വ്യക്തികളുടെ യാഥാർഥ്യത്തെയും രഹസ്യാവസ്ഥയെയും എങ്ങനെ നോക്കണമെന്നും വിവേചിച്ചറിയണമെന്നും കണ്ടെത്തണമെന്നും സാഹിത്യം പഠിപ്പിക്കുന്നു. തരംതിരിവുകളിലൂടെയും വിവരണപദ്ധതികളിലൂടെയും കാര്യകാരണങ്ങളുടെ ക്രമമായുള്ള ചലനാത്മകതയിലൂടെയും മാർഗങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയിലൂടെയും ആ രഹസ്യം ഭാഗികമായി മാത്രമേ മനസിലാക്കാൻ കഴിയൂ. ഒറ്റവാക്കിൽ, സാഹിത്യം ജീവിതത്തെ വ്യാഖ്യാനിക്കാൻ, അതിന്റെ ആഴമേറിയ അർഥവും അനിവാര്യമായ സമ്മർദങ്ങളും വിവേചിച്ചറിയാൻ സഹായിക്കുന്നു.
മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണുകഒരു പുസ്തകം വായിക്കുന്നത് നമ്മളെ മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണാൻ കഴിവുള്ളവരാക്കുന്നു. അത് നമ്മുടെ കാഴ്ചപ്പാടിനെയും മനുഷ്യത്വത്തെയും വിശാലമാക്കുന്നു. സാങ്കൽപികമായൊരു തന്മയീഭാവം നമ്മിൽ വികസിപ്പിക്കുന്നു. നമ്മുടെ അനുഭവങ്ങൾ നമ്മുടേത് മാത്രമല്ല, അത് സാർവദേശീയമാണ് എന്ന് വായനയിലൂടെ നാം തിരിച്ചറിയുന്നു. അതിനാൽ, ഏറ്റവും അനാഥനായ വ്യക്തിപോലും തനിച്ചല്ലായെന്ന യാഥാർഥ്യം അനുഭവിക്കുന്നു.
നാമൊരു കഥ വായിക്കുമ്പോൾ, രചയിതാവിന്റെ വിവരണശക്തിക്കനുസൃതം, കൺമുന്നിൽ അനാഥമാക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കരച്ചിൽ നമുക്കെല്ലാവർക്കും കേൾക്കാനാവും. ഉറങ്ങുന്ന പേരക്കുഞ്ഞിനെ പുതപ്പിക്കുന്ന വയോധികയെ കാണാം. ഒരു ജീവിതമുണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടുന്ന കടക്കാരനെ കാണാം. നിരന്തരം വിമർശനങ്ങളേറ്റുവാങ്ങുന്ന ഒരാളുടെ നാണക്കേടിനെ കാണാം. വൃത്തികെട്ടതും അക്രമം നിറഞ്ഞതുമായ ജീവിതസാഹചര്യത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി സ്വപ്നങ്ങളിൽ മാത്രം അഭയം തേടുന്ന ബാലനെയും കാണാം. ഈ കഥകൾ നമ്മുടെ ആന്തരിക അനുഭവങ്ങളുടെ മങ്ങിയ മുഴക്കമുണർത്തുമ്പോൾ, നാം മറ്റുള്ളവരുടെ അനുഭവങ്ങളെക്കുറിച്ച് കൂടുതൽ സംവേദനക്ഷമതയുള്ളവരാകുന്നു.
നാം നമ്മുടെ ജീവിതത്തിൽനിന്ന് പുറത്തിറങ്ങി അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു, നാം അവരുടെ പോരാട്ടങ്ങളോടും അഭിലാഷങ്ങളോടും അനുകമ്പയുള്ളവരാകുന്നു. അവരുടെ കണ്ണിലൂടെ നാം കാണുന്നു. അങ്ങനെ സാവധാനം നാം അവരുടെ സഹയാത്രികരാകുന്നു. പഴം വിൽപനക്കാരന്റെ, വേശ്യയുടെ, അനാഥശിശുവിന്റെ, കൽപണിക്കാരന്റെ ഭാര്യയുടെ, തന്റെ രാജകുമാരൻ ഒരുനാൾ തിളങ്ങുമെന്ന് വിശ്വസിക്കുന്ന പടുവൃദ്ധയുടെ ജീവിതത്തിൽ നാം ഉടക്കിനിൽക്കുന്നു.
