Jeevithavijayam
5/27/2019
    
ജീവിതകഥ വിരചിക്കുന്നതാര്?
''ഓക്‌ലഹോമ!' 1943ല്‍ റോഡ്‌ജേഴ്‌സും ഹാമര്‍സ്റ്റെയിനുംകൂടി പുറത്തിറക്കിയ പ്രസിദ്ധമായ ഒരു ബ്രോഡ്‌വേ ഷോയാണിത്. 1955ല്‍ ഒരു ഹോളിവുഡ് സംഗീത ചലച്ചിത്രമായി ഇത് പുറത്തിറങ്ങി. സിനമെന്‍ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ റോഡ്‌ജേഴ്‌സും ഹാമര്‍സ്റ്റെയിനുമായിരുന്നു.

ഗോള്‍ഡന്‍ മക്ക്‌റേയും ഷേര്‍ളി ജോണ്‍സുമാണു പ്രേമകഥയിലെ നടീനടന്മാര്‍. പില്‍ക്കാലത്തു നടിക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഷേര്‍ളി ജോണ്‍സിന്റെ ആദ്യചലച്ചിത്രമാണിത്. ഷേര്‍ളി തന്നെയാണ് ഈ ചിത്രത്തില്‍ അവരുടെ റോളിലുള്ള ഗാനങ്ങള്‍ ആലപിക്കുന്നതും.

അതിഗംഭീരവും അതിലേറെ മനോഹരവുമാണ് ഈ ചിത്രത്തിന്റെ തുടക്കം. രണ്ടാള്‍പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന ചോളങ്ങള്‍ക്കിടയിലൂടെ കുതിരപ്പുറത്തു പാട്ടുംപാടിക്കൊണ്ടു കടന്നുവരുകയാണു കൗബോയിയായ മക്ക്‌റേ. ഹൃദയത്തില്‍നിന്ന് ഒഴുകിവരുന്ന ആ ഗാനത്തിന്റെ ഈരടികള്‍ ഇപ്രകാരമാണ്:

'എത്ര മനോഹരമായ പ്രഭാതം! എത്ര മനോഹരമായ ദിവസം! എല്ലാം ഭംഗിയായി നടക്കുമെന്നാണ് എന്റെ പ്രതീക്ഷ!'''

ഓക്‌ലഹോമ ഒരു പ്രേമകഥയാണ്. എല്ലാ പ്രേമകഥകളിലും കാണാറുള്ളതുപോലെ, കാമുകീകാമുകന്മാരുടെ പ്രേമത്തിനു വിഘ്‌നംവരുത്തുവാന്‍ ഈ കഥയിലും ഒരു വില്ലനുണ്ട്. എങ്കിലും ഈ കഥയിലെ നായകന് ഭാവിയെക്കുറിച്ചു വലിയ പ്രതീക്ഷയാണ്. പ്രതിബന്ധങ്ങളെല്ലാം തരണംചെയ്തു തന്റെ പ്രേമഭാജനത്തെ നേടിയെടുക്കാനാവുമെന്നാണ് അയാളുടെ പ്രതീക്ഷ.

അയാള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുംപോലെ തന്റെ പ്രേമഭാജനവുമായുള്ള അയാളുടെ വിവാഹം നടന്നു. വില്ലന്റെ മരണത്തില്‍ കലാശിക്കുന്ന ഈ ചിത്രത്തിന്റെ അവസാനഭാഗത്തു മക്ക്‌റേ വീണ്ടും പാടുന്നു: ''എത്ര മനോഹരമായ പ്രഭാതം! എത്ര മനോഹരമായ ദിവസം! എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുമെന്നാണ് എന്റെ ചിന്ത!'''

ജീവിതത്തെക്കുറിച്ചു പ്രതീക്ഷാപൂര്‍ണമായ മനോഭാവം. അതാണ് ''ഓക്‌ലഹോമ'''യിലെ നായകന്റെ പ്രത്യേകത. താന്‍ സ്‌നേഹിക്കുന്ന തന്റെ കാമുകി കൈവിട്ടുപോകുമെന്നു തോന്നിയപ്പോഴും പ്രതീക്ഷ വെടിയാതെ അയാള്‍ മുന്നോട്ടുപോയി. അയാളുടെ പ്രതീക്ഷാപൂര്‍ണമായ ഈ മനോഭാവമാണ് അയാളെ അവസാനം വിജയത്തിലെത്തിച്ചത്.

''നമ്മുടെ ജീവിത്തില്‍ നമുക്ക് എന്തു സംഭവിക്കുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം; പ്രത്യുത, നമ്മുടെ ഉള്ളില്‍ നമുക്ക് എന്തു സംഭവിക്കുന്നു എന്നതാണ്''' എന്ന് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ വില്യം ജയിംസ് ഒരിടത്ത് എഴുതിയിട്ടുണ്ട്. അതായത്, നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ നാം എങ്ങനെ കാണുന്നു, അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണു നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കാള്‍ ഏറെ പ്രധാനപ്പെട്ടത്.

