ക്ലീനിംഗ് മുതൽ അലക്ക് വരെ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കും; നായ്ക്കൾ ഇവിടെ വീട്ടുജോലിക്കാർ!
Thursday, May 6, 2021 7:08 PM IST
മനുഷ്യന്റെ ഉറ്റ ചങ്ങാതി എന്നാണ് നായ്ക്കളെക്കുറിച്ച് പറയുന്നത്. ഉറ്റ ചങ്ങാതിയാകുന്പോൾ അവശ്യഘട്ടങ്ങളിൽ നമുക്ക് വേണ്ട സഹായങ്ങളും ചെയ്യണമല്ലോ...
അമേരിക്ക സ്വദേശിയായ ലിൻഡ ഖുഷ് എന്ന അറുപത്തിമൂന്നുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ നായ്ക്കൾ കൂട്ടുകാർ മാത്രമല്ല വീട്ടു ജോലിക്കാർകൂടിയാണ്. വേട്ട നായ്ക്കളുടെ ഇനത്തിൽപ്പെട്ട മൂന്നു നായ്ക്കളാണ് ലിൻഡയ്ക്കു കൂട്ടായുള്ളത്. തന്റെ യജമാനത്തിക്ക് ഒരാവശ്യമെന്നു കണ്ടാൽ സഹായിക്കാൻ റേക്കയും റോക്സിയും റിലിയും മത്സരിച്ചു മുന്നിലുണ്ടാകും.
സഹായമെന്നു പറഞ്ഞാൽ പത്രം എടുത്തു കൊണ്ടുവരുന്നതോ ചെരുപ്പുകൾ യഥാസ്ഥാനത്തു കൊണ്ടുവയ്ക്കുന്നതോ ഒന്നുമല്ല. ലിൻഡയുടെ നായ്ക്കൾ ചെയ്യുന്ന ജോലികൾ കണ്ടാൽ ആരും വിസ്മയിച്ചു നിന്നുപോകും. ലിൻഡയുടെ വീട് തുടയ്ക്കുന്നതും പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതും തുണികൾ അലക്കുന്നതുമെല്ലാം യജമാനത്തിക്കൊപ്പം റേക്കയും റോക്സിയും റിലിയും ചേർന്നാണ്.

"ഇതിനായി ഇവർക്കു പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് അതൊരു ഭാരമാകുന്നതുപോലെ ഇതുവരെ പെരുമാറിയിട്ടില്ല. ഓരോരുത്തർക്കും ചെയ്യാനുള്ള ജോലികൾ പ്രത്യേകം വീതിച്ചു നൽകിയിട്ടുണ്ട്.' ലിൻഡ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ തന്റെ നായ്ക്കളുടെ ചിത്രങ്ങൾ ലിൻഡ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇവർ ചെയ്യുന്ന രസകരവും അതേസമയം ഉപകാരപ്രദവുമായ പ്രവൃത്തികൾക്കു മികച്ച കൈയടിയാണ് ലഭിക്കുന്നത്.
മടിപിടിച്ചിരിക്കുന്ന നായ്ക്കൾക്കും അവരുടെ യജമാനന്മാർക്കും തന്റെ നായ്ക്കൾ മാതൃകയാകണം എന്ന ലക്ഷ്യവും ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനു പിന്നിലുണ്ടെന്നു ലിൻഡ പറഞ്ഞു.