Jeevithavijayam
4/23/2019
    
ഏറ്റവും വലിയ യോഗ്യതാസര്‍ട്ടിഫിക്കറ്റ്
വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു റഷ്യന്‍ സാഹിത്യകാരനായ ഐവാന്‍ ടര്‍ഗ്യാനോവ് (18181883). കൂടെ അദ്ദേഹത്തിന്റെ നായ്ക്കുട്ടിയുമുണ്ടായിരുന്നു. വഴിയുടെ ഓരംചേര്‍ന്ന് ചിന്താമഗ്‌നനായി അദ്ദേഹം നടന്നുനീങ്ങുമ്പോള്‍ അടുത്തുകണ്ട ഒരു കുരുവിയുടെ പിന്നാലെ നായ്ക്കുട്ടി ഓടി.

പക്ഷേ, നായ്ക്കുട്ടി കുരുവിയുടെ പിന്നാലെ ഓടിയപ്പോള്‍ ആ ചെറുപക്ഷി ഭയപ്പെട്ടു പറന്നകലുകയല്ല ചെയ്തത്. അതു തിരിഞ്ഞ് നായ്ക്കുട്ടിയെ വട്ടമിട്ടു പറക്കുകയാണ് ചെയ്തത്. കുരുവിയുടെ തികച്ചും അസാധാരണമായ ഈ പ്രതികരണം ടര്‍ഗ്യാനോവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം തെല്ലുനേരം നിന്ന് ആ കുരുവിയെ ശ്രദ്ധിച്ചു.

പെട്ടെന്ന് അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. പറന്നു രക്ഷപ്പെടാന്‍മാത്രം പ്രായമില്ലാതിരുന്ന ഒരു കുരുവിക്കുഞ്ഞും ആ കുരുവിയോടൊപ്പമുണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍വേണ്ടിയാണ് കുരുവി നായ്ക്കുട്ടിയുടെ മുകളില്‍ വട്ടമിട്ടു പറന്നത്.

തന്റെ അരുമക്കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സ്വജീവന്‍ പണയംവച്ച് ആ കുരുവി വീറോടെ പൊരുതുന്നതു കണ്ടപ്പോള്‍ അദ്ദേഹം നായ്ക്കുട്ടിയെ തിരികെവിളിച്ച് കുരുവിക്കുഞ്ഞിനെ രക്ഷിച്ചു. ആ തള്ളക്കുരുവിയുടെ സ്‌നേഹത്തിനും ധീരതയ്ക്കും മുമ്പില്‍ ടര്‍ഗ്യാനോവ് എന്ന സമുന്നത സാഹിത്യകാരന്‍ ആദരപൂര്‍വം തലകുനിച്ചു. ഈ സംഭവം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം എഴുതി: ''ആ തള്ളക്കുരുവിയുടെ സ്‌നേഹത്തിന്റെ ആഴം കണ്ടപ്പോള്‍ എനിക്ക് ആ പക്ഷിയോട് ഏറെ ബഹുമാനം തോന്നി.

സ്വാഭാവിക പ്രവണതമൂലമാണ് ആ തള്ളക്കുരുവി സ്വജീവന്‍ ബലികഴിക്കാന്‍ തയാറായിക്കൊണ്ടു തന്റെ അരുമക്കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നു നാം പറഞ്ഞേക്കാം. എന്നാല്‍, ആ സ്വാഭാവിക പ്രവണതയും സ്‌നേഹവും രണ്ടല്ല, ഒന്നാണ് എന്നു പറഞ്ഞാല്‍ അതു പൂര്‍ണമായി ശരിയുമാണ്. ബുദ്ധിയും വിവേചനശക്തിയുമില്ലാത്ത ആ കുരുവിയുടെ സ്‌നേഹം ഇത്രമാത്രം അഗാധവും ധീരവുമാണെങ്കില്‍ ബുദ്ധിശക്തിയും പക്ഷിമൃഗാദികള്‍ക്കില്ലാത്ത മറ്റനേകം ഗുണങ്ങളുമുള്ള മനുഷ്യരുടെ സ്‌നേഹം ഇതില്‍ എത്രയോ മടങ്ങ് അഗാധവും ധീരവും ശ്രേഷ്ഠവുമായിരിക്കണം.

