വീട്ടിലെത്തുന്ന അതിഥികൾക്ക് സാനിറ്റൈസർ നൽകുന്ന യന്ത്രമനുഷ്യനെ ഒരുക്കി കൊച്ചുമിടുക്കൻ
Saturday, May 1, 2021 5:28 PM IST
ആറാം ക്ലാസ് വിദ്യാർഥി കോരുത്തോട് അമ്പാട്ടുവയലിൽ ഉന്മേഷ് ഷാജിയുടെ വീട്ടിൽ പെട്ടെന്നൊന്നും ആർക്കും അകത്തുകയറാൻ ആവില്ല. പൂമുഖവാതിലിൽ എപ്പോഴും സദാ ജാഗരൂകനായി ഉന്മേഷ് നിർമിച്ച ഒരു യന്ത്രമനുഷ്യൻ വഴിതടഞ്ഞു നിൽക്കുന്നുണ്ടാവും.
വീട്ടിൽ ആരു ചെന്നാലും യന്ത്രമനുഷ്യൻ നൽകുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കിയാൽ മാത്രമേ വീടിനകത്തേക്ക് ഈ യന്ത്രമനുഷ്യൻ കയറ്റി വിടുകയുളളു. മാത്രമല്ല വീടിനുള്ളിൽ പ്രവേശിക്കുന്നവർക്ക് അടുക്കളയിൽ നിന്ന് ലഘുഭക്ഷണവും പാനീയങ്ങളും അടക്കമുള്ളവ യന്ത്രമനുഷ്യൻ കൈയിൽ പിടിച്ചിരിക്കുന്ന ട്രേയിൽ വച്ചു കൊണ്ടുവന്നു തരികയും ചെയ്യും.
12 വയസുകാരൻ ഉന്മേഷ് ഷാജിയുടെ കരവിരുതിലാണ് യന്ത്രമനുഷ്യൻ പിറവിയെടുത്തതെന്നറിയുന്പോൾ വീട്ടിലെത്തുന്ന അതിഥികൾ ഒരു നിമിഷം അത്ഭുതപരതന്ത്രരാകുന്നു.
കളിച്ചു നടക്കേണ്ട പ്രായത്തിൽ ഉന്മേഷ് ഇത്തരം അത്ഭുത സൃഷ്ടികളുടെ പണിപ്പുരയിലാണ് എപ്പോഴും. കോവിഡ് കാലത്ത് അമ്മ നന്ദിനിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ആയിരുന്നപ്പോൾ ശസ്ത്രക്രിയയ്ക്ക് അടക്കം യന്ത്രമനുഷ്യർ നൽകുന്ന സഹായം നേരിൽ കണ്ടതോടെയാണ് ഉന്മേഷ് യന്ത്രമനുഷ്യന്റെ പിറവിയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്.
സികെഎം സ്കൂളിനു വേണ്ടി കഴിഞ്ഞകൊല്ലം ശാസ്ത്രമേളയിൽ കണക്ഷൻ ഇല്ലാത്ത മാജിക് ടാപ്പുകൾ സൃഷ്ടിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഉന്മേഷിന് യന്ത്രമനുഷ്യനെ സൃഷ്ടിച്ചെടുക്കുകയെന്നതു വലിയ പ്രയാസമുള്ള കാര്യമല്ലായിരുന്നു.
അച്ഛൻ ഷാജിയോട് ശാസ്ത്ര കലാമേളയോടനുബന്ധിച്ചു താൻ യന്ത്രമനുഷ്യനെ ഉണ്ടാക്കാൻ പോവുകയാണെന്നും അതിനു വേണ്ടിവരുന്ന ചെലവ് നൽകണമെന്നും ആവശ്യപ്പെട്ടു. മകന്റെ കഴിവിൽ പൂർണ വിശ്വാസമുള്ള ഷാജി പണം നൽകുന്ന കാര്യം ഏൽക്കുകയും ചെയ്തു. ഇതോടെ ഏറ്റവും കുറഞ്ഞ ചെലവിൽ എങ്ങനെ യന്ത്രമനുഷ്യനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കുട്ടി ശാസ്ത്രജ്ഞൻ ഉന്മേഷ്.
ഇതിനായി ശരീരഭാഗങ്ങൾ തെർമോകോളിൽ നിർമിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ, യന്ത്രമനുഷ്യനെ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചലിപ്പിക്കുന്ന യന്ത്രങ്ങൾക്ക് നിർമാണ തുക കൂട്ടാൻ ഇടയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ കുട്ടികളുടെ കളിപ്പാട്ടമായ ചെറിയ കാർ വാങ്ങി അതിന്റെ യന്ത്രഭാഗങ്ങൾ അഴിച്ചെടുത്ത് യന്ത്രമനുഷ്യനു പിടിപ്പിച്ച് ആ പ്രശ്നവും പരിഹരിച്ചു.
യന്ത്രമനുഷ്യന്റെ കൈകളിൽ പിടിപ്പിച്ചിരിക്കുന്ന ട്രേയിൽ എപ്പോഴും സാനിറ്റൈസർ ഒരു കുപ്പി ഉണ്ടാവും. ആരു വീട്ടിൽ വന്നാലും യന്ത്രമനുഷ്യൻ മുൻവശത്തെ വാതിലിലേക്ക് ചെന്ന് സാനിറ്റൈസർ നീട്ടും.
കുട്ടിയായിരിക്കുമ്പോൾ തന്നെ എന്ത് കൈയിൽ കിട്ടിയാലും അതുകൊണ്ട് എന്തെങ്കിലും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുക എന്നുള്ളത് ഉന്മേഷിന്റെ ശീലമായിരുന്നു. മിഠായിയുടെ കടലാസുകൾ ഉപയോഗിച്ച് വിവിധയിനം ശില്പങ്ങൾ നിർമിച്ച് ചെറുപ്പത്തിലേ ഉന്മേഷ് തന്റെ നിപുണത കാട്ടിത്തുടങ്ങിയത് ഏവരെയും വിസ്മയിപ്പിച്ചിരുന്നു.
അടുത്ത ഘട്ടമായി സംസാരിക്കുന്ന, വീട് വൃത്തിയാക്കൽ അടക്കം എല്ലാ ജോലികളും ചെയ്യാൻ കഴിയുന്ന ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുവാനുള്ള പണിപ്പുരയിലാണ്. പത്താം ക്ലാസ് വിദ്യാർഥിനിയായ ഉത്രജയാണ് ഏക സഹോദരി.