ചരിത്രമെഴുതി സൗദിയിൽ വനിതാ ക്രിക്കറ്റ് മത്സരം
Wednesday, March 11, 2020 12:24 PM IST
സൗദിയിലാദ്യമായി നടന്ന വനിതാ ക്രിക്കറ്റ് മത്സരം ശ്രദ്ധേയമായി. അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ 20ാം വാർഷികാഘോഷ ഭാഗമായി നടത്തിയ മത്സരത്തിൽ സൗദി അറേബ്യ, ഇന്ത്യ, പാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സുഡാൻ, ഈജിപ്ത് തുടങ്ങിയ എട്ടു രാജ്യങ്ങളിൽനിന്നുള്ള വനിതാ താരങ്ങൾ രണ്ടു ടീമുകളിലായി പങ്കെടുത്തു.
അന്തർ ദേശിയ ക്രിക്കറ്റ് നിയമങ്ങൾ പാലിച്ച്, പ്രഫഷനൽ അന്പയർമാർ നിയന്ത്രിച്ച പത്ത് ഓവർ മത്സരം താരങ്ങൾക്കും കാണികൾക്കും ആവേശമായി. അബീർ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് മത്സരത്തിൽ പങ്കെടുത്ത താരങ്ങളെയും വിജയികളെയും അഭിനന്ദിച്ചു.
സൗദിയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന മുഖ്യാതിഥിയായിരുന്നു, സൗദി അറേബ്യയുടെ കായിക ചരിത്രത്തിലെ പുതിയൊരു അധ്യായമായി ഇത് മാറുമെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.
പ്രഫഷണൽ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കായിക താരങ്ങളോട് അഭ്യർഥിക്കുകയും ഇത്തരത്തിലുള്ള കൂടുതൽ മത്സരങ്ങൾ നടത്തുന്നതിന് ജനറൽ സ്പോർട്സ് അതോറിറ്റിയോടും വിനോദ മന്ത്രാലയത്തിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് ക്രിക്കറ്റ് പുതിയൊരു അനുഭവമായിരുന്നു. ടിവിയിലും ഇന്റർനെറ്റിലും കളി കണ്ടാണ് അതിൽ പലരും കളി നിയമങ്ങൾ പഠിച്ചത്. കഴിഞ്ഞ രണ്ട് മാസമായി നിരന്തര പരിശീലനത്തിലുമായിരുന്നു.