Thursday, September 28, 2023 2:41 AM IST
ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പുകളെയും രണ്ടു പതിറ്റാണ്ടിലേറെയായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ - അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷ്മമായ വിശകലനമാണ് എഡിആർ റിപ്പോർട്ടുകൾ. ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഐപിസി 302, 307, 376 തുടങ്ങിയ വകുപ്പുകൾ ചുമത്തപ്പെട്ടിട്ടുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ നിയമസഭാ സാമാജികർക്ക് ജനപ്രതിനിധികളായി തുടരാൻ കഴിയില്ലെന്നൊരു വ്യവസ്ഥ വന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ 1136 നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടിവരും. മറ്റു ക്രിമിനൽ വകുപ്പുകൾകൂടി പരിഗണിച്ചാൽ, അത്തരം എംഎൽഎമാരുടെ എണ്ണം, 1777 ആയി ഉയരും. 44 ശതമാനം എംഎൽഎമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ക്രിമിനൽ രാഷ്ട്രീയം പാർലമെന്റിൽ
രണ്ടാം മോദി മന്ത്രി സഭയിലെ 33 മന്ത്രിമാർ (42%) ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതിൽ 24 പേർ ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (ഐപിസി 307), ബലാത്സംഗം (ഐപിസി 376) ഉൾപ്പെടെ സ്ത്രീകൾക്കെതിരേയുള്ള വിവിധ കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും ഒടുവിൽ പുറത്തുവന്ന എഡിആർ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 763 ലോക്സഭ, രാജ്യസഭാ എംപിമാരിൽ 40 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളും അതിൽത്തന്നെ 194 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളവരുമാണ്. ബിജെപി എംപിമാരിൽ 98 പേരും, കോൺഗ്രസ് എംപിമാരിൽ 26 പേരും ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പ്രതികളായവരാണ്.
ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായിട്ടുള്ള എംപിമാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തർപ്രദേശും തൊട്ടുപിന്നിൽ ബിഹാറും മഹാരാഷ്ട്രയുമാണ്. യഥാക്രമം, 37, 28, 22 എംപിമാർ വീതം ഈ സംസ്ഥാനങ്ങളിൽനിന്ന് ഇത്തരത്തിലുണ്ട്. ഇക്കാര്യത്തിൽ കേരളവും പിന്നിലല്ല. ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പ്രതികളായ 10 എംപിമാർ കേരളത്തിൽനിന്നുണ്ട്.
ഉത്തർപ്രദേശിൽനിന്നുള്ള ബിഎസ്പി എംപി അതുൽകുമാർ സിംഗിന്റെ പേരിൽ 13 കൊലപാതക കേസുകളും വെസ്റ്റ് ബംഗാളിൽനിന്നുള്ള ബിജെപി എംപി നിസിത് പ്രമാണിക്കിന്റെ പേരിൽ 11 കൊലപാതക കേസുകളുമുണ്ട്. തെലങ്കാനയിൽനിന്നുള്ള ബിജെപി എംപി ബാപ്പു റാവുവിന്റെ പേരിലുള്ളത് 52 വധശ്രമ കേസുകളാണ്.
തെലങ്കാനയിൽനിന്നു തന്നെയുള്ള എ.ആർ. റെഡ്ഢിയുടെ പേരിലുള്ളത് സ്ത്രീകൾക്കെതിരേയുള്ള 42 കുറ്റകൃത്യങ്ങളാണ്. പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ 19 ചാർജുകൾ ഇതിലുൾപ്പെടുന്നു. സ്ത്രീപീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പത്തിലേറെ ചുമത്തപ്പെട്ട ആറു ജനപ്രതിനിധികൾ ഇന്ത്യൻ പാർലമെന്റിലുണ്ട്! പത്തിലേറെ കൊലപാതക കേസുകളുള്ള രണ്ടുപേരും പത്തിലേറെ വധശ്രമ കേസുകൾ ചുമത്തപ്പെട്ടിട്ടുള്ള എട്ടുപേരും അത്തരത്തിലുണ്ട്.
ക്രിമിനൽ രാഷ്ട്രീയത്തിന്റെ സാമ്പത്തിക വശങ്ങൾ
വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഒട്ടേറെ അഴിമതികൾ വീണ്ടും വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയും സമാന്തരമായി പുതിയ അഴിമതികൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അക്രമരാഷ്ട്രീയവും അതീവ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളും വലിയ സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള അന്തർധാരകൾ പൊതുസമൂഹത്തിന് അജ്ഞാതമല്ല. ജനപ്രതിനിധികളുടെ സ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള വിശദമായ വിശകലനങ്ങളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയിട്ടുണ്ട്.
അക്രമത്തിൽ സമ്പത്ത് ഒരു പ്രധാന ഘടകമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്ത എംപിമാരുടെ ശരാശരി ആസ്തി 30.5 കോടി രൂപയാണെങ്കിൽ, ക്രിമിനൽകേസുകളിൽ ഉൾപ്പെട്ട എംപിമാരുടെ ആസ്തി 50.03 കോടി രൂപയാണെന്ന് റിപ്പാർട്ട് വ്യക്തമാക്കുന്നു.
