആറും പൗരത്വവും മറ്റുമാണു കുട്ടികളെ മോഹിപ്പിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടനെ വിദേശത്തു പഠിക്കാൻ കുട്ടികളിൽ ആഗ്രഹമുണ്ടാകും. സഹപാഠികളുടെ സമ്മർദം (പീർ പ്രഷർ) കൊണ്ടോ ഏജൻസികളുടെ പുഷ് മാർക്കറ്റിംഗ് കൊണ്ടോ ആകാമിത്. ഉന്നത മാർക്കോ സ്കോളർഷിപ്പോ ഇല്ലാതെയാണു പലരും ശ്രമിക്കുന്നത്. വിദേശത്തു പഠിച്ചാൽ വലിയ ശന്പളത്തോടെ ജീവിതകാലം മുഴുവൻ കഴിയാമെന്ന ധാരണയിലാണിത്.
മാതാപിതാക്കളോട് ഇണങ്ങിയും പിണങ്ങിയുമൊക്കെ മക്കൾ വിദേശപഠനത്തിനായി സമ്മർദം ചെലുത്തും. പതിനേഴും പതിനെട്ടും വയസുള്ള മക്കളുടെ സമ്മർദത്തിനു വഴങ്ങുന്പോൾ മാതാപിതാക്കൾ മൂന്നുവട്ടം ആലോചിക്കണമെന്നും അടൂരിനടുത്ത തൂവായൂരിലുള്ള ബോധിഗ്രാമിന്റെ സ്ഥാപകൻ കൂടിയായ ജോണ്‍ തറപ്പിച്ചു പറയുന്നു. ഒരുപാടു പേരുടെ അനുഭവങ്ങൾ നേരിട്ടറിയാമെന്നതിനാലാണ് ഈ മുന്നറിയിപ്പെന്നും ജെ.എസ്. അടൂർ എന്ന ജോണ്‍ ഓർമപ്പെടുത്തി.
• ഓണ്‍ലൈനിൽ പരിശോധന
സ്വദേശത്തെയും വിദേശത്തെയും എല്ലാ പഠനസാധ്യതകളും അവസരങ്ങളും വെല്ലുവിളികളും പ്രശ്നങ്ങളും സാന്പത്തിക ബാധ്യതകളും ശരിയായി മനസിലാക്കിയ ശേഷമാകണം തീരുമാനമെടുക്കേണ്ടത്. സ്കോളർഷിപ്പിനുള്ള സാധ്യതയും പരിശോധിക്കണം. വിദേശ ബിരുദ പഠനത്തിനായി ജിആർഇ (ഗ്രാജ്വേറ്റ് റിക്കോർഡ് എക്സാമിനേഷൻസ്), ജിമാറ്റ് (ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്) എന്നിവയിൽ പരിശ്രമിച്ചാൽ മികച്ച സ്കോർ നേടാൻ കഴിയും. നല്ല സ്കോർ ലഭിച്ചാൽ ഐവി ലീഗ് യൂണിവേഴ്സിറ്റികളിലോ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലോ സ്കോളർഷിപ്പുകളോടെ അഡ്മിഷൻ കിട്ടും.
വിദേശ സർവകലാശാലകളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും പഠന, ഹോസ്റ്റൽ ഫീസിനെക്കുറിച്ചുമെല്ലാം ഓണ്‍ലൈനിൽ വിശദവിവരങ്ങൾ അറിയാൻ കഴിയും. സ്വകാര്യ ഏജൻസികളെ സമീപിക്കുന്നതിനു മുന്‍പും സമീപിച്ച ശേഷവും ഇന്റർനെറ്റിൽ തെരഞ്ഞു പരമാവധി വിവരം സ്വന്തമായി ശേഖരിക്കാൻ ഓരോ വിദ്യാർഥിയും അവരുടെ മാതാപിതാക്കളും മറക്കരുത്.
