ആമ ആയുസ് കൂടുതലുള്ള ജീവിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഉടമയുമായി വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്കായി 30 വര്‍ഷം കാത്തിരുന്ന മാനുവേല എന്ന ആമയുടെ കഥ കൗതുകംതന്നെയാണ്.

നതാലെയ് ഡി അല്‍മെഡിയ എന്നയാളുടെ മാതാവ് വളര്‍ത്തിയിരുന്ന ആമയായിരുന്നു മാനുവേല. എന്നാല്‍ 1982ല്‍ ഈ ആമയെ കാണാതാവുകയായിരുന്നു. അന്ന് വീട്ടില്‍ നടന്ന ഇലക്ട്രിക്കല്‍ പണികള്‍ക്കിടയിലായിരുന്നു ആമയുടെ ഈ കാണാതാകല്‍.

തന്‍റെ എട്ടാം വയസില്‍ കാണാതായ മാനുവേലിനെ കുറിച്ച് നതാലെയോട് അമ്മ പലപ്പോഴായി പറഞ്ഞിരുന്നു. ആമ ചത്തു പോയിരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ നതാലെയുടെ പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് വീട് വൃത്തിയാക്കുന്നതിനിടയില്‍ മച്ചിന്‍പുറത്ത് നിന്നും മാനുവേലയെ കണ്ടെത്തി. മാനുവേല അവിടെത്തന്നെ ഉണ്ടായിരുന്നു എന്നത് എല്ലാവരേയും ഞെട്ടിച്ചു.


പഴയൊരു സ്പീക്കര്‍ ബോക്സില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മാനുവേല. 30 വര്‍ഷത്തോളമാണ് ഈ ആമ ഇങ്ങനെ കിടന്നത്. ചിതലിനെ ഭക്ഷിച്ചായിരിക്കാം ആമ ജീവിച്ചിരുന്നതെന്നാണ് നതാലെയ് കരുതുന്നത്.

2013ലാണ് ഇത്തരത്തില്‍ മാനുവേലയെ കണ്ടെത്തിയത്. ഏതായാലും പത്തുവര്‍ഷങ്ങള്‍ക്കിപ്പുറവും ആമ സുഖമായിട്ടിരിക്കുന്നു. മാനുവേല എന്ന പേര്‍ മാനുവേല്‍ എന്നാക്കി എന്നൊരു മാറ്റം മാത്രമാണ് ആകെ സംഭവിച്ചിട്ടുള്ളത്.