"ഞാൻ മുഴുവൻ ഇന്ത്യയുടെയും പ്രതിനിധി': ആക്ഷേപങ്ങൾക്ക് മറുപടിയുമായി നുസ്രത്ത് ജഹാൻ എംപി
Sunday, June 30, 2019 12:14 PM IST
പാർലമെന്റിൽ സിന്ദൂരവും വളകളും അണിഞ്ഞ് പ്രത്യക്ഷപ്പെട്ടതിനെതിരായ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി തൃണമൂല്‍ ലോക്സഭാംഗം നുസ്രത്ത് ജഹാൻ. താൻ മുഴുവൻ ഇന്ത്യയുടേയും പ്രതിനിധിയാണെന്ന് അവർ പറഞ്ഞു. ജാതി, മതം, വിശ്വാസം എന്നിവയ്ക്കതീതമായ മുഴുവൻ ഇന്ത്യയെയുമാണ് താൻ പ്രതിനിധികരിക്കുന്നതെന്ന് അവർ പറഞ്ഞു.
താൻ ഇപ്പോഴും മുസ്ലിമായാണ് തുടരുന്നത്. എന്നാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നു. താൻ ഇപ്പോഴും മുസ്ലിമാണ്. എന്നാൽ ആരും താൻ എന്ത് ധരിക്കണമെന്ന് ഉപദേശിക്കേണ്ടതില്ല. വിശ്വാസം വസ്ത്രധാരണത്തിന് അതീതമാണ്. എല്ലാ മതങ്ങളുടെയും വിലമതിക്കാനാവാത്ത ഉപദേശങ്ങൾ സ്വീകരിക്കുകയും പ്രയോഗിക്കുകയും വേണം- അവർ ട്വിറ്ററിൽ പറഞ്ഞു.
പാർലമെന്റിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നുസ്രത്ത് ധരിച്ച വേഷം സംബന്ധിച്ചാണ് വിമർശനം ഉയർന്നത്. മുസ്ലിം യാഥാസ്ഥിതിക പണ്ഡിതൻമാർ ഇവർക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. ഏതെങ്കിലും മതത്തിലെ യാഥാസ്ഥിതികരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നത് വെറുപ്പും അക്രമവും വളർത്തുമെന്ന് നുസ്രത്ത് പറഞ്ഞു. ചരിത്രം അതിനു സാക്ഷ്യം പറയുമെന്നും സിനിമാതാരം കൂടിയായ അവർ കൂട്ടിച്ചേർത്തു.
ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയാണ് നുസ്രത്ത്. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു എംപിയുടെ വിവാഹം. പ്രമുഖ വ്യവസായിയായ നിഖില്‍ ജെയിനാണ് നുസ്രത്ത് ജഹാനെ താലിചാര്‍ത്തിയത്. ജൂണ്‍ 19-ന് തുര്‍ക്കിയിലായിരുന്നു വിവാഹചടങ്ങുകള്‍.
നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രവര്‍ത്തിക്കും നേരത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം മിമി ചക്രവര്‍ത്തിയും എംപിയായി സത്യപ്രതിജ്ഞ ചെയ്തു.