• വിദേശ, നാടൻ സാധ്യതകൾ
വിദേശപഠനം പലപ്പോഴും നല്ലതും ആവശ്യവുമാണ്. ആഗോള വിദ്യാഭ്യാസ അവസരങ്ങളെ ശരിയായി പ്രയോജനപ്പെടുത്തുകയാണ് പ്രധാനം. ഓക്സ്ഫഡ്, കേംബ്രിജ്, ഹാർവാഡ്, സ്റ്റാൻഫോഡ്, എംഐടി (മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ലണ്ടൻ ഇംപീരിയൽ കോളജ്, ഇടിഎച്ച് സൂറിച്ച് (സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), സിംഗപ്പുർ നാഷണൽ, ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്,യെയ്ൽ (Yale), ബെർക്കിലി കലിഫോർണിയ, കോർനെൽ, ചിക്കാഗോ, പ്രിൻസ്ടണ്‍, പെൻസിൽവാനിയ, മെൽബണ്‍, പീക്കിംഗ്, കൊളംബിയ, ടൊറന്റോ, എഡിൻബർഗ്, സിഡ്നി, ന്യൂ സൗത്ത് വെയ്ൽസ് തുടങ്ങി പ്രശസ്തമായ യൂണിവേഴ്സിറ്റികളും കോളജുകളും പലതുണ്ട്. ഏഷ്യൻ രാജ്യങ്ങളിലെ പല യൂണിവേഴ്സിറ്റികളിലും താരതമ്യേന ചെലവു കുറവുണ്ട്. അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തു മികച്ച സൗകര്യങ്ങളും നല്ല ഫണ്ടിംഗുമുള്ള യൂണിവേഴ്സിറ്റികൾ പലതുണ്ട്. ഓണ്‍ലൈനിൽ പരിശോധിച്ചാൽപോലും ഇവയെക്കുറിച്ച് അറിയാനാകും.
എന്നാൽ, ഇന്ത്യയിലെ മുന്തിയ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവസരങ്ങൾ ആദ്യം പരിഗണിക്കണം. പ്രഫഷണൽ കോളജുകളിൽ ഉന്നത നിലവാരവും പെരുമയുള്ള സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. എയിംസ് പോലുള്ള മെഡിക്കൽ കോളജുകളും ഐഐടികളും ഐഐഎമ്മുകളും ഐഎസ്ബിയും പോലുള്ള മികച്ച സാങ്കേതിക, മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രധാന നഴ്സിംഗ്, നിയമ, ആർക്കിടെക്ചർ സ്ഥാപനങ്ങളും മുതൽ ഡൽഹി സെന്റ് സ്റ്റീഫൻസ്, ജെഎൻയു, ബിറ്റ്സ് പിലാനി, ടാറ്റ, സെന്റ് സേവ്യേഴ്സ്, ലയോള, ക്രൈസ്റ്റ്, ജിൻഡൽ, ശിവനാടാൻ, അശോക പോലുള്ളവയും പിന്നിലല്ല. കേരളത്തിലും കേരളത്തിലും പുറത്തുമുള്ള പല കോളജുകളും നിലവാരവും കോഴ്സുകളും മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
• മത്സരപ്പരീക്ഷകൾ അപ്രാപ്യമല്ല
വിദേശ പഠനം വിദ്യാർഥികൾക്ക് എപ്പോഴും ഗുണകരം ആകണമെന്നില്ല. മത്സരപ്പരീക്ഷകളിൽ നല്ല വിജയം നേടി സ്വന്തം നാട്ടിൽ പഠിക്കാനുള്ള അവസരം ചെലവു കുറയ്ക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്യും. കേരളത്തിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും പോയി പഠിക്കുന്നതിനുള്ള സാധ്യതകളാകണം ആദ്യം പരിശോധിക്കേണ്ടത്. രാഷ്ട്രീയക്കളികളും മറ്റുമുണ്ടാകുന്ന നമ്മുടെ സർവകലാശാലകളിലുണ്ടാകുന്ന വിവാദങ്ങൾ മൂലം പല നല്ല മുന്നേറ്റങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.
സംസ്ഥാനത്തിനു പുറത്തുപോയി പഠിക്കുന്നതിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി സംസാരിക്കാനും എഴുതാനും അവസരമുണ്ടാകും. അതിലേറെ വിദ്യാർഥികൾക്കു ലഭിക്കുന്ന ദേശീയ, അന്താരാഷ്ട്ര എക്സ്പോഷർ ഗുണകരമാകും. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും നല്ല അവസരങ്ങൾ അറിയാനും തേടിപ്പിടിച്ചു കണ്ടെത്താനും സഹായകമാകും.
