ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രൊവിൻസ് ഭീകരവാദികളുടെ നേതൃത്വത്തിൽ മറ്റൊരു ആക്രമണം നടന്നത് മാർച്ച് 22ന് റഷ്യയിലാണ്. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 145 പേർ കൊല്ലപ്പെടുകയും 550-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും ജൂൺ 23ന് റഷ്യയിൽ ക്രൈസ്തവ ദേവാലയങ്ങളിലും സിനഗോഗുകളിലും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് കോക്കസസ് പ്രൊവിൻസിലെ ഭീകരരായിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകൾ തിരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെതന്നെ പല ഗ്രൂപ്പുകളും ചെറുതും വലുതുമായ എണ്ണമറ്റ മറ്റു ഭീകരപ്രസ്ഥാനങ്ങളും ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പശ്ചിമജർമനിയിലെ സോളിങ്ങൻ നഗരത്തിൽ ആഘോഷപരിപാടിക്കിടെ ഒരു സിറിയൻ പൗരൻ നടത്തിയ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എട്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തത് ഓഗസ്റ്റ് 23നാണ്. ഓഗസ്റ്റ് 24ന് ഫ്രാൻസിൽ ഒരു യഹൂദ സിനഗോഗിന് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കപ്പെടുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് നൂറ്റിമുപ്പത്തിൽപരം പേർ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങൾ പാക്കിസ്ഥാനിലും ഉണ്ടായത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ബൊക്കോ ഹറാം ഭീകരരും ഫുലാനി ഭീകരരും മത്സരസ്വഭാവത്തോടെ ആക്രമണങ്ങൾ നടത്തുന്ന നൈജീരിയയിൽ കുറഞ്ഞത് 13 ക്രൈസ്തവരെങ്കിലും തങ്ങളുടെ വിശ്വാസത്തെപ്രതി ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോകുന്നവർ ഇതിലും ഏറെയാണ്. മാനവിക ഇടപെടലുകൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഓഫീസിന്റെ വിലയിരുത്തലുകൾ പ്രകാരം, എൺപത് ശതമാനം സ്ത്രീകളും കുട്ടികളും അടങ്ങുന്ന എൺപത്തിമൂന്ന് ലക്ഷം മനുഷ്യർ നൈജീരിയയിൽ അടിയന്തര പരിഗണന അർഹിക്കുന്നുണ്ട്.
എല്ലായിടത്തും ക്രൈസ്തവർ ഇരകളാക്കപ്പെടുന്നുഒറ്റപ്പെട്ട കൈയേറ്റങ്ങളും ആക്രമണശ്രമങ്ങളുമാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിലെ മറ്റൊരു ഭീഷണി. കഴിഞ്ഞ ഏപ്രിലിൽ ഓസ്ട്രേലിയയിലെ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്, മാർ മാറി ഇമ്മാനുവൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്കിടെ ആക്രമിക്കപ്പെട്ടത് ഉദാഹരണമാണ്. പ്രതിയുടെ പ്രായം കേവലം പതിനാറ് വയസ് മാത്രമായിരുന്നു. തുടർന്ന് ഈ കേസുമായി ബന്ധപ്പെട്ട് പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള അഞ്ച് കൗമാരപ്രായക്കാരെക്കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഭീകരവാദ പ്രവർത്തനങ്ങളിലേക്കുള്ള ആകർഷണമാണ് ഈ കുറ്റകൃത്യത്തിന് അവരെ പ്രേരിപ്പിച്ചത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
അഭയാർഥികളും കുടിയേറ്റക്കാരുമായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തിച്ചേർന്ന വ്യക്തികളുടെയും അവരുടെ പിന്മുറക്കാരുടെയും ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഭീകര സംഘടനകളുടെ സാന്നിധ്യമില്ലാത്ത രാജ്യങ്ങളിൽപോലും വളരെ വ്യക്തമായ റാഡിക്കലൈസേഷൻ നടക്കുന്നതായി ഇത്തരം സംഭവങ്ങളിൽനിന്നു വ്യക്തമാണ്. ഇസ്ലാമിക ഭീകര സംഘടനകൾ പ്രവർത്തനം വ്യാപിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതും എല്ലായിടത്തും തന്നെ ക്രൈസ്തവർ ഇരകളാക്കപ്പെടുന്നതും അത്യന്തം ആശങ്കാജനകമാണ്.
(തുടരും)