കംബളയിൽ വേഗപ്പോര്; "ഇന്ത്യൻ ബോൾട്ടി’നെ തകർത്ത് പുതിയ അവതാരപ്പിറവി
Tuesday, February 18, 2020 4:05 PM IST
"ഇന്ത്യൻ ബോൾട്ട്’ എന്ന വിശേഷണം നേടിയ ശ്രീനിവാസ ഗൗഡയുടെ റിക്കാർഡ് മറികടന്നു മറ്റൊരു കംബള ഓട്ടക്കാരൻ. നിഷാന്ത് ഷെട്ടിയെന്ന കംബള ജോക്കിയാണ് നേട്ടത്തിന്റെ പുതിയ അവകാശിയെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച വേനൂരിൽ നടന്ന സൂര്യ-ചന്ദ്ര ജോഡുകരെ കംബളയിലാണു ബജഗോളി ജോഗിബേട്ടുവിൽനിന്നുള്ള നിഷാന്ത് വിജയക്കുതിപ്പ് നടത്തിയത്. കർണാടകയിലെ ഉഡുപ്പിക്കു സമീപമുള്ള ബജഗോലി സ്വദേശിയാണു നിഷാന്ത്. 13.68 സെക്കൻഡിലാണ് നിഷാന്ത് 143 മീറ്റർ ഓടിയെത്തിയത്. ഇതു പരിഗണിച്ചാൽ 100 മീറ്റർ ഓടിയെത്താൻ 9.51 സെക്കൻഡ് മാത്രമാണു വേണ്ടിവന്നതെന്നാണു റിപ്പോർട്ട്.
9.55 സെക്കൻഡിലാണു ശ്രീനിവാസ ഗൗഡ 100 മീറ്റർ പൂർത്തിയാക്കിയതെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ. ഫെബ്രുവരി ഒന്നിനു ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കംബള മത്സരത്തിലാണ് മൂഡബദ്രിയിൽനിന്നുള്ള ശ്രീനിവാസ ഗൗഡ 13.62 സെക്കൻഡുകൊണ്ട് 143 മീറ്റർ ദൂരം പിന്നിട്ടത്.
ഉസൈൻ ബോൾട്ട് 100 മീറ്ററിൽ കുറിച്ച 9.58 സെക്കൻഡ് എന്ന റിക്കാർഡ് നേട്ടമാണു ചെളിക്കളത്തിൽ പോത്തുകൾക്കൊപ്പം ഓടി ശ്രീനിവാസ ഗൗഡയും നിഷാന്ത് ഷെട്ടിയും മറികടന്നത്. നേട്ടം വാർത്തയായതോടെ ശ്രീനിവാസ ഗൗഡയെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു സായ് ട്രയൽസിനായി ക്ഷണിച്ചിരുന്നു.