ചരിത്രത്തിൽ ഇടംപിടിച്ച ഡോ. മേരി പുന്നൻ ലൂക്കോസ്
മാത്യു ആന്റണി
Tuesday, September 24, 2024 1:03 AM IST
അഭിമാനകരമായ നേട്ടങ്ങളിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച മലയാളിയാണ് ഡോ. മേരി പുന്നൻ ലൂക്കോസ്. കേരളത്തിൽനിന്നു മെഡിക്കൽ ബിരുദം നേടിയ ആദ്യ വനിതയും രാജ്യത്തെ ആദ്യ വനിതാ സാമാജികയുമാണ് ഡോ. മേരി. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗണ്സിലിലിലേക്ക് ഡോ. മേരി പുന്നൻ ലൂക്കോസ് നാമനിർദേശം ചെയ്യപ്പെട്ടിട്ട് നൂറു വർഷം പൂർത്തിയായി. നിയമനിർമാണസഭകളിലെ സ്ത്രീ പ്രാതിനിധ്യത്തിന് അടിത്തറ പാകിയത് ഡോ. മേരി പുന്നന്റെ ലെജിസ്ലേറ്റീവ് കൗണ്സിൽ അംഗത്വമാണ്.
മേരി പുന്നൻ ലൂക്കോസ് 1886 ഓഗസ്റ്റ് രണ്ടിനു കോട്ടയം അയ്മനത്തു ജനിച്ചു. തിരുവിതാംകൂറിലെ ആദ്യ മെഡിക്കൽ ബിരുദധാരിയായ ഡോ. പി.ഇ. പുന്നൻ ആയിരുന്നു പിതാവ്. തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് ഹൈസ്കൂളിൽനിന്ന് ഉയർന്ന രീതിയിൽ മെട്രിക്കുലേഷൻ പാസായി. തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) നിന്നു ബിരുദം പാസായി.
മെഡിക്കൽ വിദ്യാഭ്യാസത്തിന് അഡ്മിഷനുവേണ്ടി സമീപിച്ചെങ്കിലും ഇന്ത്യൻ യൂണിവേഴ്സിറ്റികൾ അഡ്മിഷൻ കൊടുത്തില്ല. തുടർന്ന് ലണ്ടനിൽ പോയി എംബിബിഎസ് നേടി. അങ്ങനെ കേരളത്തിൽനിന്നു മെഡിക്കൽ ബിരുദം നേടുന്ന ആദ്യ വനിത എന്ന ചരിത്രത്തിനുടമയായി. ഗൈനക്കോളജിയിലും നവജാതശിശു പരിചരണത്തിലും ഉന്നത പരിശീലനം പൂർത്തിയാക്കി. 1916ൽ ഇന്ത്യയിലേക്കു തിരിച്ചെത്തി.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജോലി ആരംഭിച്ചു. തുടർന്ന് ആശുപത്രിയുടെ സൂപ്രണ്ടായി. 1920ൽ അവിടെ റാന്തൽ വിളക്കുകളുടെ വെളിച്ചത്തിൽ ആദ്യ സിസേറിയൻ നടത്തി.
1924ൽ തിരുവിതാംകൂർ ആരോഗ്യ വകുപ്പുപ്പിന്റെ മേധാവിയായി നിയമിക്കപ്പെട്ടു. 32 സർക്കാർ ആശുപത്രികളുടെയും 40 സർക്കാർ ഡിസ്പെൻസറികളുടെയും 40 സ്വകാര്യ സ്ഥാപനങ്ങളുടെയും ചുമതല ഏറ്റെടുത്തു. ലോകത്തെ ആദ്യത്തെ വനിതാ സർജൻ ജനറലായി 1938ൽ ഡോ. മേരി പുന്നൻ ലൂക്കോസ് നിയമിക്കപ്പെട്ടു.