നമ്മുടെ അനുദിന ജീവിതത്തില്‍ നമുക്ക് ഇഷ്ടകരവും അനിഷ്ടകരവുമായ ഒട്ടേറെ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. നമുക്ക് ഇഷ്ടമുള്ളകാര്യങ്ങള്‍ നാം ആഗ്രഹിക്കുന്ന രീതിയില്‍, ആഗ്രഹിക്കുന്ന സമയത്തു സംഭവിക്കുമ്പോള്‍ നാം ആനന്ദംകൊണ്ടു തുള്ളിച്ചാടും. എന്നാല്‍, നമുക്കു പ്രതികൂലമായ കാര്യങ്ങള്‍ സംഭവിക്കുമ്പോഴോ? അപ്പോള്‍ ഏറെ നിഷേധാത്മകമായി നാം പ്രതികരിക്കാനാണു സാധ്യത.


എന്നാല്‍, നിഷേധാത്മകമായ ഈ പ്രതികരണംകൊണ്ടു നമുക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമോ?

നമ്മില്‍ കലിതുള്ളുന്ന ദേഷ്യം ശമിപ്പിക്കുവാന്‍ ഇമ്മാതിരിയുള്ള പ്രതികരണം ഒരുപക്ഷേ സഹായിച്ചേക്കാം. എന്നാല്‍, നിഷേധാത്മകമായ പ്രതികരണം സംഗതി ഏറെ വഷളാക്കുകയേ ചെയ്യൂ എന്നതാണു വസ്തുത.

നമുക്കു പ്രതികൂലമായി സംഭവിക്കുന്ന കാര്യങ്ങളെ ക്രിയാത്മകമായി സമീപിക്കുവാന്‍ നാം ശ്രമിച്ചാലോ? അപ്പോള്‍, നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ അതു നമ്മെ സഹായിക്കും! നമുക്കു സംഭവിച്ച തിന്മയെക്കുറിച്ചു വിലപിച്ചു സമയം പാഴാക്കാതെ വിജയത്തിനുള്ള പുതിയ വഴികള്‍ നാം തേടും.

പ്രസിദ്ധ ആധ്യാത്മിക ഗ്രന്ഥകാരനും മനഃശാസ്ത്രജ്ഞനുമായ ജോണ്‍ പവ്വല്‍ എഴുതിയിരിക്കുന്നതുപോലെ നമ്മുടെ ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണു നമ്മുടെ ജീവിതകഥ വിരചിക്കുന്നത്. നമ്മുടെ ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഗതിയെ ഏറെ സ്വാധീനിക്കും; നമ്മുടെ ജീവിതത്തിന് അവ രൂപവും ഭാവവും നല്‍കും; നമ്മുടെ ജീവിതത്തെ വിജയത്തിലേക്കോ പരാജയത്തിലേക്കോ നയിക്കും.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ പലപ്പോഴും നമുക്കു നിയന്ത്രിക്കാനാവില്ല. എന്നാല്‍, അക്കാര്യങ്ങള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളിനെ എങ്ങനെ സ്വാധീനിക്കുമെന്നതു നമുക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും. അതായത് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളോടു നിഷേധാത്മകമായിട്ടോ ക്രിയാത്മകമായിട്ടോ എങ്ങനെ പ്രതികരിക്കണമെന്നുള്ളതു നമുക്കു തീരുമാനിക്കാനാവും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നമ്മുടെ മനോഭാവത്തെ നമുക്കു നിയന്ത്രിക്കാനാവും.

ജീവിതത്തില്‍ നമുക്കു സംഭവിക്കുന്ന കാര്യങ്ങളോടു നമുക്കുള്ള മനോഭാവമാണു വിജയത്തിലേക്കോ പരാജയത്തിലേക്കോ നമ്മെ നയിക്കുക. നമ്മുടെ മനോഭാവവും വീക്ഷണരീതികളുമൊക്കെ മാറ്റുവാനുള്ള കഴിവ് നമുക്കുണ്ട്. അതിനര്‍ഥം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുവാനുള്ള കഴിവും നമുക്കുണെ്ടന്നാണ്.

എന്നും രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ ദൈവത്തിനു നന്ദി പറയുന്നതിനോടൊപ്പം ''എത്ര മനോഹരമായ പ്രഭാതം, എത്ര മനോഹരമായ ദിവസം, എല്ലാം ഇന്നു ഭംഗിയായി നടക്കും''' എന്നു നമുക്കു സ്വയം പറയാം. ഇപ്രകാരം ക്രിയാത്മകമായ മനോഭാവത്തോടെയാണു നാം നമ്മുടെ ദിവസം ആരംഭിക്കുന്നതെങ്കില്‍ പ്രതികൂലമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍പോലും നാം പതറാതെ പിടിച്ചുനില്‍ക്കും. നമ്മുടെ ക്രിയാത്മകമായ ഈ മനോഭാവം വിജയപര്യവസായിയായ ഒരു ജീവിതകഥ വിരചിക്കുവാന്‍ നമ്മെ ഏറെ സഹായിക്കുകയും ചെയ്യും.
    
To send your comments, please clickhere