കോവിഡ് 19; ഓണ്‍ലൈൻ വ്യാപാരം ഇരട്ടിയായി
Wednesday, March 11, 2020 12:31 PM IST
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടർക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈൻ കച്ചവടക്കാർ. ഗൾഫിൽ ഷോപ്പുകളിലും റസ്റ്ററന്റുകളിലുമൊക്കെ പോകുന്നത് ആളുകൾ ഒഴിവാക്കിയതിനാൽ ഓണ്‍ലൈൻ ഓർഡറുകൾ വൻതോതിൽ കൂടിയിരിക്കുകയാണ്.
റസ്റ്ററന്റുകളിലടക്കം ഓണ്‍ലൈൻ കച്ചവടം കൂടി. അവധി ദിവസങ്ങളിലും കടകളിൽ എത്താൻ പലരും മടിക്കുന്നതായി കച്ചവടക്കാർ പറയുന്നു. വിവിധ ഉൽപന്നങ്ങളുടെ വിൽപന കുറഞ്ഞത് കന്പനികൾക്കു തിരിച്ചടിയായിട്ടുണ്ട്.
ഇവന്റ്സ് കന്പനികൾക്കും റീട്ടെയ്ൽ, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കുമാണ് പ്രധാന തിരിച്ചടി. പൊതുപരിപാടികളിൽനിന്ന് ആളുകൾ വിട്ടുനിൽക്കുന്നതാണ് ഇവന്റ്സ് സംഘാടകരെ ബാധിച്ചത്. പ്രദർശന മേളകളും മറ്റും നിർത്തിവയ്ക്കാൻ പല രാജ്യങ്ങളും നിർദേശം നൽകിയിട്ടുണ്ട്.
ചൈനയിലെ പല ഫാക്ടറികളും പൂട്ടിയതിനാൽ അവിടെനിന്നുള്ള ഉൽപന്നങ്ങൾ വരുന്നില്ല. ചൈനീസ് ഉൽപന്നങ്ങളോട് പൊതുജനങ്ങൾ മുഖംതിരിക്കുന്നതും കന്പനികളുടെ ഇടപാടുകളെ കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ട്. മറ്റു മാർഗങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് പല കന്പനികളും ആലോചിച്ചുവരുകയാണെന്നു ഗൾഫ് ടാലന്റ് സർവേ പറയുന്നു.