തത്തയെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചൊരു കുടുംബം
Thursday, July 21, 2022 3:13 PM IST
കാണാതായ തങ്ങളുടെ തത്തയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യപിച്ചിരിക്കുകയാണ് കര്‍ണാടകയിലുള്ള ഒരു കുടുംബം.
കര്‍ണാടകയിലെ തുമകുരുവിലെ ജയാ നഗറിലുള്ള അര്‍ജുനന്റെ കുടുംബമാണ് ഇത്തരത്തിലൊരു പരസ്യം നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തിലുള്ള തത്തകളിലൊന്നിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്.
റിയോ, റുസ്തം എന്നിങ്ങനെ പേരിട്ടിരിക്കുന്ന തത്തകള്‍ വീട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. റുസ്തമിനെയാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്. മൂന്നു ദിവസം കാത്തിരുന്നിട്ടും തത്ത തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം പരസ്യമിറക്കിയത്.
തുമകുരു പട്ടണത്തിലുടനീളം ഇത്തരത്തില്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ജനങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞ സ്ഥിതിക്ക് തത്തയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബമിപ്പോള്‍.