എന്നാല്‍, നമ്മുടെയൊക്കെ അനുഭവം ഏതു രീതിയിലുള്ളതാണ്? പുറമേ കാണിക്കുന്ന സ്‌നേഹത്തിനപ്പുറം ആത്മാര്‍ഥമായും അഗാധമായും സ്‌നേഹിക്കുന്നവര്‍ എത്രയുണ്ട് നമ്മുടെയിടയില്‍? കാര്യലാഭത്തിനുവേണ്ടിയും സ്വാഗ്രഹ നിവൃത്തിക്കുവേണ്ടിയുമൊക്കെ സ്‌നേഹിക്കുന്നവരല്ലേ നമ്മിലേറിയ പങ്കും? അതുപോലെ, സ്വയം മറന്നു മറ്റുള്ളവരെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്ന അധികമാളുകളെ നാം കണ്ടുമുട്ടാറുണേ്ടാ?

മനുഷ്യരെന്ന നിലയില്‍ നമുക്കുണ്ടായിരിക്കേണ്ട ഏറ്റവും വലിയ യോഗ്യത സ്‌നേഹമായിരിക്കണം എന്നതു നാം മറക്കേണ്ട. ജീവിതത്തില്‍ വിജയം നേടുന്നതിന് ഒരുക്കമായി നാം എത്രയോ ബിരുദങ്ങളും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമൊക്കെ സമ്പാദിക്കാറുണ്ട്. ഇവയൊക്കെ നമുക്കാവശ്യവുമാണ്. എന്നാല്‍, കളങ്കരഹിതവും ആത്മാര്‍ഥവുമായ സ്‌നേഹത്തിന്റെ യോഗ്യതാസര്‍ട്ടിഫിക്കറ്റ് നമുക്കില്ലെങ്കില്‍ നമ്മുടെ മറ്റു യോഗ്യതകള്‍ക്കൊന്നും മേന്മയും തിളക്കവുമുണ്ടാകില്ലെന്നതാണു വസ്തുത.

ജീവിതത്തില്‍ വിജയം നേടുന്നതിന്റെ ഭാഗമായി ഉന്നത ബിരുദങ്ങളും പണവും പ്രശസ്തിയുമൊക്കെ നേടിയിട്ടും ജീവിതം വലിയ പരാജയമായി മാറുന്ന എത്രയോപേരെ നാം കാണാറുണ്ട്. അവരുടെയൊക്കെ ജീവിതത്തില്‍ തകരാറു സംഭവിക്കുന്നതിന്റെ പ്രധാന കാരണം യഥാര്‍ഥ സ്‌നേഹത്തിന്റെ യോഗ്യതാസര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുപോയി എന്നതല്ലേ?


യഥാര്‍ഥ സ്‌നേഹത്തിന് ഒരിക്കലും പരിപൂര്‍ണ പരാജയം ഉണ്ടാവുകയില്ലെന്നതാണു സത്യം. കാരണം, പരാജയത്തെ മറികടക്കാന്‍ സ്‌നേഹം ഒന്നല്ലെങ്കില്‍ മറ്റൊരു വഴി കണെ്ടത്തും എന്നതുതന്നെ. അതുപോലെ, പരാജയങ്ങള്‍ ഒന്നിനു പുറകെ ഒട്ടേറെ ഉണ്ടായാലും അവയെ വിജയത്തിനുള്ള മാര്‍ഗമായി മാറ്റാന്‍ സ്‌നേഹത്തിനു സാധിക്കും എന്നതാണ് വസ്തുത.

എന്നാല്‍, നമ്മുടെ സ്‌നേഹം യഥാര്‍ഥ സ്‌നേഹം തന്നെയാണെന്നു നാം ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. അതുപോലെ, നമ്മുടെ സ്‌നേഹത്തിന്റെ അര്‍ഥം സ്‌നേഹംതന്നെയാണെന്നും നാം തീര്‍ച്ചപ്പെടുത്തണം.

ഒരു മലയാളസിനിമയിലെ സംഭാഷണത്തില്‍നിന്ന് അല്പം ഇവിടെ പകര്‍ത്തട്ടെ: ''നമ്മുടെയൊക്കെ സ്‌നേഹത്തിന് ഒരര്‍ഥമേയുള്ളു. എന്നാല്‍, അവരുടെയൊക്കെ സ്‌നേഹത്തിനു പല അര്‍ഥമാണുള്ളത്.'' കഥയിലെ നായകന്‍ കണ്ണീരോടുകൂടിയാണ് ഇതു സ്വന്തം സഹോദരിയോടു പറയുന്നത്. അയാള്‍ പറയുന്നതാകട്ടെ അയാളെ സ്‌നേഹിക്കുന്നുവെന്നു പുറമേ നടിച്ച് അയാളെ പാവകളിപ്പിച്ച ധനികയായ പെണ്‍കുട്ടിയെക്കുറിച്ചും.