അമർത്യ സെൻ, മൻമോഹൻ സിംഗ്, ഗീതാ ഗോപിനാഥ്, രഘുറാം രാജൻ തുടങ്ങിയവർ ഇന്ത്യയിൽ പഠിച്ചതിനു ശേഷം സ്കോളർഷിപ്പോടു കൂടി വിദേശപഠനത്തിനു പോയവരാണ്. ശശി തരൂർ പഠിച്ചതും ഇന്ത്യയിലാണ്. മെക്രോസോഫ്റ്റിലെ സത്യ നഡെല, ഗൂഗിളിലെ സുന്ദർ പിച്ചായി, നൊവർട്ടിസിലെ വസന്ത് നരസിംഹൻ, അഡോബിലെ ശാന്തനു നാരായണ്‍, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ തുടങ്ങിയവർ വിദേശത്തു പഠിച്ച് ആഗോള കന്പനികളുടെ തലപ്പത്തെത്തിയ ഇന്ത്യൻ വംശജരാണ്.
• പരസ്യങ്ങളിൽ മയങ്ങരുത്
പുറമെ കേട്ടറിഞ്ഞതിനേക്കാൾ മോശമാകും പല വിദേശ സർവകലാശാലകളും കോളജുകളും. വിദേശപഠന ഏജൻസികളുടെ പരസ്യങ്ങളിലും വാക്ചാതുര്യത്തിലും മയങ്ങിയാണു മിക്ക വിദ്യാർഥികളും മാതാപിതാക്കളും തീരുമാനങ്ങളെടുക്കുന്നത്. പുഷ് മാർക്കറ്റിംഗ് അല്ലെങ്കിൽ തള്ളൽ വിപണന തന്ത്രങ്ങളാണിത്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പഠനവും ജോലിയും പിആറും താരതമ്യേന എളുപ്പമാണെന്ന പ്രചാരണത്തിൽ അനേകരാണു വീഴുന്നത്. കൂടുതൽ കമ്മീഷൻ കിട്ടാവുന്ന രണ്ടാം തരം കോളജുകളിലേക്കാണു പലപ്പോഴും ഏജൻസികൾ വിദ്യാർഥികളെ അയയ്ക്കുന്നത്.
എന്നാൽ, കാര്യങ്ങൾ ശരിയായി ധരിപ്പിച്ചു വിദ്യാർഥികളെ വിദേശത്തെ മികച്ച കലാലയങ്ങളിലേക്ക് അയയ്ക്കുന്ന ഏജൻസികളുമുണ്ട്. വിദേശ സർവകലാശാലകളിലും കോളജുകളിലുമുള്ള വൈവിധ്യമേറിയതും തൊഴിൽസാധ്യത കൂടുതലുള്ളതുമായ കോഴ്സുകൾ വിദ്യാർഥികൾക്കു മനസിലാക്കാൻ ഇവർ സഹായിക്കുന്നു. വിദേശ സർവകലാശാലകളും മെഡിക്കൽ, നഴ്സിംഗ്, എൻജിനിയറിംഗ്, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുമായി നേരിട്ട് റിക്രൂട്ടിംഗ് ലൈസൻസ് നേടിയ സ്ഥാപനങ്ങളുമുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ രജിസ്ട്രേഷൻ നേടിയ ഏജൻസികളും സർക്കാർ ഏജൻസികളും ഭേദപ്പെട്ട സേവനമാണു ചെയ്യുന്നത്. കേരള സർക്കാരിന്റെ നോർക്ക റൂട്ട്സ്, ഒഡെപെക് (ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‍സൾട്ടന്റ്സ്) എന്നിവ മുഖ്യമായും വിദേശ തൊഴിലന്വേഷകരെയാണു സഹായിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിലെ വഞ്ചനകളും തട്ടിപ്പുകളും തടയാനും സർക്കാർ മുൻകൈയെടുക്കേണ്ട കാലം അതിക്രമിച്ചു. വിദ്യാർഥികൾക്കു നല്ലവഴി കാട്ടാൻ വിദേശ, പ്രവാസികാര്യ മന്ത്രാലയങ്ങളും എംബസികളും നോർക്കയുമെല്ലാം കർമപദ്ധതി തയാറാക്കണം.
(തുടരും)
മലയാളികളുടെ വിദേശ കുടിയേറ്റം 03 / ജോർജ് കള്ളിവയലിൽ