പല്ല് പൊടിഞ്ഞ നടനും കാരവനിലെ ക്രിമിനലും
അപ്രിയ തിരക്കഥകളുടെ ആകാശങ്ങള്‍ - 2 /സിജോ പൈനാടത്ത്
Friday, August 23, 2024 12:08 AM IST
2023 മേയ് 5. കേരള സര്‍വകലാശാലാ യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യാതിഥിയായെത്തിയത് മലയാളത്തിലെ പ്രമുഖ നടന് ടിനി ടോം. കലകളെക്കുറിച്ചും സിനിമകളെക്കുറിച്ചും പങ്കുവച്ചതിനേക്കാള്, സിനിമാരംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കലോത്സവവേദിക്കപ്പുറം കേരളം ചര്‍ച്ച ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: “ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞുതുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്കു ലഹരി.
സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ, മകനെ അഭിനയിക്കാന്‍ വിടാത്തത്. ലഹരിസ്വാധീനം ഭയന്ന് പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവന് അവസരം ലഭിച്ചിട്ടും വിട്ടില്ല.....’’
ടിനി ടോമിന്റെ വാക്കുകള്‍ മലയാള സിനിമാ മേഖലയിലെ പുഴുക്കുത്തുകളെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും അവരുണ്ടാക്കുന്ന ശല്യം രൂക്ഷമാണെന്നും ജസ്റ്റീസ് ഹേമ കമ്മിറ്റിക്കു മുമ്പില്‍ ചില സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും സെറ്റുകളിലെത്തി തുടക്കക്കാരായ നടിമാരെ ഉള്‍പ്പെടെ ശല്യം ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥകളാണ്. ഇതു ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുന്നതും മാറ്റിനിര്‍ത്തുന്നതും പതിവാണ്. പവര്‍ ഗ്രൂപ്പിനെ പേടിച്ച് ഇത്തരം കാര്യങ്ങളില്‍ പരാതിപ്പെടാറില്ലെന്നും ഒരു നടി കമ്മിറ്റിയോടു പറഞ്ഞു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും സെറ്റിലെത്തുന്നതു ചില നിര്‍മാതാക്കള്‍ എതിര്‍ത്തിട്ടും ഫലമുണ്ടായിട്ടില്ല.
ടിനി ടോമിനെ കൂടാതെ മറ്റു ചിലരും സമാന വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും അതു സംബന്ധിച്ച് അന്വേഷണമോ പരിശോധനകളോ കാര്യമായി നടന്നില്ല. സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതും പാഴ്വാക്കായി.
കാരവനിലെ ക്രിമിനല്‍
സിനിമാ സെറ്റില്‍ താമസിക്കാന്‍ നടിക്കു കിട്ടിയ മുറി വേണ്ടത്ര സൗകര്യങ്ങളില്ലാത്തത്. ഉറങ്ങിക്കിടന്ന നടി പുലര്‍ച്ചെ ഏതോ ശബ്ദം കേട്ടു ചാടിയെഴുന്നേറ്റു. നോക്കുമ്പോള്‍ കിടന്ന കട്ടിലിനടുത്ത് ഒരാള്‍. നടി നിലവിളിച്ചോടി മറ്റൊരു നടിയുടെ മുറിയില്‍ അഭയം തേടി.
ഇരുവരും ചേര്‍ന്ന് അന്വേഷിച്ചപ്പോൾ സിനിമയിലെ പ്രമുഖന്റെ കാരവന് ഓടിക്കുന്ന ഡ്രൈവറാണ് ഇരുട്ടില്‍ നടിയുടെ മുറിയില്‍ കടന്നുകൂടിയതെന്നു വ്യക്തമായി. പ്രമുഖനെ ഭയന്ന് പരാതിപ്പെട്ടില്ല.
ടോയ്ലറ്റ് എങ്കിലും!
