കുട്ടിയാനയെ രക്ഷിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് 11 ആനകൾക്ക് ദാരുണാന്ത്യം
Wednesday, October 9, 2019 2:17 PM IST
ഒഴുക്കിൽപ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് 11 ആനകൾക്ക് ദാരുണാന്ത്യം. തായ്ലൻഡിലെ ഖാവോ യായ് ദേശിയ പാർക്കിലാണ് സംഭവം. നരകത്തിലേക്കുള്ള വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിലേക്കാണ് ഈ 11 ആനകൾ വീണത്.
വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്കിലേക്ക് കൂട്ടത്തിലെ മൂന്ന് വയസുള്ള കുട്ടിയാന വീണിരുന്നു. ഈ ആനയെ രക്ഷിക്കുന്നതിനിടെയാണ് ആനകൾ കൂട്ടത്തോടെ വെള്ളച്ചാട്ടത്തിലേക്ക് വീണത്. ആദ്യം ആറ് ആനകളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതിന് ശേഷമാണ് ബാക്കി അഞ്ച് മൃതശരീരങ്ങൾ കൂടി കണ്ടെത്തിയത്.
സംഭവ ദിവസം സമീപത്തെ റോഡിൽ കൂട്ടത്തോടെ കയറി നിന്ന് ആനകൾ ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ ആനകളെ റോഡിൽ നിന്നും നീക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ നിന്നും ആനകളുടെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്നാണ് വനപാലകർ സ്ഥലത്തെത്തിയത്.
ഇതിന് മുൻപ് 1992ലാണ് ഇവിടെ നിന്നും ആനകളുടെ കൂട്ടമരണം റിപ്പോർട്ട് ചെയ്തത്. അന്ന് എട്ട് ആനകളാണ് ചത്തത്.