അയ്യോ അച്ഛാ പോകല്ലേ..! ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിക്കറക്കം; മകന്റെ പരാതിയില്‍ അച്ഛനെതിരേ കേസ്
Friday, April 3, 2020 8:37 PM IST
കോവിഡ് പറന്നു നടക്കുന്നു, പുറത്തിറങ്ങിയാല്‍ പോലീസും വൈറസും പിടിക്കുമെന്ന് പറഞ്ഞാല്‍ വീരേന്ദറിന് പുല്ലുവിലയാണ്. ഗത്യന്തരമില്ലാതെ മകന് അഭിഷേക് പോലീസിനെ വിളിച്ചതോടെ ആറു മാസം തടവിനും ആയിരം രൂപ പിഴയ്ക്കുമുള്ള കേസ് സ്വന്തമാക്കി ഒതുങ്ങിയിരിക്കുകയാണ് തെക്കന്‍ ഡല്‍ഹിയിലെ വീരേന്ദര്‍ സിംഗ്. കേസ് ഇനി കോടതിയിലെത്തി വിചാരണ നപടികള്‍ കഴിഞ്ഞാലറിയാം ആറുമാസം അകത്തു കിടക്കണോ വീട്ടിലിരിക്കണോ എന്ന കാര്യം.
ഡല്‍ഹിയിലാണ് സംഭവം. 59കാരനായ അച്ഛന് വീരേന്ദര്‍ സിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരന്തരം പുറത്ത് ചുറ്റി നടക്കുകയാണെന്നാണ് മകന് അഭിഷേകിന്റെ പരാതി. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാന്‍ പറഞ്ഞിട്ടു കേള്‍ക്കാതെ അച്ഛന് പതിവായി രാവിലെ തന്നെ ചുറ്റിയടിക്കാന്‍ വീട് വിട്ടിറങ്ങും എന്നാണ് അഭിഷേകിന്റെ പരാതി. ഏപ്രില്‍ ഒന്നാം തീയതിയാണ് അഭിഷേക് അച്ഛന്റെ ലോക്ക് ഡൗണ്‍ ലംഘനത്തെക്കുറിച്ചു പോലീസില്‍ പരാതി നല്‍കിയത്.
പരാതി കിട്ടിയതിന് തൊട്ടുപിന്നാലെ തന്നെ വസന്ത്കുഞ്ജ് സ്റ്റേഷനില്‍ നിന്ന് രണ്ടു പോലീസുകാര്‍ രജോക്രിയിലുള്ള ഇവരുടെ വീട്ടിലേക്ക് തിരിച്ചു. തിരക്കി ചെന്നപ്പോള്‍ വീടിന് പുറത്ത് തര്‍ക്കിച്ച് നില്ക്കുന്ന അച്ഛനെയും മകനെയുമാണ് കണ്ടത്. പോലീസുകാരുടെ സാന്നിധ്യത്തില്‍ വീട്ടില്‍ ഒതുങ്ങി ഇരിക്കാമോ എന്ന് ഒരിക്കല്‍ കൂടി അഭിഷേക് അച്ഛനോട് ചോദിച്ചു. എന്നാല്‍, വീരേന്ദര്‍ അതൊന്നും കൂട്ടാക്കിയില്ല.
ഒടുവില്‍ ഈ കോവിഡ് കാലത്ത് വീട്ടിലിരുന്നേ മതിയാകൂ എന്ന് പോലീസുകാരും വീരേന്ദറോട് അഭ്യര്‍ഥിച്ചു. പുറത്തിറങ്ങി നടക്കുന്നത് അദ്ദേഹത്തിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ കുഴപ്പമുണ്ടാക്കുമെന്ന് പറഞ്ഞു മനസിലാക്കാനും ശ്രമിച്ചു. എന്നാല്‍, പോലീസുകാരുടെ വിരട്ടലൊന്നും വീരേന്ദര്‍ കണക്കിലെടുത്തില്ല. അതോടെ അഭിഷേകിന്റെ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെ പോലീസ് തീരുമാനിച്ചു. അച്ഛനെതിരേയുള്ള മകന്റെ മൊഴിയുമെടുത്തു.
തന്റെ അച്ഛന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കുന്നില്ല. ആരു പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതെ അദ്ദേഹം നിരന്തരം പുറത്തിറങ്ങി ചുറ്റി നടക്കുകയാണെന്നും അഭിഷേക് മൊഴി നല്കി. അച്ഛനെതിരേ നിയമനടപടി എടുക്കണമെന്നു കൂടി അഭിഷേക് ആവശ്യപ്പെട്ടു.
ഈ മൊഴി അപ്പാടെ എഫ്ഐആറില്‍ ചേര്‍ത്ത പോലീസ് വീരേന്ദറിനെതിരേ ഐപിസി 188ാം വകുപ്പ് ചുമത്തി കേസെടുത്തു. ആയിരം രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങി നടന്നവര്ക്കെതിരേ ഇതുള്‍പ്പടെ 33 കേസുകളാണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21ഉും ദ്വാരകയില്‍ നിന്നാണ്. എട്ട് കേസുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ നിന്നും രണ്ട് കേസുകള്‍ വീതം വടക്കന്‍ ഡല്‍ഹി, വടക്ക് കിഴക്കന്‍ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി എന്നിവിടങ്ങളിലാണ്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വകുപ്പുകള്‍ അനുസരിച്ചും ഐപിസി 188ാം വകുപ്പു പ്രകാരവും കേസെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
സെബി മാത്യു