റാമ്പിൽ മാർജാരത്തിയുടെ ക്യാറ്റ്വാക്ക്; മൂത്രമൊഴിച്ച് പ്രതിഷേധവും
Sunday, May 5, 2019 6:46 PM IST
ഫാഷൻ റാമ്പിൽ സുന്ദരിമാരുടെ നടത്തത്തെയാണ് ക്യാറ്റ്വാക്ക് എന്നുപറയുന്നത്. ഈ ക്യാറ്റ്വാക്ക് സാക്ഷാൽ പൂച്ചയ്ക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ? പൂച്ചനടത്തം എങ്ങനെയെന്നു പഠിപ്പിക്കുക തന്നെ. പഠിപ്പിക്കുക മാത്രമല്ല, പ്രതിഷേധ സൂചകമായി റാമ്പിൽ മൂത്രം ഒഴിച്ചിട്ടുകൂടിയാണ് ഈ മാർജാര സുന്ദരി കളംവിട്ടത്. സംഭവം മൊറോക്കയിലെ ചുവപ്പു നഗരമായ മരാക്കാസിലായിരുന്നു സംഭവം.
ഫാഷൻ ഷോയുടെ ഭാഗമായി മോഡലുകൾ ഒന്നിച്ച് റാമ്പിലൂടെ നടന്നുനീങ്ങുമ്പോഴാണ് ശരിക്കും പൂച്ചനടത്തയുമായി മാർജാര സുന്ദരി പ്രത്യക്ഷപ്പെട്ടത്. മോഡലുകൾ ഒന്നിനു പിന്നാലെ ഒന്നായി നടന്നു നീങ്ങുമ്പോൾ അവരുടെ അരികിലൂടെ പൂച്ച സുന്ദരി കുലുങ്ങിക്കുലുങ്ങി നടന്നു. ഒന്നൊഴിയാതെ എല്ലാവരും നടന്നുമാറിയപ്പോൾ നമ്മുടെ സുന്ദരിപ്പൂച്ച മറുവശത്തേക്ക് കടന്നു.
കാണികളുടെ അരികിലെത്തി വാൽ പൊന്തിച്ച് മൂത്രമൊഴിച്ച ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ നടന്നു നീങ്ങി. ഇതോടെ മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഫാഷൻ ഷോയ്ക്കെത്തിയ മോഡലുകളിൽനിന്ന് ആളുകളുടെ ശ്രദ്ധയെല്ലാം ഈ മാർജാരത്തി കവർന്നെടുത്തു.