അതേസമയം സമൂഹത്തിന്റെയും രാജ്യത്തിന്റെയും കെട്ടുറപ്പിനെയും നിലനിൽപ്പിനെയും ബാധിക്കുന്ന ഇത്തരം മനോഭാവങ്ങളെയും ഭയത്തെയും പരിഹരിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും വിവാഹത്തിന്റെയും കുടുംബത്തിന്റെയും പ്രാധാന്യവും സൗന്ദര്യവും ശരിയായി ബോധ്യപ്പെടുത്തി ചെറുപ്പക്കാരെ അതിലേക്ക് ആകർഷിക്കാനും സമൂഹത്തിന് ബാധ്യതയുണ്ട്.
ലിവിംഗ് ടുഗെതർവിവാഹം കഴിക്കാതെ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു താമസിക്കുന്ന രീതിയാണ് ലിവിംഗ് ടുഗെതർ ബന്ധങ്ങൾ. രണ്ടുപേർക്കു തമ്മിൽ സ്നേഹവും ഒരുമിച്ചു താമസിക്കാൻ ആഗ്രഹവുമുണ്ടെങ്കിൽ സമൂഹത്തിന്റെയോ സർക്കാരിന്റെയോ സമുദായത്തിന്റെയോ യാതൊരു അനുവാദവും സഹായവും ആവശ്യമില്ലെന്നതും അത് അവരുടെ തികച്ചും വ്യക്തിപരവും സ്വതന്ത്രവുമായ തീരുമാനമാണെന്നതും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ വാദങ്ങളാണ്.
ഈ ബന്ധങ്ങൾക്ക് യാതൊരു തരത്തിലുള്ള -നിയമപരമായോ, സാമൂഹ്യപരമായോ- സംരക്ഷണവുമില്ലെന്നതാണ് പ്രധാന പ്രശ്നം. പലപ്പോഴും ഔദ്യോഗികമായ ഒരു അംഗീകാരമോ, കരാറോ ഇല്ലാത്തതിനാൽ വൈകാരികമായ അരക്ഷിതാവസ്ഥ ഇത്തരം ബന്ധങ്ങളിൽ അനുഭവപ്പെടാറുണ്ട്. ഇത്തരം ബന്ധങ്ങളിലുണ്ടാവുന്ന കുട്ടികൾക്കും അരക്ഷിതാവസ്ഥയും മറ്റു വെല്ലുവിളികളും അനുഭവപ്പെടുന്നത് സാധാരണമാണ്.
ആദ്യസമയത്തെ ആവേശവും ആദർശവാദങ്ങളും കഴിഞ്ഞതിനുശേഷം മുന്നോട്ടുള്ള ജീവിതത്തിൽ പങ്കാളികളുടെ സമർപ്പണത്തിൽ വ്യത്യാസം അനുഭവപ്പെടുകയും കൂടുതൽ പ്രതിബദ്ധതയും സമർപ്പണവും ഉള്ള പങ്കാളിക്ക് കൂടുതൽ പ്രയാസവും പ്രതിസന്ധികളും നേരിടുകയും ചെയ്യുന്നുവെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി സ്ത്രീകൾക്കായിരിക്കും അവരുടെ കൂടുതലായ സമർപ്പണംമൂലം ലിവിംഗ് ടുഗെതർ ബന്ധത്തിൽ ചൂഷണവും അസമത്വവും അനുഭവപ്പെടുന്നത്.
ജെൻഡർ ആശയങ്ങളും സ്വവർഗാനുരാഗികളുംസ്വവർഗവിവാഹത്തിനുവേണ്ടി വാദിക്കുന്നവർ യഥാർഥത്തിൽ വിവാഹത്തെയും കുടുംബത്തെയും വൈകാരികതയുടെയും ലൈംഗികാകർഷണത്തിന്റെയും തലത്തിലേക്ക് മാത്രമായി ചുരുക്കുകയാണ്. വിവാഹത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളായ പ്രത്യുത്പാദനം, സ്ത്രീ-പുരുഷബന്ധം, കുട്ടികളുടെ വളർത്തൽ, ദൈവികപദ്ധതി ഇവയെല്ലാം തമസ്കരിക്കപ്പെടുകയാണ് ഇത്തരം ബന്ധങ്ങളിൽ. ഭിന്നവർഗത്തോടു ലൈംഗികാകർഷണം തോന്നേണ്ടതിനു പകരം സ്വവർഗത്തോടു തോന്നുന്ന ക്രമരഹിതമായ ആകർഷണത്തിന്റെയും അതിനു ലഭിക്കുന്ന വലിയ പ്രചാരണത്തിന്റെയും മറവിൽ ജെൻഡർ ആശയ പ്രചാരണമാണ് യഥാർഥത്തിൽ ശക്തമാകുന്നത്.
ജെൻഡർ ആശയപ്രചാരകരുടെ അഭിപ്രായത്തിൽ മനുഷ്യന്റെ മനസും വികാരങ്ങളും സ്വാതന്ത്ര്യവും ലൈംഗികാകർഷണവുമാണ് ഏറ്റവും പ്രധാനം. അവന്റെ സ്ത്രീ-പുരുഷ ലിംഗവ്യത്യാസം, ശാരീരിക പ്രത്യേകതകൾ, പ്രത്യുത്പാദനം, കുട്ടികളെ വളർത്തൽ, കുടുംബം ഇവയെല്ലാം അപ്രധാനമാണെന്നും മനുഷ്യന്റെ ശരീരത്തെ അവന്റെ തോന്നലുകൾക്കും വികാരങ്ങൾക്കുമനുസരിച്ച് ഇഷ്ടമുള്ളതുപോലെ മാറ്റിയെടുക്കാം എന്നുമാണ് അവരുടെ നിലപാട്.
മനസിൽ തോന്നുന്നതും ആഗ്രഹിക്കുന്നതുമായ ലിംഗം ശരീരത്തിൽനിന്നു വ്യത്യസ്തമാണെങ്കിലും അതനുസരിച്ച് ജീവിക്കാനും തെരഞ്ഞെടുക്കാനും സാധിക്കണം, ലൈംഗികാകർഷണം ആരോടു തോന്നിയാലും അത് അനുവദിക്കപ്പെടണം എന്നിങ്ങനെ അടിസ്ഥാനപരമായി മനുഷ്യപ്രകൃതിയെയും അന്തസിനെയുംതന്നെ നിഷേധിക്കുന്ന വാദങ്ങളാണ് സ്വവർഗവിവാഹത്തിനുവേണ്ടി ഉൾപ്പെടെ വാദിക്കുന്ന ജെൻഡർ ആശയപ്രചാരകർക്കുള്ളത്.
(തുടരും)
(വിവാഹ-കുടുംബഗവേഷണ പഠനങ്ങൾക്കുവേണ്ടിയുള്ള ചങ്ങനാശേരി കാനാ, ജോണ് പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ് ലേഖകൻ)