തുറന്നുകൊടുത്ത സ്ഥലങ്ങൾപഴയതുപോലെതന്നെ വയനാട്ടിൽ സഞ്ചാരികളെ കാത്തിരിക്കുന്നവയിൽ ചുരം വ്യൂ പോയിന്റുകൾ, എടയ്ക്കൽ ഗുഹ, കാരാപ്പുഴ-ബാണാസുര ഡാമുകൾ, പൂക്കോട് തടാകം, അന്പലവയൽ ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ നൂറിൽപരം വാട്ടർ തീം-അഡ്വഞ്ചർ പാർക്കുകളും റിസോർട്ടുകളുമാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
വ്യാപാരികൾക്ക് 25 കോടി നഷ്ടംമുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ 25 കോടിയുടെ നഷ്ടമാണ് വ്യാപാരമേഖലയിൽ ഉണ്ടായതെന്ന് വ്യാപാരി-വ്യവസായി ഏകോപസമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉരുൾപൊട്ടലിൽ തകർന്നത് 78 വ്യാപാരസ്ഥാപനങ്ങളാണ്. ഉരുൾവെള്ളത്തിന്റെ കുത്തൊഴുക്കിൽ കടകൾതന്നെ ഒലിച്ചുപോയി. അവശേഷിച്ച കടകളിൽ കല്ലും ചെളിയും മണ്ണുമെല്ലാം കയറി നശിച്ചു. ദിവസങ്ങളുടെ അധ്വാനത്തിനു ശേഷമാണ് കടകളിൽ അടിഞ്ഞു കൂടിയ മണ്ണ് വ്യാപാരികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കിയത്. കടകൾ പ്രവർത്തനസജ്ജമാക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. കടകളിലെ വയറിംഗ് ഉൾപ്പെടെയുള്ളവയും നശിച്ചു.
ഇതു പൂർത്തിയാകുന്ന മുറയ്ക്കു ചൂരൽമല ടൗണിന്റെ ഒരു ഭാഗം തുറന്നു പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വൈദ്യുതിബന്ധം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ദുരന്തബാധിതരായ വ്യാപാരികളുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുകയും വേണം. വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. വയനാടിന്റെ മറ്റു മേഖലകളിലെ സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ വേണം ഇവിടത്തെ പ്രവർത്തനങ്ങൾ നടത്തേണ്ടത്. മേഖലയിലെ ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണ്. വയനാട് തകർന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും നടക്കുന്നതെന്നും തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ കടിഞ്ഞാടിണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
കൽപ്പറ്റയിലെ ഒരു പ്രമുഖ റിസോർട്ടിൽ മാത്രം കഴിഞ്ഞ മാസം 45 ലക്ഷം രൂപയുടെ ബുക്കിംഗ് റദ്ദാക്കേണ്ടിവന്നു. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ എന്നിവയുടെ പ്രതിസന്ധി ഉരുൾപൊട്ടൽ ദുരന്തത്തോടെ ഇരട്ടിയായി. സഞ്ചാരികളുടെ ഒഴുക്ക് നിലച്ചതു ഹോട്ടൽ വ്യവസായത്തെയും ബാധിച്ചു. വിനോദസഞ്ചാരമേഖലകളിലുള്ള ഹോട്ടലുകളുടെയും ചെറുകിട കച്ചവടസ്ഥാപനങ്ങളുടെയും വരുമാനം നിലച്ചു. ടൂറിസം കേന്ദ്രങ്ങൾക്കടുത്തുള്ള കുടുംബശ്രീ സ്റ്റാളുകൾ, തട്ടുകടകൾ, കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാളുകൾ, പഴക്കടകൾ തുടങ്ങിയവ നടത്തുന്നവരെയും സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ബാധിച്ചു. ടൂറിസ്റ്റ് ടാക്സി ഉടമകളും ഡ്രൈവർമാരും വൻ പ്രതിസന്ധിയിലാണിപ്പോൾ. വയനാട് ടൂറിസത്തിന്റെ ഉണർവിനായി സെപ്റ്റംബർ മുതൽ പ്രചാരണം നടത്തുമെന്ന സർക്കാർ തീരുമാനത്തിൽ മാത്രമാണു ടൂറിസം മേഖലയുടെ പ്രതീക്ഷ.
ഗുണ്ടൽപേട്ടയെയും ബാധിച്ചുവയനാടൻ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ പൂക്കൾ കാണാനും ഇക്കുറി സഞ്ചാരികൾ കുറഞ്ഞു. ഗുണ്ടൽപേട്ടയിലെ പൂപ്പാടം കാണാൻ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നുവരെ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് കടന്നുപോകുന്ന വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ചൂരൽമല ദുരന്തത്തിനു ശേഷം വളരെ ചുരുക്കം ആളുകൾ മാത്രമാണ് ഗുണ്ടൽപേട്ടയിൽ പൂപ്പാടങ്ങൾ സന്ദർശിക്കുന്നത്.
കേരളത്തിലെ ഓണം പ്രതീക്ഷിച്ച് പൂവു കൃഷി ഇറക്കിയ ഒരുപാട് കർഷകർ ഗുണ്ടൽപേട്ടയിലുണ്ട്. ഓണവിപണി പ്രതീക്ഷിച്ചു മാത്രമായി കൃഷിയിറക്കിയ കർഷകർ ഇപ്പോൾ നിരാശയിലാണ്. കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നതോടുകൂടി ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ളവർ ഏക്കർകണക്കിന് പൂപ്പാടങ്ങൾ നേരത്തേ ബുക്ക് ചെയ്യുമായിരുന്നു. ഇക്കുറി ആരുംതന്നെ പൂക്കൾ ബുക്ക് ചെയ്യാൻ വന്നില്ലെന്നാണ് ഗുണ്ടൽപേട്ടയിലെ കർഷകർ പറയുന്നത്. ഇനിയും കാത്തിരുന്നാൽ പൂക്കൾ കേടുവന്നു പോകുമെ ന്നതുകൊണ്ട് കർഷകർ പെയിന്റ് കന്പനിക്ക് വിൽക്കുകയാണ്.