ക്രിമിനൽ രാഷ്ട്രീയം നിയമസഭകളിൽ
ഇന്ത്യയിലെ ആകെ എംഎൽഎമാരിൽ നാലിലൊന്നുപേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. രാഷ്ട്രീയ പ്രവർത്തകരുടെ എണ്ണം ഇത്തരത്തിൽ ലഭിക്കുക എളുപ്പമല്ലെങ്കിലും, അക്കൂട്ടരിൽ ക്രിമിനലുകളുടെ എണ്ണം വളരെ കൂടുതലായിരിക്കും എന്നു നിശ്ചയം. എന്തിനും മടിക്കാത്ത അക്രമികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് പല സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാർട്ടികൾ. ആ സ്വാധീനവും ബാന്ധവവും ഭരണകൂടങ്ങളെ മലിനമാക്കിയിരിക്കുന്നു എന്നുള്ളതും സംശയമില്ലാത്ത കാര്യമാണ്.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള എംഎൽഎമാരുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നിവയാണ്. യഥാക്രമം 155, 122, 114 എംഎൽഎമാർ വീതം ഇത്തരത്തിൽ ഈ സംസ്ഥാനങ്ങളിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി പത്തിലേറെ കൊലക്കേസുകളിൽ പ്രതികളായ 21 എംഎൽഎമാരാണുള്ളത്. അതിൽ 51 കൊലപാതക കേസുകളിലായി 112 ഗുരുതര ചാർജുകൾ ചുമത്തപ്പെട്ടിട്ടുള്ള രമേശ് ചന്ദ്രയാണ് മുന്നിൽ.
ഒഡീഷയിലെ ജനപ്രതിനിധിയാണ് രമേശ് ചന്ദ്ര. സ്ത്രീകൾക്കെതിരേയുള്ള കേസുകളിൽ ഏറ്റവും മുന്നിൽനിൽക്കുന്ന എംഎൽഎ ഒഡീഷയിൽനിന്നുതന്നെയുള്ള ബ്രജ കിഷോർ പ്രധാൻ ആണ്, 29 കേസുകൾ! എംഎൽഎമാരുടെ ക്രിമിനൽ കേസുകളിൽ കേരളവും പിന്നിലല്ല. കേരളത്തിലെ 37 എംഎൽഎമാർക്കെതിരേ ഗുരുതരമായ ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ ക്രിമിനലുകൾ
എഡിആർ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ 23 എംപിമാരും, 95 എംഎൽഎമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായുള്ള ജനപ്രതിനിധികളുടെ അനുപാതത്തിൽ കേരളത്തിന് അൽപ്പം ആശ്വാസത്തിന് വകയുണ്ടെങ്കിലും അതും വിരളമല്ല. കേരളത്തിലെ 10 എംപിമാരും 37 എംഎൽഎമാരും ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചാർജ് ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടിട്ടുള്ള ജനപ്രതിനിധികളുടെ ശതമാനക്കണക്ക് നോക്കിയാൽ രണ്ടു പട്ടികയിലും കേരളം മുൻപന്തിയിലാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത.
കേരളത്തെ സംബന്ധിച്ച് രാഷ്ട്രീയ കൊലപാതകങ്ങളുടെയും രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള ചേരിപ്പോരുകളുടെയും അനുബന്ധ അക്രമങ്ങളുടെയും തോത് വളരെകൂടുതലായതാണ് ജനപ്രതിനിധികളുടെ പേരിലുള്ള ക്രിമിനൽകേസുകൾക്കു പ്രധാനകാരണം. എന്നാൽ, അഴിമതി, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, കുറ്റകരമായ ഗൂഢാലോചനയും അപകീർത്തിപ്പെടുത്തലുകളും തുടങ്ങി, കേരള രാഷ്ട്രീയം മലീമസമായൊരു സാഹചര്യത്തിലാണുള്ളത് എന്ന് നിശ്ചയം. ഇത്തരമൊരു ദുരവസ്ഥ ഉടലെടുത്തിരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങളൾക്കും കഴിയില്ല. കുറ്റകൃത്യങ്ങൾ മൂടിവയ്ക്കുകയും നിരപരാധികളെ കുറ്റക്കാരാക്കി വിവാദങ്ങൾ സൃഷ്ടിച്ച് യഥാർഥ വിഷയങ്ങൾ വഴിതിരിച്ചുവിടാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന ഒരു വിഭാഗം മാധ്യമങ്ങൾ നിലപാടുകൾ പുനഃപരിശോധിക്കാൻ തയാറാകേണ്ടതുണ്ട്.
പൂച്ചയ്ക്ക് ആര് മണികെട്ടും
രാഷ്ട്രീയ പ്രവർത്തകർക്കെതിരെയുള്ള കേസുകളിൽ നല്ലൊരു പങ്ക് കെട്ടിച്ചമച്ചവയും പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയുമാണ് എന്ന വാദങ്ങളുണ്ട്. കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പരിധിവരെയെങ്കിലും അതിൽ കാര്യവുമുണ്ട്. ഒട്ടേറെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേക സാമൂഹിക വ്യവസ്ഥിതികളിൽ രജിസ്റ്റർ ചെയ്യപ്പെടാതെ പോയേക്കാവുന്ന എണ്ണമറ്റ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ കൂടി പരിഗണിക്കുമ്പോൾ എഡിആർ റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനപ്പുറമായിരിക്കാം യാഥാർഥ്യങ്ങൾ.
‘പൂച്ചയ്ക്ക് ആര് മണികെട്ടും?’ എന്ന വിഖ്യാതമായ പഴഞ്ചൊല്ലാണ് ഇവിടെ പ്രസക്തം. പൊതുജനത്തിനും മാധ്യമങ്ങൾക്കുപോലും ഇവിടെ വലിയ പരിമിതികളുണ്ട്. ഇത്തരക്കാരെ ശിക്ഷിക്കാ ൻ നിയമനിർമാണങ്ങൾ നടത്താൻ നിയമനിർമാണ സഭകൾ തയാറാവുകയും നീതിപീഠങ്ങൾ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്യാത്തപക്ഷം ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാവില്ലെന്ന് തീർച്ച.
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)