"പ്രായമൊക്കെ വെറും സംഖ്യയല്ലെ...' സോഷ്യല്‍ മീഡിയയില്‍ വെെറലായി കാല് പന്തുകാരുടെ ജയിംസേട്ടന്
Friday, June 17, 2022 11:31 AM IST
പ്രായം 60 കഴിഞ്ഞാല്‍ വയസായെന്നും വിചാരിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ പ്രായത്തെ വെല്ലുന്ന ചിലരുണ്ട്. അവരെ പോലുള്ളവരെ ഒക്കെയാണ് "ഇന്‍സ്പിരേഷന്‍' എന്ന് ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.
തന്‍റെ 64 -ാം വയസിലും ഫുട്ബോള്‍ കളിക്കുന്ന ജയിംസ് എന്ന വയനാട് അമ്പലവയല്‍ സ്വദേശിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. പ്രദീപ് രമേശ് എന്നയാള്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ച ജയിംസിന്‍റെ കാല്‍പന്തുകളി വീഡിയോ ഇപ്പോള്‍ വൈറലാണ്.
വീഡിയോയില്‍ പ്രദീപിനൊപ്പം നല്ല ചുറുചുറുക്കോടെ ഫുട്ബോള്‍ തട്ടുന്ന ജയിംസിനെ കാണാം. യുവതലമുറയ്ക്കൊപ്പം ഇപ്പോഴൂം ഫുട്ബോള്‍ കളിക്കുന്ന ജയിംസ് ഒരു കാലത്ത് പ്രസിദ്ധമായിരുന്ന വയനാട് ഫുട്ബോള്‍ ടീമിന്‍റെ ഭാഗമായിരുന്ന ആളാണ്.
പ്രായത്തെ വെല്ലുവിളിക്കുന്ന ഈ പ്രതിഭ ശരിക്കുമൊരു പ്രചോദനം തന്നെയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കുറിക്കുന്നത്.
നിലവില്‍ ട്രക്ക് ഡ്രൈവറായ ജയിംസ് തന്‍റെ യാത്രകളിലെപ്പോഴും ഫുട്ബോള്‍ കിറ്റ് കൂടെ കരുതാറുണ്ട്. കാരണം എപ്പോഴാണ് ഒരു മൈതാനവും കുറേ കുട്ടികളെയും കാണുക എന്ന് പറയാനാവില്ലല്ലൊ.