ജീവൻ കൈയിലെടുത്ത് ഓടിക്കടന്ന പാലത്തിൽ കാഴ്ചകാണാൻ അവനെത്തി
Wednesday, October 20, 2021 2:53 PM IST
2018 ഓഗസ്റ്റ് 15-ന് ഉച്ചകഴിഞ്ഞ് മൂന്നോടടുത്തപ്പോൾ ചെറുതോണി പാലത്തിലൂടെ എൻഡിആർഫ് ഉദ്യോഗസ്ഥന്റെ മാറിൽ പതിഞ്ഞുകിടന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയ സൂരജ് രണ്ടുവർഷത്തിനുശേഷം ചെറുതോണി ഡാം വീണ്ടും തുറന്നപ്പോൾ വെള്ളമൊഴുകുന്ന കാഴ്ചകാണാൻ പിതാവിനോടൊപ്പം അതേ പാലത്തിലെത്തി.
അന്ന് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തി വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചു പായുന്പോഴാണ് ഗാന്ധിനഗർ കോളനിയിലെ താമസക്കാരനായ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും മകൻ സൂരജിന് തുള്ളിവിറയ്ക്കുന്ന പനി ഉണ്ടായത്. ഒപ്പം ശ്വാസ തടസവും.
അണക്കെട്ട് തുറന്നവിവരം അറിയാമെങ്കിലും കുഞ്ഞിനെ എത്രയുംവേഗം ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിക്കണം. മറ്റൊന്നും ആലോചിച്ചില്ല. കുട്ടിയേയും എടുത്ത് വിജയരാജ് ചെറുതോണി പാലത്തിലൂടെ മറുകരയിലേക്ക് ഓടാൻ ശ്രമിച്ചു. പെട്ടെന്ന് എൻഡിആർഎഫിന്റെ ഒരു ഉദ്യോഗസ്ഥൻ കുട്ടിയെ ബലമായി പിടിച്ചുവാങ്ങി നിങ്ങൾ പിന്നാലെ വന്നാൽ മതി എന്നുപറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്ന പാലത്തിലൂടെ മാറുകരയിലേക്ക് ഓടി. പിന്നാലെ വിജയരാജും.
പാലത്തിലപ്പോൾ കാൽപാദം മൂടി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു. ഇവർ പാലം കടക്കുകയും ഒരാൾ പൊക്കത്തിൽ പാലത്തിൽ വെള്ളം പൊങ്ങി. ഒരുനിമിഷം വൈകിയിരുന്നെങ്കിൽ.... ഇപ്പോഴും ഓർക്കുന്പോൾ ഭയം തോന്നുകയാണെന്ന് വിജയരാജ് പറയുന്നു. ആ ഉദ്യോഗസ്ഥരെ പിന്നീട് കണ്ടിട്ടില്ല. ഒരു നന്ദിവാക്കുപോലും പറയാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ആകുലപ്പെടുന്നു.
വിജയരാജിനും മകൻ സൂരജിനും ഇതു രണ്ടാം ജൻമമാണ്. ആശുപത്രിയിൽനിന്നും മരുന്നും വാങ്ങി തിരികെ ചെറുതോണിയിൽ എത്തിയപ്പോഴാണ് ഗാന്ധിനഗർ കോളനിയിലുള്ള തന്റെ വീട്ടിലേക്ക് പോകാൻ മാർഗമില്ലെന്നറിഞ്ഞത്. തന്റെ കൈവശം പണവുമില്ല. ശക്തമായ മഴ. അപരിചിതനായ ഒരു പോലീസ് ഓഫീസർ 100 രൂപ എടുത്തു തന്നു. ഇതൊന്നുമറിയാതെ സൂരജ് അച്ഛന്റെ തോളിൽ മയങ്ങുകയായിരുന്നു.
പിന്നീട് ഒരു സുഹൃത്തിന്റെ ബൈക്കിൽ കുട്ടിയുമായി കിലോമീറ്റർ ചുറ്റിക്കറങ്ങി രാത്രി ഏഴോടെ വീട്ടിലെത്തി. അന്ന് രാത്രി അയൽപക്കത്തുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരിച്ചു. അതോടെ ഇവരുടെ കുടുംബം ദുരിതാശ്വാസ ക്യാന്പിലേക്കും മാറ്റപ്പെട്ടു.
ഓരോ വർഷവും മഴക്കാലം ആരംഭിക്കുന്പോൾ വിജയരാജിന്റെയും കുടുംബത്തിന്റെയും ഉള്ളിൽ തീയാണ്. എന്നാലും അണക്കെട്ട് തുറന്നപ്പോൾ മകൻ സൂരജിനെയും ഭാര്യ മഞ്ജുവിനെയും മകൾ മഞ്ജിമയെയും കൂട്ടി വിജയരാജ് ചെറുതോണി പാലത്തിലെത്തിയിരുന്നു. ഇപ്പോൾ ആറു വയസുള്ള സൂരജ് ഇടുക്കി ന്യുമാൻ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.