സിനിമാ സെറ്റുകളില്‍ താരത്തിളക്കമുള്ള നായകനും നായികയ്ക്കും കാരവനുകളുണ്ടാകും. സര്‍വ സജ്ജീകരണങ്ങളും അകമ്പടിസേവക്കാരും ആവശ്യത്തിനുള്ള കാരവനുകള്‍. എന്നാല്‍, രണ്ടാം നിരക്കാരായ നടിമാര്‍ക്ക് പലപ്പോഴും സെറ്റുകളില്‍ ടോയ്ലെറ്റ് സംവിധാനങ്ങള്‍ പോലും ലഭ്യമാക്കാറില്ലെന്നു ഹേമ കമ്മിറ്റിക്കു മുന്നില്‍ പരാതിയെത്തി. മൂത്രമൊഴിക്കാന്‍ മറ്റു നടിമാരെക്കൊണ്ടു തുണി വലിച്ചുപിടിപ്പിച്ചുണ്ടാക്കിയ മറ ഉപയോഗിക്കേണ്ടിവന്നതിനെക്കുറിച്ച് ഒരു നടി ആവലാതിയറിയിച്ചു. നടിമാര്‍ ഈ വിഷയം നേരത്തേ താരസംഘടനയായ അമ്മയുടെ യോഗത്തിലും ഉന്നയിച്ചിരുന്നു.
സാംസ്കാരിക വകുപ്പു വക ‘രക്ഷാപ്രവര്‍ത്തനം’
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവിട്ട ഭാഗങ്ങളില്‍ നടന്മാരുള്‍പ്പടെയുള്ള പ്രമുഖരുടെ പേരുകളെക്കുറിച്ചു സൂചനയില്ലാതിരിക്കാന് അതു നാലു വര്‍ഷക്കാലം സൂക്ഷിച്ച സര്‍ക്കാരും സാംസ്കാരിക വകുപ്പും പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്മിറ്റിക്കു മുന്നില്‍ തെളിവു സഹിതം ഉന്നയിക്കപ്പെട്ട പരാതികളില്‍ ആരോപണവിധേയരായ നടന്മാരെ അക്ഷരാര്‍ഥത്തില്‍ തത്കാലത്തേക്കെങ്കിലും സര്‍ക്കാര്‍ രക്ഷിച്ചെന്നു സാരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, ഒരു പ്രമുഖ നടനെക്കുറിച്ചുള്ള പരാതിക്കാരിയായ നടിയുടെ മൊഴികള്‍ വിശദീകരിക്കുന്നതില്‍ 14 പേജുകള്‍ സാംസ്കാരിക വകുപ്പ് ‘സെന്‍സര്‍’ ചെയ്തു മാറ്റി. നടിയോടു മോശമായി പെറുമാറിയ നടന്റെ പേര് പുറത്തുവരാതിരിക്കാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ ഈ ‘രക്ഷാപ്രവര്‍ത്തനം’.
സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടനില്‍നിന്ന് ഉപദ്രവം ഏറ്റുവാങ്ങേണ്ടിവന്ന നടിയുടെ മൊഴികളിലാണ് സാംസ്കാരിക വകുപ്പ് എഡിറ്റിംഗ് നടത്തിയത്. തന്നെ ഉപദ്രവിച്ച നടനൊപ്പം പിറ്റേന്ന് അഭിനയിക്കേണ്ടിവന്നതിന്റെ സങ്കടം നടി ജസ്റ്റീസ് ഹേമയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നടനോടുള്ള വെറുപ്പ് ഉള്ളിലുണ്ടായിരുന്നതിനാല്‍ അയാള്‍ക്കൊപ്പമുള്ള അഭിനയം ശരിയായുമില്ല. ആ സീന്‍ അഭിനയിക്കാന്‍ 17 തവണ റീടേക്കുകള്‍ വേണ്ടിവന്നതായും നടി കമ്മിറ്റിയോടു പറഞ്ഞു. റിപ്പോര്‍ട്ടിലെ നടന്റെ പേരും അയാള്‍ ഉപദ്രവിച്ചതിനെക്കുറിച്ചു നടി പറയുന്ന ഭാഗങ്ങളും സര്‍ക്കാരിന്റെ കൈയിലുള്ള രേഖകളില്‍ ഭദ്രം!
പരാതി വേണ്ട, വിവരങ്ങള്‍ മതി; കേസെടുക്കാം: അഡ്വ. ടി. ആസഫലി
ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുക്കാന്‍ പരാതി നിര്‍ബന്ധമില്ല. അതിന് ആധാരമായ വിവരങ്ങള്‍ ലഭ്യമായാല്‍ കേസെടുക്കാനാകും. സിനിമാരംഗത്തു സ്ത്രീകള്‍ക്കു നേരേയുള്ള പീഡനങ്ങളും അതിക്രമങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. അതുപ്രകാരം കേസെടുക്കാനാകും.
(തുടരും)