സാഹിത്യവും മനുഷ്യാനുഭവങ്ങളുംനമ്മൾ ക്രൈസ്തവർക്ക്, മാനുഷികമായ ഒന്നിനോടും നിസംഗമായിരിക്കാൻ കഴിയില്ല എന്നു ഞാൻ ഇവിടെ പറയുന്നു. അക്രമം, സങ്കുചിതത്വം, മറ്റുള്ളവരുടെ ദൗർബല്യം എന്നിവയെക്കുറിച്ച് വായിക്കുമ്പോൾ, ഈ യാഥാർഥ്യങ്ങളിലൂടെ നമ്മുടെതന്നെ അനുഭവങ്ങൾ വിചിന്തനം ചെയ്യാൻ നമുക്കവസരമുണ്ടാകുന്നു. മനുഷ്യാനുഭവങ്ങളുടെ മഹനീയതയും കഷ്ടപ്പാടും വിശാലമായി വായനക്കാരുടെ മുന്നിൽ സാഹിത്യം തുറന്നുവയ്ക്കുന്നതിലൂടെ ക്ഷമയോടെ മറ്റുള്ളവരെ മനസിലാക്കാൻ നമ്മെ പഠിപ്പിക്കുന്നു. സങ്കീർണമായ സാഹചര്യങ്ങളെ വിനയത്തോടെ സമീപിക്കാനും വ്യക്തികളെക്കുറിച്ചുള്ള വിധിയിൽ എളിമ പ്രദർശിപ്പിക്കാനും നമ്മുടെ മാനുഷികാവസ്ഥയെക്കുറിച്ച് സംവേദനക്ഷമത ഉള്ളവരാകാനും അത് സഹായിക്കുന്നു.
സാഹിത്യത്തിൽനിന്നു ലഭ്യമാകുന്ന വിവേകം പരിമിതികളെക്കുറിച്ചുള്ള ബോധം, ധാരണയ്ക്കും വിമർശന മനോഭാവത്തിനും ഉപരിയായ അനുഭവങ്ങളെ വിലമതിക്കാനുള്ള കഴിവ്, ദാരിദ്ര്യത്തിലൂടെ ലഭ്യമാകുന്ന അതിസ്വാഭാവിക നന്മകളെ ആശ്ലേഷിക്കാനുള്ള ശേഷി എന്നിവ കൊണ്ടുവരുന്നു. ലോകത്തിന്റെയും മാനവരാശിയുടെയും രഹസ്യത്തിലടങ്ങിയിരിക്കുന്ന ശരിയും തെറ്റും തമ്മിലും, സത്യവും മിഥ്യയും തമ്മിലുമുള്ള ദ്വന്ദ ധ്രുവീകരണം കുറയ്ക്കാനുള്ള സാധ്യതയില്ലായ്മയും നിരർഥകതയും അംഗീകരിച്ചുകൊണ്ട്, ക്ഷണിക വിധിതീർപ്പിന്റെ ഉത്തരവാദിത്വം വായനക്കാരൻ അംഗീകരിക്കുന്നു.
സാഹിത്യത്തിന്റെ ആത്മീയശക്തി നമ്മുടെ യുക്തി, സ്വാതന്ത്ര്യത്തോടെയും വിനയത്തോടെയും പ്രയോഗിക്കാനും വൈവിധ്യമാർന്ന മാനുഷിക ഭാഷകളെ ഫലപ്രദമായി അംഗീകരിക്കാനും നമ്മുടെ മാനുഷിക സംവേദനക്ഷമതയെ വിശാലമാക്കാനും ഒരുപാട് ശബ്ദങ്ങളിലൂടെ സംസാരിക്കുന്ന സ്വരം ശ്രവിക്കാനുമുള്ള മഹത്തായ ആത്മീയതുറവി ഉണ്ടാക്കാനും സാഹിത്യത്തിന് നമ്മളെ പ്രചോദിപ്പിക്കാനാകും.
വാക്കുകളുടെ സ്വാതന്ത്ര്യത്തെ തടവിലാക്കുന്നതും ചിലപ്പോൾ നമ്മുടെ പ്രസംഗങ്ങൾ പോലും മലിനമാക്കാവുന്നതുമായ അപകടം നിറഞ്ഞതും ചലനരഹിതവുമായ മാമൂൽ ഭാഷകളെ തകിടംമറിക്കാൻ വായനക്കാരെ സഹായിക്കാൻ സാഹിത്യത്തിനു കഴിയും. സാഹിത്യഭാഷ ചലിപ്പിക്കുന്ന, മോചിപ്പിക്കുന്ന, ശുദ്ധീകരിക്കുന്ന വചനമാണ്. അത് ഉന്നതമായ പ്രകാശനത്തിലേക്കും വികസിതമായ രീതികളിലേക്കും തുറക്കപ്പെടുന്നു.