തെലുങ്കാന പോലീസിന് മാലയിട്ടും മധുരം നൽകിയും ആഹ്ലാദപ്രകടനം
Friday, December 6, 2019 12:23 PM IST
തെലുങ്കാനയിൽ യുവവനിതാ ഡോക്ടറെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യമെങ്ങും ചർച്ചാവിഷയമാണ്. നിയമം കൈയിലെടുക്കാൻ പോലീസിന് അധികാരമില്ലെന്നിരിക്കേ, അർഹിച്ച ശിക്ഷയാണ് പ്രതികൾക്ക് പോലീസ് നൽകിയതെന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിനു തെളിവാണ് തെലുങ്കാനയിൽ നിന്നുള്ള ഏതാനും വീഡിയോ ദൃശ്യങ്ങൾ.
വാർത്ത പുറത്തുവന്നതിനു പിന്നലെ ആളുകൾ തെലുങ്കാന പോലീസ് ഉദ്യോഗസ്ഥരെ തോളിലേറ്റുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോയിൽ. ആഹ്ലാദ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
പെണ്‍കുട്ടിയെ ചുട്ടുകൊന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന വിശദീകരണം.
സ്ത്രീപുരുഷ ഭേദമന്യേ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. പ്രതികളെ നിയമത്തിന്റെ രീതിയിൽ വേണമായിരുന്നു ശിക്ഷനൽകേണ്ടിയിരുന്നുവെന്നും അഭിപ്രായമുയരുന്നുണ്ട്.