ദൈവത്തെ എടുത്തുമാറ്റുന്നിടങ്ങളില് ധാർമികതയും ആത്മീയതയും പുകതുപ്പുന്ന വെറും വാചാടോപങ്ങൾ മാത്രമായേക്കാം. ഇവിടങ്ങളിലാണ് ചങ്ങാതിമാര്‍ നന്നാവാതെ കണ്ണാടികള്‍ ആശ്രയിക്കുന്നതും ഗർഭച്ഛിദ്രം പോലും സാധ്യതയാവുന്നതും സഹോദരന്റെ വിശപ്പ് നമുക്കൊക്കെ കോമഡിയാവുന്നതും സഹോദരിമാര്‍ തെരുവിലൊക്കെ നിലവിളിക്കുന്നതും കോര്‍പ്പറേറ്റുകള്‍ കച്ചവടങ്ങളുടെ ഉച്ചഭാഷിണികളാവുന്നതും വൃദ്ധജനങ്ങള്‍ കമ്പോളങ്ങളില്‍ എറിയപ്പെടുന്നതും സദാചാരങ്ങൾ ഇല്ലാത്ത ലഹരികളിൽ വിദ്യാർഥി രാഷ്ട്രീയം കൂപ്പുകുത്തുന്നതും ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് സഹോദരനെ വ്രണപ്പെടുത്തുന്നതും. ഇവിടെത്തന്നെയാണ് മനുഷ്യനെക്കാൾ കൂടുതല്‍ മൃഗസ്നേഹികള്‍ അരങ്ങിലിറങ്ങുമ്പോള് ബഫര്‍സോണുകളും വിഴിഞ്ഞം സമരങ്ങളും കഥ തുടരുന്നത്. പരിസ്ഥിതി ആഘാതപഠനങ്ങളില്ലാത്ത പുതിയ പദ്ധതികള്‍ പോലും യഥാര്‍ഥത്തില്‍ ഭരണകൂട ഭീകരത തന്നെയാണ്. കമ്പോളങ്ങള്‍ അധാര്‍മികതയുടെ അപ്പക്കഷണങ്ങള്‍ വച്ചുനീട്ടുമ്പോള്‍ അസീസിയെപ്പോലെ വഴിമാറി നടക്കാം, ഭൂമിയെയും സഹജീവികളെയും സ്നേഹിക്കാം.
അസീസിയിലെ ഫ്രാൻസിസും ക്രിസ്തുസാഹോദര്യവുംഈ ഭൂമി നമ്മുടെ പിള്ളത്തൊട്ടിലും മനുഷ്യര്‍ നമ്മുടെ കൂടപ്പിറപ്പുകളുമാണെന്ന് ചിന്തിച്ചു തുടങ്ങുന്നിടങ്ങളിലേ നാമെടുക്കുന്ന ഓരോ ശ്വാസത്തിനുപോലും കടപ്പാടു കാട്ടാനും ഒാരോ മൺതരിയെപ്പോലും വിലമതിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും നമുക്ക് കഴിയൂ. ജാതിയുടെയും വര്‍ഗത്തിന്റെയും വിഷമരുന്നുകള്‍ കുത്തിവയ്ക്കുന്നിടങ്ങളില് സാഹോദര്യമെന്നത് ഒരുപാട് ദൂരങ്ങളിൽ തന്നെയാണ്. പക്ഷേ മണിപ്പുരും ഗുജറാത്തും നമ്മുടെ കൺപോളകളിൽ തന്നെയുണ്ടെന്നറിയുമ്പോൾ ജാതീയതയുടെ കപടക്കോമരങ്ങളോട് നമുക്കും സമരം ചെയ്യാനാകണം. അങ്ങനെയായാൽ നമുക്കും അസീസി പുണ്യവാനെപ്പോലെ ഉത്പത്തിയിലെ ചോദ്യങ്ങള്‍ക്കു മറുപടി കൊടുക്കാനും സഹോദരന്റെ കാവല്‍ക്കാരനാകാനും സാധിച്ചേക്കാം. ഭൂമിയുടെ കാന്‍വാസില്‍ ദൈവത്തെ വരച്ചുകാട്ടുന്ന ഈ മനുഷ്യസ്നേഹി ധാര്‍മികതയുടെ ഉണർത്തുപാട്ടാകുന്നു, ദൈവ-മനുഷ്യ-പ്രകൃതി സ്നേഹത്തിന്റെ വക്താവാകുന്നു. നാം ഭൂമിയുടെ അവകാശികള്‍, ഒപ്പം സഹോദരന്റെയും. അതിനാല്‍ത്തന്നെ പരസ്പരം സ്നേഹിക്കാം. സ്വകാര്യനുണകള്ക്കപ്പുറം നിഷ്കളങ്കതയുടെ ഉണര്ത്തുപാട്ടുകളുമായി ദൈവത്തെ ധ്യാനിക്കാം.
ലൗദാത്തോസിയും വിശുദ്ധ ഫ്രാന്സിസുംഫ്രാന്സിസ് മാര്‍പാപ്പ തന്റെ ലൗദാത്തോ സിയെന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് അസീസിയുടെ ചിന്തകളെ പകര്‍ത്തുമ്പോള്‍ ഭൂമിയെന്നത് നമ്മുടെ പൊതുഭവനം ആണെന്നും പ്രകൃതിയോടും മനുഷ്യനോടും ജീവജാലങ്ങളോടും സാഹോദര്യത്തോടെ വര്‍ത്തിക്കണമെന്നും പറഞ്ഞുതരുന്നു. മനുഷ്യ കേന്ദ്രീകൃതമായ പ്രപഞ്ച സങ്കല്പത്തില്നിന്നു ചുവടുമാറ്റാനും ഭൗമപാളികളെ തൊഴുകൈകളോടെ വന്ദിക്കാനും മനുഷ്യന്റെ ചിന്തകള്‍ക്ക് ശുഭമായ പ്രഭാതമാകാനും പരിശുദ്ധ പിതാവ് ശ്രമിക്കുന്നുണ്ടിവിടെ.
പ്രളയവും ഭൂകമ്പങ്ങളും ഓസോണ്‍ സുഷിരങ്ങളും ആഗോള താപനവും പട്ടിണിയും യുദ്ധവുമെല്ലാം മനുഷ്യന് തന്റെ സ്വാതന്ത്ര്യത്തിന്റെ മസാലകളില്‍ വേവിക്കുമ്പോള്‍ വരണ്ടുണങ്ങിയ പുഴയും പട്ടിണി മരണങ്ങളും അക്രമങ്ങളും സത്യത്തില്‍ ഭൂമിയെ ചോരമണം ശ്വസിപ്പിക്കുന്നു. പൊതുഭവനമാകുവാന് പ്രകൃതിയും മനുഷ്യനും സൗഹൃദത്തിന്റെ വിളക്കുകള്‍ തെളിക്കട്ടെ. പ്രകൃതിയെ സ്നേഹിച്ച അസീസി പുണ്യവാന് നമുക്കും സഹോദരനാകട്ടെ.
(ലേഖകൻ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര വിദ്യാർഥിയാണ്)