സീറ്റ് ബെൽറ്റ് ധരിച്ചില്ല; ഓട്ടോ ഡ്രൈവർക്ക് 1,000 രൂപ പിഴ
Monday, September 16, 2019 3:47 PM IST
സീറ്റ് ബെൽറ്റ് ഇടാത്തതിന്റെ പേരിൽ പിഴ അടയ്ക്കേണ്ടി വന്ന ഓട്ടോ ഡ്രൈവറുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബിഹാറിലെ മുസാഫർപുറിലാണ് സംഭവം.ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമപ്രകാരമാണ് ഓട്ടോ ഡ്രൈവറിൽ നിന്ന് പോലീസ് ആയിരം രൂപ പിഴയായി ഈടാക്കിയത്.
സീറ്റ് ബെൽറ്റ് ഇല്ലാത്ത ഓട്ടോയിൽ എങ്ങനെ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന ചോദ്യം പോലും കേൾക്കാതെയാണ് പോലീസ് ഇത്തരത്തിലുള്ള നടപടി എടുത്തിരിക്കുന്നത്. അതേസമയം ഓട്ടോ ഡ്രൈവർ ദരിദ്രനാണെന്നു മനസിലായതിനാൽ ഏറ്റവും കുറഞ്ഞ തുകയാണു പിഴയിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്പോൾ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതും കർശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവർക്കുള്ള പിഴ തുക വർധിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം നിയമത്തിൽ മോട്ടോർ വാഹനങ്ങൾ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമർശിക്കുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് വേണമെന്ന കർശന നിലപാടിലാണ് ബിഹാറിലെ പോലീസുകാർ.