നാഗർകോവിലിലെ സാനിറ്റോറിയം, തിരുവനന്തപുരത്തെ എക്സ്റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സ്ഥാപനത്തിനു ഡോ. മേരി മുൻകൈയെടുത്തു. നൂതനമായ മിഡ്വൈഫ് പരിശീലനത്തിനും വൈദ്യശാസ്ത്ര പൊതുജനാരോഗ്യ സംബന്ധമായുള്ള പരിപാടികൾക്കും പ്രധാന ചുമതലകൾ വഹിച്ചു.
തിരുവിതാംകൂറിലെ വിവിധ നി യമ നിർമാണ സഭകളിൽ അംഗമായി. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി 1924 സെപ്റ്റംബർ 23നു സത്യപ്രതിജ്ഞ ചെയ്തു. ഇതേക്കുറിച്ച് ദീപിക റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: “ഡർബാർ ഫിസിഷ്യന്റെ സ്ഥാനത്തിൽ മിസ്സ് മേരി പുന്നൻ (മിസ്സിസ്സ് കെ.കെ. ലൂക്കോസ് ) ഹാജരാവുകയും പതിവുള്ള വിശ്വാസപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. മിസ്സിസ്സ് ലൂക്കോസ് സത്യവാചകം പറയാനായി പ്ലാറ്റ് ഫോറത്തിനു സമീപത്തേക്കു വന്നപ്പോൾ സദസ്യർ ആസകലം ഹസ്താഡനത്താൽ അവരുടെ തൃപ്തിയെ പ്രത്യക്ഷപ്പെടുത്തുകയുണ്ടായി. ഇത് നിയമസഭയിലെ അഭൂതപൂർവ്വമായ ഒരു പ്രത്യേക സംഭവമായിരുന്നു.”
സ്ത്രീശക്തീകരണം, വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 1915ൽ തിരുവിതാംകൂർ വിമൻസ് അസോസിയേഷൻ സ്ഥാപിച്ചു. അരനൂറ്റാണ്ട് കാലം വൈഡബ്ല്യുസിഎയുടെ സാരഥിയായി നേത്യത്വം നല്കി.
വൈദ്യശാസ്ത്രം, ആതുരസേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി 1975ൽ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായിരുന്ന കുന്നുകുഴിയിൽ കെ.കെ. ലൂക്കോസിനെ വിവാഹം കഴിച്ചു. മകൻ: കെ.പി. ലൂക്കോസ് (ബൾഗേറിയയിൽ അംബാസഡറായിരുന്നു), മകൾ: ഡോ. ഗ്രേസി ലൂക്ക്.
ഭർത്താവിന്റെയും രണ്ടു മക്കളുടെയും മരണവും വാർധക്യസഹജമായ രോഗങ്ങളും ഏകാന്തതയും മൂലം ഡോ. മേരിയുടെ അവസാനകാലം ദുരിതപൂർണമായിരുന്നു. 1976 ഒക്ടോബർ രണ്ടിന് അന്തരിച്ചു. തിരുവനന്തപുരം പാളയം ക്രൈസ്റ്റ് സിഎസ്ഐ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. “ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളി വനിതകളിൽ അഗ്രിമസ്ഥാനം അലങ്കരിച്ചിരുന്ന വനിത” എന്നാണു ദീപിക ഡോ. മേരി പുന്നൻ ലൂക്കോസിനെക്കുറിച്ച് എഴുതിയിട്ടുള്ളത്.
നിയമസഭാ പ്രവർത്തനം
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ(1922-25, 1925-28, 1928-31)
ശ്രീ മൂലം പ്രജാസഭ (1933-44)
ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (1937-44)
പ്രധാന നേട്ടങ്ങൾ
തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ബിരുദധാരിണി (1909) തിരുവിതാംകൂറിലെ ആദ്യ
വനിതാ ഡോക്ടർ (1916)
ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സമാജിക (1922)
തിരുവിതാംകൂർ വിമൻസ് അസോസിയേഷൻ സ്ഥാപക (1915)
പത്മശ്രീ പുരസ്കാരം (1975)