1831 മേയ് 11: വൈദികരുടെ കർമ്മലീത്താ മൂന്നാംസഭ (മാന്നാനം) യുടെ സ്ഥാപനം.
1840 ഏപ്രിൽ 10: വരാപ്പുഴയിൽ താമസിച്ചുകൊണ്ടിരുന്ന മലബാറിന്റെ വികാരി അപ്പസ്തോലിക്കമാരിൽ ഫ്രാൻസിസ് സേവ്യർ ഒസിഡി മെത്രാന് ആദ്യമായി ആർച്ച്ബിഷപ് (സർദിയായുടെ) സ്ഥാനം നല്കപ്പെട്ടു.
1861 സെപ്റ്റംബർ 5: റോക്കോസുമെത്രാനെ മഹറോൻ ചൊല്ലാൻ റോമിന്റെ കല്പന.
1866 ഫെബ്രുവരി 13: കന്യാസ്ത്രീകളുടെ കർമലീത്താ മൂന്നാം സഭ (കൂനമ്മാവ്).
1866 ഓഗസ്റ്റ് 13: പുത്തൻപള്ളി പള്ളിവക സ്ഥലത്തു സെമിനാരി ആരംഭം.
1866: ആലുവായ്ക്കു സമീപം മംഗലപ്പുഴ സെമിനാരി സ്ഥാപനം. 1041 കർക്കടകത്തിൽ ഷെട്ട്ലറിൽനിന്ന്, കൊടുങ്ങല്ലൂർ രൂപതയിലായിരുന്ന സുറിയാനിക്കാരുടെ സെമിനാരിക്കായിട്ടും അവരുടെ ഗുണത്തിനായി അവരുടെ മേലധ്യക്ഷൻ നിശ്ചയിക്കുന്ന മറ്റു കാര്യത്തിനായിട്ടും അവരുടെ പേർക്ക് പാറായിൽ അവിരാ വർക്കി തരകന്റെ പേരിൽ വിലയ്ക്കുവാങ്ങി. ഈ തീറും വർക്കി തരകൻ ഈ സംഗതിക്കായി ഗോവാ മെത്രാപ്പോലീത്തായുടെ പേരിൽ എഴുതിയ തീറും (കൊച്ചി അരമനയിലുള്ള അസൽ പ്രമാണങ്ങളുടെ പകർപ്പ് "എറണാകുളം മിസ്സം’ മാസികയിൽ vol. vii pp-21-24), ടി സ്ഥലവും കെട്ടിടങ്ങളും ഗോവാ മെത്രാപ്പോലീത്താ, കൊച്ചി മെത്രാനച്ചനു സൂക്ഷത്തിനേല്പിച്ചിരുന്നതാണെന്നാണ് അറിവ്. ഗോവാ മെത്രാപ്പോലീത്തായ്ക്ക് എഴുതിയ തീറിൽ പറയുന്ന ഉദ്ദേശ്യം 1898 ജൂണ് രണ്ടിലെ Prot 8402- കല്പനയനുസരിച്ച് പ്രൊപ്പഗാന്ത തിരുസംഘവും തുടർന്ന് അംഗീകരിച്ചിട്ടുണ്ട്.
1871 ജനുവരി 3: വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചൻ അന്തരിച്ചു.
1874 ഓഗസ്റ്റ് 1: മേലൂസുമെത്രാൻ കേരളത്തിൽ. അദ്ദേഹത്തെ മഹറോൻ ചൊല്ലുവാനുള്ള റോമിന്റെ കല്പന ഒക്ടോബർ 25ന് പരസ്യംചെയ്തു. തൃശൂരിലുള്ള "സൂറായികൾ' മേലൂസ് മെത്രാനെ പിൻചെന്നവരാണ്.
1876: യാക്കോബായ പാത്രിയാർക്കീസ് മുടക്കിയ പാലക്കുന്നത്തു മാർ മാത്യൂസ് അത്തനാസിയോസിന്റെ കാലം മുതൽ നവീകരണസഭ (മാർത്തോമ്മാസഭ) ഉണ്ടായി.
1877 നവംബർ 15: മർസലീനോസ് മെത്രാനു സുറിയാനിക്കാരുടെമേലുള്ള അംഗീകാരനിർണയം. 1878 മാർച്ച് 19ന് അദ്ദേഹം ഭരണം തുടങ്ങി.
