അതിജീവനത്തിന്റെ പുതിയ പാത തുറന്നുകൊടുക്കാംതൊഴിലിടങ്ങളും കൃഷിഭൂമികളും ആടുമാടുകളുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആ തൊഴിലിനുള്ള സാഹചര്യം പുനരധിവാസത്തോടൊപ്പം തിരികെനൽകുമ്പോള്‍ അതിജീവനത്തിന്റെ പുതിയ പാത തുറന്നുകൊടുക്കലാകുമത് എന്നതില്‍ തര്‍ക്കമില്ല. അതിനായി ഇരുനൂറോ ഇരുനൂറ്റമ്പതോ ഏക്കര്‍ കൃഷിഭൂമി ഇവര്‍ക്കായി കണ്ടെത്തണം. ഈ ഭൂമി സര്‍ക്കാര്‍ എറ്റവും ചുരുങ്ങിയത് 50 വര്‍ഷത്തേക്കെങ്കിലും ഇവര്‍ക്കു പാട്ടത്തിനു നൽകുകയും വേണം. അവിടെ എല്ലാത്തരം കൃഷികളും ചെയ്യാനുള്ള അവസരമുണ്ടാകണം. ദുരന്തമനുഭവിച്ച മുഴുവന്‍ വ്യക്തികളെയും ഉള്‍പ്പെടുത്തി സ്വയംസഹായ സംഘങ്ങള്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
പുനരധിവാസത്തിനായി ലഭിക്കുന്ന ഭൂമിയില്‍ ഇത്തരത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ വഴി വിവിധങ്ങളായ കൃഷികള്‍ തുടങ്ങാന്‍ ഇവര്‍ക്കു കഴിയണം. വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന പശു, എരുമ, ആട്, കോഴി, പന്നി ഫാമുകള്‍, മീന്‍, താറാവ് വളര്‍ത്തല്‍ ഇവയുടെ ജൈവമാലിന്യത്തില്‍നിന്നു മറ്റു കൃഷികള്‍ക്കുള്ള വളം നിര്‍മാണം, കാലിത്തീറ്റ, കോഴിത്തീറ്റ മുതലായവ നിര്‍മിക്കാനുള്ള യൂണിറ്റുകള്‍, പാലും പാല് ഉത്പന്നങ്ങളും നിര്‍മിക്കാനുള്ള യൂണിറ്റുകള്‍, പുല്ല് വളര്‍ത്താനുള്ള സൗകര്യം എന്നിവയും ഉണ്ടാക്കേണ്ടതുണ്ട്.
പൂക്കള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കൃഷിയും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകളും ഇവിടെ തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന് പാഷന് ഫ്രൂട്ട് വിപുലമായി കൃഷി ചെയ്താല്‍ അതിനെ സ്ക്വാഷായും സിറപ്പായും മാറ്റാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. നേന്ത്രക്കായ ചിപ്സും മറ്റ് ഉത്പന്നങ്ങളുമായി മാറണം. കറിപൗഡര്‍, അരിപ്പൊടി, മസാലപ്പൊടി യൂണിറ്റുകള്‍, മത്സ്യവും കോഴിയുമെല്ലാം റെഡി ടു ഈറ്റ് സൗകര്യമുള്ള പായ്ക്കറ്റുകളില്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍, ഇവകൊണ്ടുള്ള സോസേജുകള്‍, മറ്റ് ഉത്പന്നങ്ങള്‍, കൊപ്ര ഡ്രയറുകള്‍, വെളിച്ചെണ്ണ യൂണിറ്റുകള്‍, ചെറുകിട വസ്ത്ര റെഡിമെയ്ഡ് നിർമാണ യൂണിറ്റുകള്‍, ഇങ്ങനെ പലതും ആ ഭൂമിയില്‍ ഒരുക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്രിയാത്മകമായ ഇടപെടലുകള്‍ ഈയാവശ്യത്തിലുണ്ടാകണം.
പലിശരഹിത വായ്പകൾ അനിവാര്യംനബാര്ഡ്, ബാങ്കുകള്‍ മറ്റ് ഏജന്‍സികള്‍ മുഖേന പലിശരഹിത വായ്പകള്‍ ഈ സംരംഭകര്‍ക്കായി ഒരുക്കണം. അതോടൊപ്പം എല്ലാവിധ ഫീസുകളും ഒഴിവാക്കണം. തുടര്‍ന്ന് ഇവിടെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍, സപ്ലൈകോ, റേഷന്‍കടകള്‍, കുടുംബശ്രീ വിപണനശാലകള്‍ വഴി വിപണനം ചെയ്യപ്പെടണം. അതിജീവിതരുടെ ബ്രാന്‍ഡുകള്‍ കേരളസമൂഹം ഇരുകൈയും നീട്ടിസ്വീകരിക്കും. അതില്‍ തര്‍ക്കമില്ല. സൗജന്യം നൽകി ആത്മാഭിമാനമുള്ള സമൂഹത്തെ വേദനിപ്പിക്കുന്നതിനു പകരം തുടര്‍ന്നങ്ങോട്ട് കരുത്തോടെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവസരമാണു നമ്മള് സൃഷ്ടിക്കേണ്ടത്.
ഇങ്ങനെ ഒരു അന്തരീഷം സൃഷ്ടിക്കപ്പെടുന്നതോടുകൂടി ഈ വ്യക്തികളെല്ലാം കൂട്ടായ്മയോടെ സ്വന്തം സംരംഭങ്ങള്‍ക്കായി അധ്വാനിക്കുന്നവരായി മാറുന്നു. രാവിലെ കൃഷിഭൂമിയിലും ഉച്ചകഴിഞ്ഞ് അവരുടെ ചെറുകിട വ്യവസായ യൂണിറ്റുകളിലും അധ്വാനത്തിന്റെ കൂലിയും സംരംഭത്തിന്റെ ലാഭവുമായി അവര്‍ സ്വസ്ഥമായി ജീവിക്കും. പാതിവഴിയില്‍ ഉരുളെടുത്ത നഷ്ടങ്ങള്‍ മറക്കാനും തകര്‍ന്നുപോയ സ്വപ്നങ്ങൾ വീണ്ടെടുക്കാനും ഈ സാഹചര്യങ്ങള്‍ ഇവരെ പ്രാപ്തരാക്കും.
(ലേഖകൻ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററാണ്.)