ജീവനായുള്ള പോരാട്ടത്തില്‍ ശത്രുവിന്‍റെ വലിപ്പത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പൂച്ച. അമേരിക്കയിലെ ടെക്സാസിലുള്ള ഒരു ബീച്ചിന് സമീപത്തെ വീട്ടിലാണ് സംഭവം.

അടഞ്ഞു കിടക്കുന്ന വീടിന്‍റെ സിറ്റൗട്ടിലേക്ക് കയറി വരുന്ന ഒരു ചെന്നായെ വീഡിയോയില്‍ കാണാം. എന്നാല്‍ അവിടെ നിന്നിരുന്ന പൂച്ച ചെന്നായയെ ചെറുക്കുകയാണ്. ചെന്നായ പൂച്ചയെ ആക്രമിക്കുന്നുണ്ടെങ്കിലും വിദഗ്ധമായി ഒഴിഞ്ഞു മാറുകയാണ് പൂച്ച. അവിടെ കിടന്ന ഒരു ചെറു മേശയ്ക്ക് അടിയിലേക്ക് മാറിയും മറ്റുമാണ് പൂച്ച രക്ഷപ്പെടുന്നത്.

ഏറ്റവും ഒടുവില്‍ ചെന്നായയില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട് മുറിയുടെ തൂണില്‍ കയറിയാണ് പൂച്ച രക്ഷപ്പെടുന്നത്. പൂച്ചയെ താഴെയിറക്കാന്‍ ചെന്നായ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഒടുവില്‍ എന്തോ ശബ്ദം കോള്‍ക്കുമ്പോള്‍ ചെന്നായ അവിടെ നിന്നും ഓടി മാറുകയാണ്.

ടോണി ഗാരി എന്ന വീട്ടുടമയാണ് സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഏതായാലും പൂച്ച ഒരു പോരാളിയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.