1886 സെപ്റ്റംബർ 1: ഇന്ത്യയിലെ ലത്തീൻ ഹയരാർക്കി സ്ഥാപനം. ഇതോടുകൂടി കർമലീത്താക്കാരായ മുൻഗാമികളെപ്പോലെ വരാപ്പുഴ ആസ്ഥാനമാക്കിയിരുന്ന നിക്കോമേദിയായുടെ മെത്രാപ്പോലീത്തയും മലബാറിന്റെ അവസാനത്തെ വികാരി അപ്പസ്തോലിക്കയുമായ ഡോ. മെല്ലാനോ വരാപ്പുഴയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു.
1887 മേയ് 20: വരാപ്പുഴയിലെ കർമലീത്താ മെത്രാപ്പോലീത്തായുടെ കീഴിൽനിന്നും പദ്രുവാദോക്കീഴിൽനിന്നും പൂർണമായി വിച്ഛേദിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിൻകീഴായി മലബാറിനെ ആലുവാപ്പുഴകൊണ്ടു രണ്ടായി തിരിച്ച് സുറിയാനിക്കാർക്കു തൃശൂർ, കോട്ടയം (വടക്കും ഭാഗരും തെക്കും ഭാഗരും ഉൾപ്പെടുന്നു) എന്നീ വികാരിയത്തുകളുടെ സ്ഥാപനം.
1887 സെപ്റ്റംബർ 13: പ്രസ്തുത ബൂളയനുസരിച്ച് ലത്തീൻ റീത്തിൽപ്പെട്ട ഡോ. മെഡ്ലിക്കോട്ട് (തൃശൂർ), ഡോ. ലവീഞ്ഞ് എസ്ജെ (കോട്ടയം) എന്നീ മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്. ഡിസംബർ 11നു മെഡ്ലിക്കോട്ടു മെത്രാന്റെ അഭിഷേകം.
1896 ജൂലൈ 28: തൃശൂർ, എറണാകുളം, ചങ്ങനാശേരി വികാരിയാത്തുകളുടെ സ്ഥാപനം.
1896 ഓഗസ്റ്റ് 11: ആധുനികകാലത്ത് ഇന്ത്യാ സ്വദേശികളായ ആദ്യത്തെ മെത്രാന്മാരായി മേനാച്ചേരി മാർ യോഹന്നാൻ (തൃശൂർ) , പഴേപറന്പിൽ മാർ ളൂയീസ് (എറണാകുളം), മാക്കിൽ മാർ മത്തായി (ചങ്ങനാശേരി) മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്. ഒക്ടോബർ 15ന് ഇവരുടെ അഭിഷേകം.
1911 ഓഗസ്റ്റ് 29: തെക്കുംഭാഗക്കാർക്കായുള്ള പുതിയ കോട്ടയം വികാരിയാത്തു സ്ഥാപനം. മാക്കിൽ മാർ മത്തായി മെത്രാനെ അധ്യക്ഷനാക്കി.
1911 ഓഗസ്റ്റ് 29: എറണാകുളത്തെ കോ-അദ്യുത്തോർ മെത്രാനായി കണ്ടത്തിൽ മാർ ആഗസ്തീനോസ് തെരഞ്ഞെടുക്കപ്പെട്ടു.
1911 ഓഗസ്റ്റ് 30: കുര്യാളശേരിൽ മാർ തോമ്മാ മെത്രാന്റെ തെരഞ്ഞെടുപ്പ്.
1914 ജൂലൈ 14: ചൂളപ്പറന്പിൽ മാർ അലക്സാണ്ടർ മെത്രാന്റെ തെരഞ്ഞെടുപ്പ്. നവംബർ 1 അഭിഷേകം.
1921 ഏപ്രിൽ 5: വാഴപ്പിള്ളി മാർ ഫ്രാൻസിസ് മെത്രാന്റെ തിരഞ്ഞെടുപ്പ്. ജൂലൈ 6ന് അഭിഷേകം.
1923 ഡിസംബർ 21: പോർട്ടുഗീസുകാരുടെ ആഗമനംവരെ ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കു തങ്ങളുടേതായ സ്വയംഭരണ സംവിധാനം ഉണ്ടായിരുന്നു. പദ്രുവാദോ അധികാരം ഭാരതത്തിൽ സ്ഥാപിതമായതോടെ അതു നഷ്ടപ്പെട്ടു. പിന്നീട് അനേകവർഷങ്ങളിലെ അഭ്യർഥനയുടെ ഫലമായി എറണാകുളം അതിരൂപതയായും തൃശൂർ, ചങ്ങനാശേരി, കോട്ടയം എന്നിവ സാമന്തരൂപതകളായും പ്രഖ്യാപിച്ചുകൊണ്ടു വീണ്ടും സ്വന്തമായ ഭരണസംവിധാനം-ഹയരാർക്കി-സ്ഥാപിതമായി.