മകളേക്കാള്‍ ചെറുപ്പക്കാരിയായി അമ്മ; അത്ഭുതപ്പെട്ട് സോഷ്യല്‍മീഡിയ
Thursday, February 20, 2020 12:15 PM IST
സോഷ്യൽ മീഡിയ അദ്ഭുതത്തോടെയാണ് ഈ അമ്മയെയും മകളെയും നോക്കിക്കാണുന്നത്. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്ടാൽ കൂട്ടത്തിൽ ആരാണ് മകളെന്ന് സംശയം തോന്നിപ്പോകും.
കലിഫോർണിയ സ്വദേശിയായ ജോളീൻ ഡയസാണ് പ്രായം കൊണ്ട് മകളെ തോൽപ്പിക്കുന്നത്. 19 കാരിയായ മകൾ മെയ്ലാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ജോളീൻ സോഷ്യൽ മീഡിയയിൽ തരംഗമായത്.
എലിമെന്ററി സ്കൂൾ ടീച്ചറായ ജോളീനെ കണ്ടാൽ 43 വയസുണ്ടെന്ന് ആരും വിശ്വസിക്കില്ല. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീൻ പറയുന്നു.
ഫിറ്റ്നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചർമ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീൻ പറയുന്നു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള ചിത്രം കാണുന്ന ആരും അമ്മയാര് മകളാര് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുമെന്നുറപ്പ്.