ഈജിപ്തിലെ "കുട്ടി'മമ്മിയെ സ്കാൻ ചെയ്ത ഗവേഷകർ ഞെട്ടി
Monday, July 20, 2020 5:07 PM IST
ഈജിപ്ത്തിലെ പിരമിഡുകളും അതിനുള്ളിനെ മമ്മികളെക്കുറിച്ചും എത്രയെത്ര കഥകളാണ് നാ കേട്ടിട്ടുള്ളത്. ആ കഥകൾ ചിലരുടെയെങ്കിലും ഉറക്കവും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ഇപ്പോൾ പുറത്തുവരുന്നതും അത്തരത്തിലുള്ള ഒരു സംഭവവമാണ്.
ഇസ്രയേൽ ഗവേഷകരാണ് ഒരു മമ്മിയുടെ രഹസ്യം പുറത്തുവിട്ടിരിക്കുന്നത്. ഈ മമ്മിയെ വർഷങ്ങൾക്ക് മുന്‍പ് ഈജിപ്ത്തിൽ നിന്ന് ഇസ്രയേലിൽ എത്തിച്ചതാണ്. ഒരു കുട്ടി മമ്മിയെന്നാണ് ഗവേഷകർ ഇത്രയും വർഷം ഇതിനെ കണ്ടിരുന്നത്. കാരണം ആ മമ്മിക്ക് ഒരു കുട്ടിയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.

ഇസ്രയേലിലെ നാഷനല്‍ മാരിടൈം മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ആ കുട്ടി മമ്മി. എന്നാൽ ഹൈഫയിലെ ഒരു ആശുപത്രിയിൽ ഗവേഷകര്‍ നടത്തിയ സിടി സ്കാനിംഗിൽ ഈ മമ്മി മനുഷ്യന് പോലുമല്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മണലും ചെളിയും ബാര്‍ലിപ്പൊടിയും കുഴച്ച് നിർമിച്ച ഒരു മനുഷ്യ രൂപമാണത്രേ അത്.
മരണത്തിന്റെ ദേവനായ ഒസിരിസിനെ പ്രതീകാത്മകമായി നിര്‍മിച്ചതാണ് ഇതെന്നാണ് ഹൈഫയിലെ മ്യൂസിയം രജിസ്ട്രാർ റോൺ ഹില്ലേൽ പറയുന്നത്. ധാന്യത്തില്‍നിന്ന് നിര്‍മിക്കുന്നതിനാല്‍ ഇവയ്ക്ക് കോണ്‍ മമ്മി എന്നും ഗ്രെയ്ന്‍ മമ്മി എന്നും പേരുണ്ടെന്നും ഇദേഹം പറയുന്നു.

പുരാതന ഈജിപ്തില്‍ പാതാളത്തിന്റെയും മരണത്തിന്റെയും ദൈവമായിരുന്നു ഒസിരിസ്. മറ്റൊരു മമ്മിയിലും സമാനമായ നിരീക്ഷണം നടത്തി, അതൊരു ഫാല്‍ക്കന്‍ പക്ഷിയുടേതാണെന്നു കണ്ടെത്തുകയും ചെയ്തു. ഹോറസ് ദേവന്റെ പ്രതീരൂപമായിട്ടാണ് ഇതിനെ നിർമിച്ചതെന്നാണ് ഗവേഷകർ കരുതുന്നത്. അധികാരത്തിന്റെയും ആകാശത്തിന്റെയും ദേവനാണ് ഹോറസ്.
ഏകദേശം 2000-3000 വര്‍ഷം പഴക്കമുള്ളതാണ് രണ്ടു മമ്മികളും. പക്ഷേ ഇവ എവിടെനിന്നു വന്നതാണെന്നതിന്റെ രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. സാധാരണ സിടി സ്കാനില്നിന്നു മാറി ഡ്യുവല്‍ എനര്‍ജി സിടി സ്കാന്‍ എന്ന സാങ്കേതികതയിലൂടെയായിരുന്നു രണ്ടു മമ്മികളുടെയും രഹസ്യം ഗവേഷകര്‍ കണ്ടെത്തിയത്.
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ മമ്മികളെ കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.