സ്‌നേഹത്തിനു പല രൂപഭാവങ്ങളുണ്ട് എന്നതു ശരിതന്നെ. അതുപോലെ സ്‌നേഹത്തിന്റെ വിവിധ രൂപഭാവങ്ങള്‍ക്കു പല അര്‍ഥങ്ങളുമുണ്ടാകാം. എന്നാല്‍, യഥാര്‍ഥ സ്‌നേഹത്തില്‍ ഒന്നില്‍ക്കൂടുതല്‍ അര്‍ഥങ്ങളുണ്ടാകില്ല. യഥാര്‍ഥ സ്‌നേഹത്തിന്റെ അര്‍ഥം എന്നും സ്‌നേഹം എന്നുതന്നെയായിരിക്കും.

യഥാര്‍ഥ സ്‌നേഹത്തെക്കുറിച്ച് സെന്റ് പോള്‍ എഴുതിയിരിക്കുന്നതു നാം ഇടയ്ക്കിടെ അനുസ്മരിക്കുന്നതു നന്നായിരിക്കും. തന്നില്‍ സ്‌നേഹമില്ലെങ്കില്‍ താന്‍ ഒന്നുമല്ലെന്നും തനിക്കൊന്നുമില്ലെന്നും എടുത്തുപറഞ്ഞതിനുശേഷം അദ്ദേഹം എഴുതുന്നു:

''സ്‌നേഹം ക്ഷമയുള്ളതും ദയയുള്ളതുമാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല; അഹങ്കരിക്കുന്നുമില്ല. സ്‌നേഹം പരുഷമല്ല; അതു സ്വാര്‍ഥം തേടുന്നില്ല; കോപിക്കുന്നില്ല; തിന്മ വിചാരിക്കുന്നില്ല; അത് അധര്‍മത്തില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആനന്ദം കൊള്ളുന്നു. സ്‌നേഹം എല്ലാം സഹിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രതീക്ഷിക്കുന്നു, എല്ലാം ക്ഷമിക്കുന്നു.

യഥാര്‍ഥ സ്‌നേഹം ഒരിക്കലും ക്ഷയിക്കുകയില്ലെന്ന് ഓര്‍മിപ്പിച്ചശേഷം അദ്ദേഹം വീണ്ടും എഴുതുന്നു: ''നിലനില്‍ക്കുന്നവ മൂന്നു മാത്രമാണ്. വിശ്വാസം, പ്രത്യാശ, സ്‌നേഹം. ഇവയില്‍ ഏറ്റവും ശ്രേഷ്ഠമായതു സ്‌നേഹം തന്നെ.''

നമ്മുടെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഘടകം സ്‌നേഹമാണ്; സ്‌നേഹമായിരിക്കണം. നാം നേടുന്ന ഏറ്റവും വലിയ യോഗ്യതാസര്‍ട്ടിഫിക്കറ്റും സ്‌നേഹത്തിന്റേതാണ്: സ്‌നേഹത്തിന്റേതായിരിക്കണം.

സ്‌നേഹത്തിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നമ്മുടെ കൈവശമുണെ്ടങ്കില്‍ നമ്മുടെ ജീവിതസൗന്ദര്യത്തിന്റെ മാറ്റ് നൂറുമടങ്ങായി വര്‍ധിക്കും; എത്ര കനത്ത അന്ധകാരത്തിലും നമ്മില്‍നിന്നു പ്രതീക്ഷയുടെ പ്രകാശവീചികള്‍ പ്രവഹിക്കും. നാം അറിയാതെതന്നെ നമ്മില്‍നിന്നു മറ്റുള്ളവരിലേക്ക് നവജീവനും ചൈതന്യവും പ്രസരിക്കും.

സ്‌നേഹമുള്ളിടം പറുദീസയാണെന്നു പറയാറുള്ളത് എത്രയോ ശരി. സ്‌നേഹത്തിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നമ്മുടെ കൈവശമുണെ്ടന്ന് ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെയും അതുവഴി മറ്റുള്ളവരുടെയും ജീവിതം പറുദീസയ്ക്കു തുല്യമായി നമുക്കു മാറ്റാം. നാം ഏറ്റവും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സ്‌നേഹത്തിന്റേതാണെന്നു നമുക്ക് ഉറപ്പുവരുത്തുകയും ചെയ്യാം.
    
To send your comments, please clickhere